കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

Posted on: October 11, 2015 5:15 pm | Last updated: October 11, 2015 at 11:33 pm
SHARE

ind vs saകാണ്‍പൂര്‍: കളിമാറി, കാണികളും മാറി, പക്ഷേ ഫലം മാറിയില്ല. അവസാന പന്തുവരെ ആവേശം നിറഞ്ഞ ആദ്യ ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ അഞ്ച് റണ്‍സിന് തോറ്റു. ട്വന്റി20 പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യക്ക് നിറംകെട്ട തുടക്കം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മയുടെ ഉജ്ജ്വല സെഞ്ചറിയിലൂടെ (150) നിര്‍ഭയം പിന്തുടര്‍ന്ന ഇന്ത്യഅവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പടിക്കല്‍ കലമുടക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കാനേ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. 24 പന്തില്‍ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ 35 റണ്‍സ്, പതിനെട്ട് പന്തില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ 31 റണ്‍സ് എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യങ്ങള്‍. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആ ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടിയ റബാദ മത്സരം ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്ന് റാഞ്ചി. സെഞ്ച്വറി പ്രകടനത്തിലൂടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ച ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 304 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. എട്ടാം ഓവറില്‍ സ്‌കോര്‍ 42ല്‍ നില്‍ക്കെ 28 പന്തില്‍ നിന്ന് 23 റണ്‍സുമായി ധവാന്‍ മടങ്ങി. മോര്‍ക്കലിന്റെ പന്തില്‍ എല്‍ ബി. വണ്‍ഡൗണായി എത്തിയ രഹാനെ മികച്ച ഫോമിലായിരുന്നു. സിംഗിളുകളും ഡബിളുകളും ഇടക്ക് കൂറ്റനടികളുമായി ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വിലപ്പെട്ട 149 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ 191ല്‍ നില്‍ക്കെ 60 റണ്‍സെടുത്ത രഹാനയിലൂടെ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. ബെഹര്‍ദീനെ ഡ്രൈവ് ചെയ്യാനുള്ള രഹാനെയുടെ ശ്രമം പിഴച്ചു. പന്ത് മില്ലറിന്റെ കൈകളില്‍ വിശ്രമിച്ചു. പിന്നീട് വിരാട് കോഹ്‌ലി ക്രീസിലെത്തി. ഇതിനിടെ രോഹിത് ശര്‍മ തന്റെ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചു. ബെഹര്‍ദീനെ അതിര്‍ത്തി കടത്തിയാണ് ശര്‍മ കരിയറിലെ എട്ടാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. 38 പന്തില്‍ പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കമായിരുന്നു രോഹിതിന്റെ വീരോചിത ശതകം. തൊട്ടുപിന്നാലെ 18 പന്തില്‍ നിന്നു 11 റണ്‍ നേടിയ കോഹ്‌ലിയെ സ്റ്റെയിനിന്റെ ബൗളിംഗില്‍ മോര്‍ക്കല്‍ പിടിച്ചു പുറത്താക്കി. 40 ഓവറില്‍ 214ന് മൂന്ന് എന്ന നിലയിലായിരുന്നു ഇന്ത്യ ആ സമയത്ത്. 60 പന്തില്‍ 90 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ ധോണി സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടത് വിനയായി. 46.1 ാം ഓവറില്‍ രോഹിത് ശര്‍മ പുറത്തായതാണ് കളിയില്‍ വഴിത്തിരിവായത്. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ കോട്ട് ആന്‍ഡ് ബൗള്‍ഡായി രോഹിത് പുറത്താകുമ്പോള്‍ നാലിന് 269 എന്ന നിലയിലായിരുന്നു ഇന്ത്യ. 133 പന്തുകളില്‍ പതിമൂന്ന് ബൗണ്ടറിയും ആറ് സിക്‌സറും പറത്തി കാണികള്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കിയാണ് രോഹിത് മടങ്ങിയത്. ഏകദിന കരിയറിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണ് രോഹിത് നേടിയത്.
എന്നാല്‍ പിന്നാലെയെത്തിയ റെയ്‌ന (മൂന്ന്) വന്നതുപോലെ മടങ്ങി. ഉത്തരവാദിത്വമില്ലാതെ പ്രകടനമായിരുന്നു റെയ്‌നയുടേത്. താഹിറിന്റെ പന്തില്‍ ഡുമിനിക്ക് ക്യാച്ച്. അവസാന ഓവറിന്റെ നാലാം പന്തില്‍ ധോണിയും (31) പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. 30 പന്തുകള്‍ നേരിട്ട ധോണി ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. തൊട്ടടുത്ത പന്തില്‍ ബിന്നിയെയും (രണ്ട്) നഷ്ടമായി. ദക്ഷിണാഫ്രിക്കായി ഇമ്രാന്‍ താഹിറും റബാദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 303 റണ്‍സെടുത്തത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ക്വിന്റണ്‍ ഡി കോക്കും (29), ഹാഷിം അംലയും (37) ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമിട്ടു. അംല പുറത്തായ ശേഷമെത്തിയ എ ബി ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറിയാണ് (104 നേട്ടൗട്ട്) ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ട്വന്റി20 മത്സരം പോലെ ബാറ്റ് വീശിയ ഡിവില്ലിയേഴ്‌സ് 73 പന്തില്‍ അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറും പറത്തി. നേരത്തെ ഫാഫ് ഡുപ്ലസിസ് (62) ഡിവില്ലിയേഴ്‌സിന് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ ബെഹാര്‍ഡിനും ഡിവില്യേഴ്‌സും ആഞ്ഞടിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ കുഴങ്ങി. ബെഹാര്‍ഡിന്‍ 19 പന്തുകളില്‍ അഞ്ച് ബൗണ്ടറിയടിച്ച് 35 റണ്‍സ് നേടി. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ഉമേഷ് യാദവും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആശ്വിന്‍ ഒരു വിക്കറ്റും നേടി.