വരുന്നൂ, ഇടത് തരംഗം

Posted on: September 30, 2015 8:46 am | Last updated: September 30, 2015 at 9:48 am

ഈയിടെ ഒരു അഭിമുഖത്തില്‍ നോം ചോംസ്‌കിയോട് ചോദിച്ചു. ”ചില വ്യക്തികള്‍ ഉയര്‍ന്നുവരികയും അവര്‍ മുതലാളിത്ത വ്യവസ്ഥിതികളെയും സാമ്പത്തിക, സൈനിക കൗശലങ്ങളെയും വെല്ലുവിളിക്കുകയും ചെയ്യുന്നതിന് ലോകക്രമത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ കൊണ്ടുവരാനാകും? അവ ദീര്‍ഘകാല പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെക്കുമോ അതോ ആവേശമടങ്ങുമ്പോള്‍ തണുത്തുറഞ്ഞു പോകുമോ?” ചോംസ്‌കിയുടെ മറുപടിയിതായിരുന്നു: ജനങ്ങള്‍ ഈ മുന്നേറ്റത്തോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമത്. അവര്‍ അനുഭവിക്കുന്ന പ്രതിസന്ധികളുടെ യഥാര്‍ഥ കാരണം എന്താണെന്ന് ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ക്കും സംഘടനകള്‍ക്കും സാധിച്ചാല്‍ വലിയ മാറ്റങ്ങള്‍ സാധ്യമാണ്. ബദല്‍ പരീക്ഷണങ്ങള്‍ ഇടക്കാലത്ത് തിരിച്ചടികള്‍ നേരിട്ടാലും അതുണ്ടാക്കിയ ഊര്‍ജം കുറേക്കൂടി നീതിയുക്തമായ സമൂഹ സൃഷ്ടിക്കുള്ള ഇന്ധനമായി അവശേഷിക്കും. അതൊരു ദീര്‍ഘകാല പ്രക്രിയയാണ്. അതുകൊണ്ട് വ്യക്തികളുടെ വിജയം അവരുടെ വ്യക്തിപരമായ കഴിവിന്റെ പ്രതിഫലനം മാത്രമല്ല, ജനങ്ങള്‍ കൂടുതല്‍ ശക്തരാകുന്നതിന്റെ തെളിവു കൂടിയാണ്.
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി തലപ്പത്ത് ഇടതു സഹയാത്രികനും ഉദാരവത്കരണ നയങ്ങളുടെ കടുത്ത വിമര്‍ശകനുമായ ജെറമി കോര്‍ബിന്‍ അവരോധിതനായതിന്റെയും യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ ഹിലാരി ക്ലിന്റനെ പിന്തള്ളി വെല്‍മോണ്ട് സെനറ്റര്‍ ബര്‍ണി സാന്‍ഡേഴ്‌സ് മുന്നേറുന്നതിന്റെയും ഗ്രീസില്‍ അലക്‌സി സിപ്രാസിന്റെ നേതൃത്വത്തില്‍ സിരിസ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയതിന്റെയും പശ്ചാത്തലത്തിലായിരുന്നു ചോംസ്‌കിയുടെ പ്രതികരണം. കാനഡയില്‍ നടക്കാനിരിക്കുന്ന ഫെഡറല്‍(പാര്‍ലിമെന്റ്) തിരഞ്ഞെടുപ്പില്‍ സ്റ്റീഫന്‍ ഹാര്‍പര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടോം മള്‍കെയര്‍ മുന്നേറുന്നു. സ്‌പെയിനില്‍ പാബ്ലോ ഇഗ്‌ലേഷ്യസിന്റെ നേതൃത്വത്തില്‍ പെഡമോസ് പാര്‍ട്ടി കുതിക്കുകയാണ്. വെറും 18 മാസം മാത്രം പ്രായമുള്ള ഈ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്‌പെയിന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇതിനകം ഇളകാത്ത ഇരിപ്പിടം പിടിച്ചെടുത്തിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ ഇന്നും പരുക്കേല്‍ക്കാതെ നിലനില്‍ക്കുന്ന ഇടതു തരംഗം യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൂടി വ്യാപിക്കുന്നുവെന്ന് വിലയിരുത്താവുന്ന വിജയങ്ങളാണ് ഇവയെല്ലാം. ഒപ്പം മുതലാളിത്ത സാമ്പത്തിക, രാഷ്ട്രീയ ക്രമത്തിന്റെ നെറികേടുകള്‍ പുതിയ തലമുറ നന്നായി തിരിച്ചറിയുന്നുവെന്ന് വ്യക്തമാക്കുന്നതുമാണ് ഈ മുന്നേറ്റങ്ങള്‍.
