സ്ഥാനാര്‍ഥികള്‍ പ്രചാരണച്ചൂടിലേക്ക്

Posted on: October 19, 2015 9:49 am | Last updated: October 19, 2015 at 9:49 am
SHARE

മലപ്പുറം: തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രചാരണച്ചൂടിലേക്ക് കടന്നു. പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നവരില്‍ ഭൂരിഭാഗവും ഇതിനകം തന്നെ സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തി വോട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിപ്പട്ടം ഉറപ്പായവര്‍ ഒരു മുഴം മുമ്പെ രഹസ്യപ്രചാരണം തുടങ്ങിയിരുന്നെങ്കിലും ഇന്നലെ മുതല്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിലേക്ക് നീങ്ങി. ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം പരമാവധി വോട്ടാക്കി മാറ്റാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. വിമത ഭീഷണിയുള്ളിടത്ത് ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളും പാര്‍ട്ടികള്‍ മെനയുന്നുണ്ട്.
എതിര്‍ പാര്‍ട്ടിയേക്കാള്‍ യു ഡി എഫിന് ചിലയിടത്ത് ഭീഷണിയാകുന്നത് വിമതന്‍മാര്‍ തന്നെയാണ്. പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ടിട്ടും മെരുങ്ങാത്തവരെ ഏത് തന്ത്രത്തിലൂടെ കീഴ്‌പ്പെടുത്തുമെന്നതാണ് ഔദ്യോഗിക സ്ഥാനാര്‍ഥികളെ കുഴപ്പിക്കുന്നത്.
പതിനാല് ദിവസം മാത്രം ശേഷിക്കെ തെരുവുകളില്‍ വോട്ടഭ്യര്‍ഥിച്ച് കൊണ്ടുള്ള സ്ഥാനാര്‍ഥികളുടെ ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. റോഡുകളും ചുമരുകളുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുങ്ങിയിരിക്കുകയാണ്.
ദിവസങ്ങള്‍ കുറവായതിനാല്‍ വാര്‍ഡുകളിലെ മുഴുവന്‍ വീടുകളിലും ഒന്നില്‍ കൂടുതല്‍ തവണ കയറിയിറങ്ങി വോട്ടഭ്യര്‍ഥിക്കുക എന്നത് ശ്രമകരമാണ്. ശബ്ദ പ്രചാരണത്തിലേക്ക് കടന്നിട്ടില്ലെങ്കിലും എവിടെയും ചര്‍ച്ച തിരഞ്ഞെടുപ്പ് മാത്രമായി മാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here