തൊണ്ടര്‍നാട് ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക തള്ളി

Posted on: October 16, 2015 9:48 am | Last updated: October 16, 2015 at 9:48 am
SHARE

കല്‍പ്പറ്റ: തൊണ്ടര്‍നാട് ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളി.
ഇനി യു ഡി എഫിനെ നേരിടാന്‍ ബി ജെ പി മാത്രം. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പെട്ടതാണ് തൊണ്ടര്‍നാട് ഡിവിഷന്‍. എല്‍ ഡ .എഫിലെ ഘടകക്ഷിയായ സി പി ഐക്ക് അനുവദിച്ച തൊണ്ടര്‍നാട് ഡിവിഷനില്‍ നല്‍കിയ രണ്ടുപത്രികകളും വരണാധികാരി തള്ളി. നീലോം ചോലയില്‍ കോളനിയിലെ കല്യാണി, നീലോം കോളനിയിലെ ശാന്ത എന്നിവരുടെ നാമനിര്‍ദ്ദേശപത്രികകളാണ് തള്ളിയത്. യു.ഡി.എഫ് മുസ്‌ലിം ലീഗിലെ നിരവില്‍പ്പുഴ ചേലാറ്റില്‍ കോളനിയിലെ പി.ആര്‍ പ്രീതയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ നാലോ ചോലയില്‍ കോളനിയിലെ ചന്ദ്രികയും തമ്മിലാണ് ഇവിടെ നേരിട്ടുള്ള മത്സരം നടക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കല്യാണി കഴിഞ്ഞ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലേക്ക് കരിമ്പില്‍ വാര്‍ഡില്‍ നിന്നും മത്സരിച്ച് തോറ്റിരുന്നു. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായി രേഖകള്‍ നല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് നിലവിലിരിക്കേയാണ് ഇവര്‍ എല്‍ ഡി എഫിന് വേണ്ടി പത്രിക നല്‍കിയത്. ഇതേ തുടര്‍ന്നാണ് കല്യാണിയുടെ പത്രിക തള്ളിയത്. എല്‍ ഡി എഫിലെ തന്നെ മറ്റൊരു സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശാന്തയുടെ നാമിനിര്‍ദ്ദേശപത്രികയില്‍ തൊണ്ടര്‍നാട് ഡിവിശനു പുറത്തെ വ്യക്തിയാണ് പിന്താങ്ങിയത്. ഇതാണ് ശാന്തയുടെ പത്രിക തള്ളാന്‍ കാരണം.അതെ സമയം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തൊണ്ടര്‍നാട് പട്ടികവര്‍ഗ സ്ത്രീ സംവരണ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കല്യാണിയുടെ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കും. 2010ലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാത്തിന്റെ പേരിലുള്ള അയോഗ്യത ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തില്‍ മല്‍സരിക്കുന്നതിന് മാത്രമായുള്ള അയോഗ്യത ബ്ലോക്ക് പഞ്ചായത്തില്‍ ബാധകമല്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിയായി കല്യാണി ബാലന്‍ നാമനിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ നിയമപരമായ വസ്തുത മറികടന്ന് റിട്ടേണിംഗ് ഓഫീസര്‍ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും സി പി ഐ ജില്ലാ കൗണ്‍സില്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here