അതത് രാജ്യത്തെ സവിശേഷതകള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്ന ഈ നേതാക്കളെ കമ്യൂണിസ്റ്റുകളെന്ന് വിശേഷിപ്പിക്കാനാകില്ല. അവര്‍ ലക്ഷണമൊത്ത സോഷ്യലിസ്റ്റുകളുമല്ല. എന്നാല്‍ അവരുടെ കാഴ്ചപ്പാടുകളുടെ അടിത്തറ സോഷ്യലിസമാണ്. മുതലാളിത്തത്തിന് ബദല്‍ സാധ്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് അവര്‍. കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ വിഭവങ്ങള്‍ വിതരണം ചെയ്യപ്പെടുന്ന, അസമത്വത്തിന്റെ തോത് താതമ്യേന കുറഞ്ഞ ഒരു സാമൂഹിക ക്രമത്തിനായി നിരന്തരം സംസാരിക്കുകയും ആ ദിശയിലേക്ക് ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്നു അവര്‍. ഈ മുന്നേറ്റങ്ങള്‍ക്ക് പണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാധ്യമാക്കിയിരുന്ന പരിമിതമായ ഏകോപനം പോലുമില്ല. (ശീതസമര കാലത്ത് കമ്യൂണിസ്റ്റ് ചേരി എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ നയപരമായ പുഴകള്‍ ഒഴുകിയപ്പോഴും സോവിയറ്റ് യൂനിയന്‍ നയിച്ചപ്പോഴും ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൃത്യമായ വ്യക്തിത്വം പുലര്‍ത്തിയിരുന്നുവല്ലോ). ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര സമാനതയുമായും യൂറോപ്പിലും അമേരിക്കയിലും ഉയര്‍ന്നു വരുന്ന നവതരംഗത്തിന് സാമ്യമില്ല. അവ തികച്ചും തദ്ദേശീയമാണ്. ഉദാഹരണത്തിന് സ്‌പെയിനും ഗ്രീസും യൂറോപ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങള്‍ എന്ന നിലയില്‍ സമാനമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും പെഡമോസും സിരിസയും ഒരേ പുഴയില്‍ നിന്ന് വെള്ളമെടുക്കുന്നില്ല. അലക്‌സി സിപ്രാസിന്റെ ഗ്രീസ് തനിക്ക് മാതൃകയല്ലെന്ന് പാബ്ലോ ഇഗ്‌ലേഷ്യസ് തീര്‍ത്ത് പറയുന്നു. സോഷ്യല്‍ ഡെമോക്രാറ്റ് മുന്നേറ്റത്തിന്റെ കണ്ണികളാണ് തങ്ങളെന്ന് അവര്‍ സ്വയം പരിചപ്പെടുത്തുന്നില്ലെന്ന് ചുരുക്കം.
അങ്ങനെയായിരിക്കുമ്പോഴും ഈ നേതാക്കളും പാര്‍ട്ടികളും നിരവധി പൊതുവായ നിലപാടുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. ആ നിലപാടുകള്‍ സാമ്രാജ്യത്വവിരുദ്ധവും മുതലാളിത്തവിരുദ്ധവും യുദ്ധവിരുദ്ധവും സയണിസ്റ്റ്‌വിരുദ്ധവുമാണ്. 2007-08കാലത്ത് മുതലാളിത്ത രാജ്യങ്ങള്‍ ഒന്നടങ്കം അനുഭവിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നാണ് ഈ മുന്നേറ്റങ്ങളെല്ലാം ഉയര്‍ന്നുവന്നതെന്ന് പറയാം. ഇവരെല്ലാവരും ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തില്‍ ഊന്നുന്നവരാണ്. മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ പൊതുചെലവ് വെട്ടിക്കുറക്കുകയല്ല, കൂട്ടുകയാണ് വേണ്ടതെന്ന് ഇവരെല്ലാവരും വാദിക്കുന്നു. നവ ഉദാരവത്കരണ നയങ്ങളുടെ ഉപോത്പന്നമാണ് മാന്ദ്യം. