രാജ്യാന്തര ആയുര്‍വേദ സമ്മേളനം കോഴിക്കോട്ട് ജനുവരിയില്‍

Posted on: October 4, 2015 6:48 am | Last updated: October 4, 2015 at 6:48 am
SHARE

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ആയുഷ് വകുപ്പിന്റെയും തദ്ദേശീയ ആയുര്‍വേദ സംരംഭകരുടെയും സഹകരണത്തോടെ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ആക്ഷന്‍(സിസ്സ) സംഘടിപ്പിക്കുന്ന മൂന്നാമത് രാജ്യാന്തര ആയുര്‍വേദ സമ്മേളനം കോഴിക്കോട്ട് നടക്കും. സ്വപ്‌ന നഗരിയില്‍ 2016 ജനുവരി 29 മുതല്‍ ഫെബ്രുവരി 2 വരെ നടക്കുന്ന സമ്മേളനത്തിലെ വ്യാപാര സംഗമത്തില്‍ അമ്പത് രാജ്യങ്ങളില്‍ നിന്നായി അയ്യായിരം പ്രതിനിധികള്‍ പങ്കെടുക്കും. ‘വനിതകളുടെ ആരോഗ്യം’ എന്നതാണ് സമ്മേളനത്തിലെ മുഖ്യപ്രമേയം. ആഗോള ആയുര്‍വേദ സംഗമത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രാദേശിക ആയുര്‍വേദ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ജനുവരി 15 മുതല്‍ 28 വരെ പതിനാല് ദിവസം നീളുന്ന ഗ്രാന്റ് കേരള ആയുര്‍വേദ ഫെയറുകള്‍ സംഘടിപ്പിക്കും. സംഘാടകസമിതി പ്രസിഡന്റ് ഡോ. പി മാധവന്‍കുട്ടി വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഡ്രഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ സെല്‍ഫ് ഫിനാന്‍സിംഗ് മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവരാണ് സമ്മേളനത്തിന്റെ സഹ സംഘാടകര്‍. കേരളത്തിന്റെ ആയുര്‍വേദപാരമ്പര്യം വിളംബരം ചെയ്യുന്ന റോഡ്‌ഷോകള്‍, പാരമ്പര്യ ചികിത്സാവിധികള്‍, വനിതാ ആരോഗ്യക്യാംപുകള്‍, ബോധവത്കരണം, സെമിനാറുകള്‍, ശില്പശാലകള്‍, ഔഷധസസ്യതൈ നടല്‍ എന്നിവയാണ് ഗ്രാന്റ് കേരള ആയുര്‍വേദ ഫെയറിന്റെ മുഖ്യപരിപാടികള്‍. എം കെ രാഘവന്‍ എം പി ചെയര്‍മാനായും എ പ്രദീപ്കുമാര്‍ എം എല്‍ എ കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ഡോ സി സുരേഷ്‌കുമാര്‍, ഡോ മനോജ് കാളൂര്‍, ഡോ സനില്‍കുമാര്‍, കമാല്‍ വരദൂര്‍ പങ്കെടുത്തു.