ആര്‍ ടി എ കൂടുതല്‍ സ്മാര്‍ടാകുന്നു, പൊതുഗതാഗത ചാര്‍ജ് അടക്കാന്‍ നോള്‍ വാച്ച് വരുന്നു

Posted on: October 20, 2015 8:33 pm | Last updated: October 20, 2015 at 8:33 pm
SHARE

Nol Watchദുബൈ: നോള്‍ കാര്‍ഡിന്റെ ഉപയോഗങ്ങളെല്ലാം നടക്കുന്ന നോള്‍ വാച്ച് അടുത്തുതന്നെ രംഗത്തിറക്കുമെന്ന് ആര്‍ ടി എ. കൂടുതല്‍ സ്മാര്‍ടാകുന്നതിന്റെ ഭാഗമായാണ് നോള്‍വാച്ച് രംഗത്തിറക്കുന്നതെന്ന് ആര്‍ ടി എ വൃത്തങ്ങള്‍ അറിയിച്ചു.
ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിനിടെയാണ് പുതിയ കാല്‍വെപ്പിനെ കുറിച്ച് അധികൃതര്‍ വെളിപ്പെടുത്തിയത്. മെട്രോ, ട്രാം, ദുബൈ ബസ്, അബ്ര തുടങ്ങിയ സര്‍വീസുകള്‍ക്ക് നിലവില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന നോള്‍കാര്‍ഡിന്റെ ഉപയോഗം നടക്കുന്ന റിസ്റ്റ് വാച്ചാണ് രംഗത്തിറക്കുകയെന്ന് ആര്‍ ടി എ ഓട്ടോമാറ്റിക് പേമെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ഖാലിദ് അല്‍ അവദി വ്യക്തമാക്കി.
പൊതുഗതാഗത വാഹനത്തില്‍ കയറുമ്പോള്‍ നോള്‍കാര്‍ഡ് പഞ്ച് ചെയ്യേണ്ട സ്ഥലത്ത് കൈയില്‍ കെട്ടിയ വാച്ച് കാണിക്കുന്നതോടെ വ്യക്തി ഇന്‍ ആകുന്നു. ഇറങ്ങുമ്പോള്‍ സൈന്‍ ഔട്ട് ചെയ്യുന്നതും ഇങ്ങനെതന്നെ. നോള്‍കാര്‍ഡിന്റെ എല്ലാ ഉപയോഗങ്ങളും നടക്കുമെങ്കിലും ആദ്യഘട്ടം പാര്‍ക്കിംഗ് ഫീസ് അടക്കാന്‍ നോള്‍ വാച്ച് ഉപയോഗപ്പെടുകയില്ല. പാര്‍ക്കിംഗ് പേയ്‌മെന്റ് മെഷീനില്‍ നോള്‍കാര്‍ഡ് കടത്തിയാണ് ഫീസ് അടക്കുന്നതെന്നതിനാല്‍ നോള്‍വാച്ച് തുടക്കത്തില്‍ ഇക്കാര്യത്തില്‍ ഉപയുക്തമാവില്ല. ആവശ്യമായ പരിഷ്‌കരണങ്ങള്‍ പെയ്‌മെന്റ്‌മെഷീനില്‍ സാങ്കേതികമായി വരുത്തിയ ശേഷം രണ്ടാംഘട്ടമാകും ഇത് സാധ്യമാക്കുകയെന്ന് അല്‍ അവദി ചൂണ്ടിക്കാട്ടി.
നോള്‍ വാച്ച് പദ്ധതി വിശദീകരിച്ച ആര്‍ ടി എ അധികൃതര്‍ ഇത് എപ്പോള്‍ നിലവില്‍ വരുമെന്ന് വ്യക്തമാക്കിയില്ല. ജൈറ്റക്‌സ് വാരത്തില്‍ സന്ദര്‍ശകര്‍ക്കുമുമ്പില്‍ നോള്‍ വാച്ച് പദ്ധതി അവതരിപ്പിക്കുകയും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുമെന്നും അല്‍ അവദി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here