Connect with us

Malappuram

മെഡിക്കല്‍ പ്രവേശന നിര്‍ദേശം; ആശങ്ക പരിഹരിക്കണമെന്ന് എസ് എസ് എഫ്‌

Published

|

Last Updated

മലപ്പുറം: മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പിലാക്കാവൂ എന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.
രാജ്യത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് അഖിലേന്ത്യാ പ്രവേശന പരീക്ഷയുടെ നടത്തിപ്പില്‍ സുതാര്യതയില്ലെങ്കില്‍ മലയാളികള്‍ക്ക് തിരിച്ചടിയാകും. ഉത്തരേന്ത്യന്‍ ലോബി കേരളത്തിലും പിടിമുറുക്കുമോ എന്നതും ആലോചിക്കണം. എന്നാല്‍ ക്രമക്കേടുകളോ മറ്റു ബാഹ്യ ഇടപടെലുകളോ ഇല്ലെങ്കില്‍ ഒറ്റ എന്‍ട്രന്‍സ് എന്നത് ആശ്വാസകരമാണ്. ഒരു പരീക്ഷ മാത്രം എഴുതുകയും പ്രവേശന നടപടികള്‍ക്ക് ഒരു പരീക്ഷ മാത്രം കാത്തിരിക്കുകയും ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് നല്ല കാര്യമായിരിക്കുമെന്നും എസ് എസ് എഫ് അഭിപ്രായപ്പെട്ടു. ഇഫഌവിന്റെ മലപ്പുറം ഓഫ് ക്യാമ്പസ് അടച്ചു പൂട്ടിയതില്‍ എസ് എസ് എഫ് ശക്തമായി പ്രതിഷേധിച്ചു. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം അനുവദിച്ച ഇഫഌ യഥാര്‍ഥമാക്കാന്‍ മുസ്‌ലിം ലീഗിന്റെ ഭാഗത്തു നിന്നു വേണ്ടത്ര ശ്രമങ്ങള്‍ ഉണ്ടായില്ലെന്നും എസ് എസ് എഫ് കുറ്റപ്പെടുത്തി.
മലപ്പുറം ഗ്രേസ് ഹോട്ടലില്‍ നടന്ന ഡിമാക് അഞ്ചാം സംഗമം എസ് വൈ എസ് സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖറലി സഖാഫി അധ്യക്ഷത വഹിച്ചു. പി എ റഹീം, എം അബ്ദുര്‍റഹ്മാന്‍, അബ്ദുസമദ് സഖാഫി മായനാട്, എം കെ മുണ്ടമ്പറ്റ സ്വഫ്‌വാന്‍ പ്രസംഗിച്ചു.

Latest