ഉത്തര്‍പ്രദേശില്‍ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് 58കാരനെ അടിച്ചുകൊന്നു

Posted on: September 30, 2015 11:05 am | Last updated: October 1, 2015 at 11:20 am

man_dradriദാദ്രി: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് നാട്ടുകാര്‍ ഒരാളെ അടിച്ചുകൊന്നു. മുഹമ്മദ് അഫ്‌ലാഖ് എന്ന 58കാരനെയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ മകനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടു തകര്‍ത്ത അക്രമികള്‍ ഇഷ്ടിക കൊണ്ടാണ് ഇവരെ ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന സ്ത്രീക്കു നേരെയും അതിക്രമം ഉണ്ടായി. ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ബീഫ് അല്ല ആട്ടിറച്ചിയായിരുന്നു തങ്ങളുടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതെന്ന് അഫ്‌ലാഖിന്റെ മകള്‍ പറഞ്ഞു. ഇറച്ചി ഫോറന്‍സിക് പരിശോധനക്കായി പോലീസ് അയച്ചു. ഇറച്ചികഴിച്ചെന്നാരോപിച്ചാണ് കൊല നടത്തിയതെന്നും കൂടുതല്‍പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അതേസമയം അഫ്‌ലാഖിന്റെ കുടുംബത്തിന് യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിന് എല്ലാ സംരക്ഷണവും നല്‍കാന്‍ അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. 800 സായുധ സേനാംഗങ്ങളെയും പ്രാദേശിക സേനയെയും ഗാസിയാബാദ്, ബുലന്ദ്ശാഹര്‍, ഹാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ പശുവിനെ അറുത്തുവെന്ന വാര്‍ത്ത പരന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ , മുഹമ്മദിന് ‘വധശിക്ഷ’ ആവശ്യപ്പെട്ട് കൊണ്ട് ഒരു വിഭാഗം എത്തുകയായിരുന്നു. എന്നാല്‍ വാര്‍ത്ത അഫ്‌ലാഖിന്റെ വീട്ടുകാര്‍ നിഷേധിച്ചു. തങ്ങളെ വകവരുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള കഥ മെനഞ്ഞതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ രക്ഷക്ക് സൈനികരോ പോലീസുകാരോ കുടുംബാംഗങ്ങളോ എത്തിയില്ലെന്ന് അവര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഇഖ്‌ലാഖ് 70 കാരിയായ മാതാവിനും 52 കാരിയായ ഭാര്യക്കുമൊപ്പമായിരുന്നു. നൂറുക്കണക്കിന് പേരാണ് തങ്ങളുടെ വീട്ടിലെത്തിയതെന്നും തര്‍ക്കിക്കുകയും ആക്രോശിക്കുകയും ചെയ്ത ശേഷം പെട്ടെന്ന് തന്നെ അക്രമം ഉണ്ടാവുകയുമായിരുന്നുവെന്ന് വ്യോമസേനയില്‍ ജോലി നോക്കുന്ന മകന്‍ സര്‍താസ് പറഞ്ഞു. വീടിന്റെ പ്രധാന കവാടം അടിച്ചുതകര്‍ത്ത അക്രമികള്‍ കുളിമുറിയിലായിരുന്ന തന്നെ വാതില്‍ തുറന്ന് പുറത്തേക്ക് വലിച്ചിഴച്ചു. തന്റെ മകനെയും പേരക്കുട്ടിയെയും എടുത്തെറിഞ്ഞു. അരമണിക്കൂറോളം അക്രമികള്‍ അഴിഞ്ഞാടി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അഫ്‌ലാക്കിന്റെ മയ്യിത്ത് ബന്ധുക്കള്‍ക്ക് കൈമാറി. രക്തം വാര്‍ന്നൊലിച്ചാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
പ്രതികളെല്ലാം ബിസാദയില്‍ നിന്നുള്ളവരാണെന്ന് എസ് പി സഞ്ജയ് സിംഗ് പറഞ്ഞു. പ്രതികളില്‍ പലരില്‍ നിന്നും ഇറച്ചി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടില്‍ നിന്ന് ലഭിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പലരും മാംസം കരുതിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ പോലീസിന്റെ നിരുത്തരവാദ സമീപനമാണെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി താക്കൂര്‍ ഹരീഷ് സിംഗ് ആരോപിച്ചു. പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ  യു പി പ്രതിപക്ഷനേതാവ് രാം ഗോവിന്ദ് ചൗദരിക്ക് കൊവിഡ്