തദ്ദേശ തിരഞ്ഞെടുപ്പ് അക്രമരാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരായ വിധിയെഴുത്താവും: ചെന്നിത്തല

Posted on: October 20, 2015 10:40 am | Last updated: October 20, 2015 at 10:40 am

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും ബി ജെ പിയുടെ വര്‍ഗീയതക്കുമെതിരായ വിധിയെഴുത്താവുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ആക്രമണം ആഭരണമാക്കി മാറ്റിയിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന കുറ്റവാളികളെ സ്ഥാനാര്‍ത്ഥികളാക്കിയത് മൂലം അക്രമരാഷ്ട്രീയത്തെ ന്യായീകരിക്കുകയാണെന്ന് സി പി എം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അത് ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. സി പി എമ്മില്‍ കുറ്റവാളികളാണ് കൂടുതലെന്ന് അവര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എങ്ങനെ വോട്ടുചെയ്യാനാവുമെന്നും ചെന്നിത്തല ചോദിച്ചു. വടക്കേ ഇന്ത്യയിലും മറ്റും ജയിലില്‍ കഴിയുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പതിവാണ്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവം ആദ്യമാണ്. അക്രമരാഷ്ട്രീയത്തിനൊപ്പം ഇത് വര്‍ഗീതയക്കെതിരെയുള്ള വിധിയെഴുത്ത് കൂടിയാണ്. ബി ജെ പി, സംഘപരിവാര്‍, ആര്‍ എസ് എസ് കൂട്ടുകെട്ട് വടക്കേ ഇന്ത്യയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട വര്‍ഗീയ ധ്രുവീകരണം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണ്. അതിനെതിരെ പോരാടുകയെന്നതാണ് യു ഡി എഫിന്റെ ലക്ഷ്യം. ജാതീയതയും വര്‍ഗീയതയുമായി ബി ജെ പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകുമെന്ന് പറയുന്ന മൂന്നാംമുന്നണി ഒരു ദിവാസ്വപ്‌നം മാത്രമാണ്. കേരളത്തില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി വര്‍ഗീയധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
വരാന്‍പോകുന്ന ഭരണത്തുടര്‍ച്ചക്ക് വഴി തെളിക്കുന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ്. കേരളത്തില്‍ യു ഡി എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. അച്യുതാനന്ദന്റെ ഭരണത്തിന് ശേഷം ഒരു തിരഞ്ഞെടുപ്പിലും കേരളത്തില്‍ എല്‍ ഡി എഫിന് വിജയിക്കാനായിട്ടില്ല. ഏറ്റവും ഒടുവില്‍ നടന്ന അരുവിക്കരയിലും യു ഡി എഫിന് അനുകൂലമായാണ് ജനങ്ങള്‍ വിധിയെഴുതിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയെന്നതാണ് യു ഡി എഫിന്റെ ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കും, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. 22 വര്‍ഷത്തിനിടയില്‍ പഞ്ചായത്തീരാജ് ഏറ്റവും നന്നായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഗ്രാമസഭകളില്‍ നിന്ന് അയല്‍സഭകളിലേക്കും ജനസേവാസഭകളിലേക്കും കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തവണ 70 ശതമാനം വിജയമാണ് യു ഡി എഫ് നേടിയത്. അത് നിലനിര്‍ത്താനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിമതശല്യം കുറവാണ്. പത്രികപിന്‍വലിച്ചതിന് ശേഷമുള്ള വിമതരില്‍ ഭൂരിഭാഗവും മത്സരരംഗത്ത് നിന്ന് പിന്‍മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ വോട്ടുചെയ്യുന്നത് വ്യക്തികള്‍ക്കല്ല, മറിച്ച് മുന്നണിക്കാണ്. വയനാട്ടില്‍ യു ഡി എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. എല്ലാ സീറ്റുകളിലും വിജയിക്കാമെന്ന ആത്മവിശ്വാസമാണുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ എല്‍ പൗലോസ്, എം ഐ ഷാനവാസ് എം പി, കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍, പി വി ബാലചന്ദ്രന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി പി ആലി, പി ടി ഗോപാലക്കുറുപ്പ്, എ പി ശ്രീകുമാര്‍, ബിനുതോമസ്, ഗിരീഷ് കല്‍പ്പറ്റ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.