യു പി: തെരുവില്‍ ദലിത് സ്ത്രീകളെ നഗ്നരാക്കി പൊലീസ് മര്‍ദിച്ചു

Posted on: October 9, 2015 2:59 pm | Last updated: October 11, 2015 at 2:57 pm
SHARE

up-dalitനോയ്ഡു: ഉത്തര്‍പ്രദേശില്‍ കവര്‍ച്ചക്കേസില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളടക്കമുള്ള ദലിത് കുടുംബത്തെ പൊലീസ് വിവസ്ത്രരാക്കി മര്‍ദിച്ചു. നോയിഡയ്ക്ക് സമീപം ദനാകുവിലാണ് സംഭവം. ഇവര്‍ സ്വയം നഗ്നരായി പ്രതിഷേധിച്ചതാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെ വസ്ത്രം വലിച്ചുകീറി പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

രണ്ടു സ്ത്രീകളും ഒരു പുരുഷനും ഒരു പിഞ്ചു കുഞ്ഞുമടങ്ങുന്ന കുടുംബമാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ കവര്‍ച്ചയെക്കുറിച്ചായിരുന്നു പരാതി. എന്നാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതോടെയാണ് പൊലീസ് ഇവരെ വിവസ്ത്രരാക്കി മര്‍ദിച്ചത്. സംഭവമറിഞ്ഞെത്തിയവരെ പൊലീസ് ലാത്തി വീശി ഓടിച്ചു.
എന്നാല്‍ ഇവര്‍ സ്വയം നഗ്നരായി പ്രതിഷേധിച്ചതാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഇതേ രീതിയിലായിരുന്നു പ്രതികരിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരും പൊലീസും പ്രതിരോധത്തിലായി.