‘ഓപ്പറേഷന്‍ വാത്സല്യ’ പദ്ധതി ജില്ലയില്‍ പരിശോധന തുടങ്ങി

Posted on: October 6, 2015 10:13 am | Last updated: October 6, 2015 at 10:13 am
SHARE

കല്‍പ്പറ്റ: കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിന് സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന തീവ്ര യത്‌ന പരിപാടിയായ ‘ഓപ്പറേഷന്‍ വാത്സല്യ’ യുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തൊഴിലിടങ്ങള്‍, ഹോട്ടലുകള്‍, തൊഴിലാളി ക്യാമ്പുകള്‍, ബസ് സ്റ്റാന്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പരിശോധിച്ചു.
നേപ്പാളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയതും മതിയായ രേഖകളില്ലാത്തതുമായ മൂന്ന് കുട്ടികളെ കണ്ടെത്തി.
ഇവരെ ശിശു സംരക്ഷണ യൂണിറ്റ് ബാല ക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുകയും പോലീസ് സഹായത്തോടെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയും ചെയ്തു. ജില്ലയില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കെട്ടിട നിര്‍മാണ സ്ഥലങ്ങളിലും തൊഴിലിലേര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും നേപ്പാള്‍ സ്വദേശികളാണെന്ന് പരിശോധന സംഘത്തിന് ബോധ്യപ്പെട്ടു. കൂടാതെ ഹരിയാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ തൊഴില്‍ തേടി എത്തുന്നുണ്ട്. മിക്കവര്‍ക്കും തിരിച്ചറിയല്‍ രേഖകളില്ല. ഉള്ളവരുടെ രേഖകള്‍ ഭൂരഭാഗവും വ്യക്തവുമല്ല. കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുമെന്ന സൗകര്യം മുതലെടുത്താണ് തൊഴില്‍ ദാതാക്കള്‍ ഇവരെ ജോലിക്ക് നിര്‍ത്തുന്നത്.
എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനോ, തൊഴില്‍ കാര്‍ഡ് നല്‍കുന്നതിനോ ഇവര്‍ പ്രാധാന്യം കൊടുക്കാത്തത് ഗൗരവതരമായ പ്രശ്‌നമാണെന്ന് ബാലക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ഫാദര്‍ ജോസഫ് തോമസ് തേരകം അഭിപ്രായപ്പെട്ടു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എം. നിഷ, ലീഗല്‍ ഓഫീസര്‍ കാര്‍ത്തിക ലക്ഷ്മി, ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ ടി.കെ. ഉസ്മാന്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ ലില്ലി തോമസ്, പി.വി. സതീഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ പി.ഡി ജെറി, കെ.കെ സമീര്‍, കെ. മഹേഷ് കുമാര്‍, ദിനേഷ്, സേതുമാധവന്‍, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പരിശോധയില്‍ പങ്കെടത്തു. സംസ്ഥാനത്തുടനീളം നടക്കുന്ന പദ്ധതിയുടെ ഭാഗമായി ഒക്‌ടോബര്‍ മാസം മുഴുവന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തും.