ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരുന്നു

Posted on: September 30, 2015 11:17 pm | Last updated: October 1, 2015 at 11:21 am

harthalതിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താല്‍ നിയന്ത്രണ ആക്ട് എന്ന പേരില്‍ കരട് ബില്‍ തയ്യാറായതായും മന്ത്രി അറിയിച്ചു.

ഹര്‍ത്താല്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. പൊതുജനങ്ങളില്‍ നിന്ന് ഹര്‍ത്താലിനെതിരെ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരമാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ ഈടാക്കും. ആക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന് ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കാനും ബില്‍ അനുമതി നല്‍കുന്നു.