Connect with us

Kerala

വി എസും വെള്ളാപ്പള്ളിയും വീണ്ടും നേര്‍ക്കുനേര്‍

Published

|

Last Updated

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ പുച്ഛത്തോടെ തള്ളുന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുച്ഛത്തോടെ തള്ളിയാല്‍ പോര വസ്തുനിഷ്ടമായി മറുപടി പറയണമെന്ന് വി എസ്. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ വെള്ളാപ്പള്ളി ക്രമക്കേട് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് രൂപ പലിശയ്ക്ക് എന്‍എന്‍ഡിപി യോഗം 15 കോടി രൂപ വായ്പയെടുത്തു. ഇതില്‍ പത്ത് ശതമാനം മാത്രമാണ് ഈഴവര്‍ക്കിടയില്‍ വിതരണം ചെയ്തത്. അതും 12 ശതമാനം പലിശയ്ക്ക്. ശേഷിക്കുന്ന 90 ശതമാനവും വെള്ളാപ്പള്ളിയും കുടുംബവും വിനിയോഗിച്ചു. ക്രമക്കേട് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വിഎസ് പറഞ്ഞു.

നേരത്തെ വി എസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വി എസ് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരോപണങ്ങള്‍ കോടതി തന്നെ തള്ളിയതാണ്. രാഷ്ട്രീയക്കാര്‍ക്ക് എസ്എന്‍ഡിപിയെ തകര്‍ക്കാനാകില്ല. സമത്വ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത് അറിഞ്ഞ് രാഷ്ട്രീയക്കാര്‍ക്ക് വിറളി പിടിച്ചിരിക്കുകയാണ്. തനിക്കെതിരെയെങ്കിലും വി എസും പിണറായിയും ഒന്നായതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി ഒറ്റയ്ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. ബിജെപിയടക്കം ഒരു പാര്‍ട്ടിയുമായും എസ്എന്‍ഡിപിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലൂടെയാണ് വി എസ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്. എസ്എന്‍ഡിപിയുടേയും എസ്എന്‍ ട്രസ്റ്റിന്റേയും കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും ഒന്നുകില്‍ പണം വാങ്ങിയെന്ന് പറയണം. അല്ലെങ്കില്‍ പണം വാങ്ങിയില്ലെന്ന് പറയണം. എന്തുകൊണ്ടാണ് വെള്ളാപ്പള്ളി മൗനം പാലിക്കുന്നതെന്നും വി എസ് ലേഖനത്തില്‍ ചോദിച്ചു. വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ് വിദ്യകൊണ്ട് കൊള്ള നടത്താനല്ല ശ്രീനാരയണ ഗുരു പറഞ്ഞത്. കോഴ വാങ്ങി നടേശന്‍ നിയമിക്കുന്നവര്‍ക്ക് പൊതുജനങ്ങളുടെ പണമാണ് ശമ്പളമായി നല്‍കുന്നത്. ഉത്തരം മുട്ടുമ്പോള്‍ വെള്ളാപ്പള്ളി കൊഞ്ഞനം കുത്തുകയാണെന്നും വി എസ് പരിഹസിച്ചു.