വെള്ളമുണ്ടയില്‍ മുസ്‌ലിം ലീഗ് വിമത വിഭാഗം മത്സരത്തിനൊരുങ്ങുന്നു

Posted on: October 8, 2015 11:03 am | Last updated: October 8, 2015 at 11:03 am
SHARE

മാനന്തവാടി: വെള്ളമുണ്ടയില്‍ യു ഡി എഫിന് ഭീഷണിയുയര്‍ത്തി മുസ്‌ലിം ലീഗ് വിമത വിഭാഗം മത്സരത്തിനൊരുങ്ങുന്നു.
വെള്ളമുണ്ട എട്ടേനാല്‍ ശാഖ കമ്മിറ്റിയുടെ കീഴിലുള്ളതും തൊട്ടടുത്ത കട്ടയാട് പഴഞ്ചന ശാഖയിലുള്ളതുമായ മുസ്‌ലിം ലീ്ഗിലെ പ്രവര്‍ത്തകരാണ് ലീഗിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നേതൃത്വം തയ്യാറാവാതിരുന്നതില്‍ പ്രതിഷേധിച്ച് മൂന്നു വാര്‍ഡുകളില്‍ സ്വതന്ത്രരായി മത്സരിക്കാനും മറ്റു വാര്‍ഡുകളില്‍ സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കാനുമാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വെള്ളമുണ്ട എട്ടേനാലില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് ഇടതു മുന്നണിയുടെ പിന്തുണയോടെ യു ഡി എഫ് ഭരണം അട്ടിമറിച്ച് പി മുഹമ്മദിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണം കൈയടക്കിയിരുന്നു. പി മുഹമ്മദിനെ പിന്തുണക്കുന്ന നിലപാടായിരുന്ന എട്ടേനാലിലെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ഇതേ തുടര്‍ന്ന് യൂത്ത് ലീഗിന്റെ വാഹന പ്രചാരണ ജാഥയുള്‍പ്പെടെ എട്ടേനാലില്‍ തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്.
ടൗണ്‍ കമ്മിറ്റി പിരിച്ചു വിടുകയും പുതിയ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം കണ്‍വെന്‍ഷനെത്തിയ ജില്ലാ നേതാക്കളുള്‍പ്പെടെയുള്ളവരെ പ്രതിഷേധം അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കട്ടയാട്, എട്ടേനാല്‍, മാടത്തുംകുനി വാര്‍ഡുകളില് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ വിമത വിഭാഗം തീരുമാനിച്ചിരിക്കുന്നത്.