തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയില്ലെങ്കില്‍ സ്വതന്ത്രരായി മല്‍സരിക്കും

Posted on: October 10, 2015 11:14 am | Last updated: October 10, 2015 at 11:14 am
SHARE

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും തമിഴ്ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകള്‍ അര്‍ഹമായ സ്ഥാനം നല്‍കാത്തപക്ഷം സ്വതന്ത്രരായി മല്‍സരിക്കുമെന്ന് കേരള സംസ്ഥാന തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ മുന്നണികള്‍ തയ്യാറകണം.
തമിഴ്ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസം പോലും ലഭിക്കുന്നില്ലെങ്കിലും ജനറല്‍ വിഭാഗത്തിലുള്‍പ്പെടുത്തിയതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു. തത്തമംഗലം മേട്ടുപ്പാളയം തമിഴ്ഭാഷാ ന്യൂനപക്ഷ മുതലിയാര്‍ അമ്പല പരിസരത്തെ സ്ഥലം വിട്ടുനല്‍കണം. ഇക്കാര്യമാവശ്യപ്പെട്ട് സ്ഥലം എം എല്‍ എ കെ അച്യുതനെ സമീപിച്ചെങ്കിലും അദ്ദേഹം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. മൂലത്തറ ആര്‍ ബി സി കനാല്‍ വിഷയത്തില്‍ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം പേച്ചിമുത്തു, പ്രസിഡന്റ് എം ജി നടരാജന്‍, ആര്‍ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.