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്‍ തൊട്ട് ഇപ്പോള്‍ പല കാലങ്ങളില്‍ വ്യത്യസ്ത തീവ്രതകളില്‍ അരങ്ങേറുന്ന ഇടിച്ചിലുകള്‍ വരെ കമ്പോളത്തില്‍ അമിതമായി വിശ്വാസമര്‍പ്പിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്. നിയന്ത്രിത കമ്പോളം മാത്രമാണ് ഇതിനുള്ള പോംവഴി. റെയില്‍വേ പോലുള്ള ദേശീയ പ്രാധാന്യമുള്ള സംരംഭങ്ങളെല്ലാം ദേശസാത്കരിക്കണം. ഐ എം എഫ്, ലോകബേങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അവരുടെ പ്രത്യയശാസ്ത്ര കടുംപിടിത്തം ഉപേക്ഷിക്കണം. സാമ്പത്തിക അസമത്വത്തിന്റെ കെടുതികളില്‍ നിന്ന് ദരിദ്ര വിഭാഗങ്ങളെ രക്ഷിക്കാത്ത ഒരു സംവിധാനത്തിനും അതിജീവനം സാധ്യമല്ല. വന്‍കിട സ്ഥാപനങ്ങളുടെ നിലനില്‍പ്പു പോലും ഈ നിസ്വര്‍ക്ക് ക്രയശേഷി നല്‍കുന്നതിലാണ് കുടികൊള്ളുന്നതെന്നും ഈ ഇടത് നേതാക്കള്‍ വിശദീകരിക്കുന്നു. തീവ്രവാദി വിരുദ്ധ സൈനിക നീക്കം മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രം മാത്രമാണെന്ന് അവര്‍ വിശ്വസിക്കുന്നു. സോഷ്യല്‍ ഡെമോക്രസിയുടെ സ്വന്തം പതിപ്പു സൃഷ്ടിക്കുകയാണ് ഇവര്‍.
ഈ നേതാക്കളെല്ലാം അവരവരുടെ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പരമ്പരാഗത സോഷ്യലിസ്റ്റ് സംഘങ്ങളെ മറികടന്നാണ് മുന്നേറുന്നത് എന്നതാണ് മറ്റൊരു സമാനത. ജെറമി കോര്‍ബിന്റെ കാര്യമെടുക്കാം. അദ്ദേഹം ലേബര്‍ പാര്‍ട്ടിയിലെ തന്നെ വലതുപക്ഷത്തെ തുറന്നുകാണിക്കുന്നു. ടോണി ബ്ലെയറിന്റെ ‘മൂന്നാം വഴി’ മുതലാളിത്തത്തിന്റെ ഒളിച്ചുകടത്തലാണെന്ന് കോര്‍ബിന്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലെയറുടെ വിദേശനയം അമേരിക്കയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സുരക്ഷാ രാഷ്ട്രം സൃഷ്ടിക്കുകയും പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുകയും ചെയ്യുന്ന ബ്ലെയര്‍ ഇറാഖിനെപ്പോലുള്ള രാഷ്ട്രങ്ങളെ തകര്‍ത്തെറിയുന്ന നയത്തിന്റെ വക്താവാണ്. ആയുധലോബികളുടെ സ്വന്തം പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങള്‍ വ്യക്തമായി ഉന്നയിക്കാന്‍ കോര്‍ബിന്‍ തയ്യാറായി. മൂന്നാം വഴിയല്ല, സോഷ്യലിസത്തിന്റെ ബദല്‍ വഴി തന്നെയാണ് ബ്രിട്ടന് വേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തുടനീളമുള്ള പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈനായും നേരിട്ടും നടന്ന വോട്ടെടുപ്പില്‍ കോര്‍ബിന്‍ ജയിച്ചു കയറിയത് അങ്ങനെയാണ്.
ഇനി ഗ്രീസിലെ അലക്‌സി സിപ്രാസിലേക്ക് നോക്കാം. അവിടെ പരമ്പരാഗത ഇടത് പാര്‍ട്ടികള്‍ അര ഡസനെങ്കിലും ഉണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ എങ്ങനെയെങ്കിലും അന്താരാഷ്ട്ര സഹായം നേടിയെടുക്കുകയെന്ന പരിഹാരമായിരുന്നു അവരെല്ലാം മുന്നോട്ടുവെച്ചത്. രക്ഷാ പാക്കേജിനായി യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്ക് മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ച് പപ്പന്‍ഡ്രൂ സര്‍ക്കാര്‍ പരിഷ്‌കാരം തുടങ്ങിയപ്പോഴാണ് സിപ്രാസിന്റെ സിരിസ പാര്‍ട്ടി തികച്ചും വ്യത്യസ്തമായ നിലപാടുകള്‍ മുന്നോട്ടുവെച്ചത്. ചെലവ് ചുരുക്കലിന്റെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങളെ അദ്ദേഹം അണിനിരത്തി. നിബന്ധനകള്‍ അംഗീകരിച്ച് രക്ഷാ പാക്കേജ് സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചു. ജനം ആ ശബ്ദം ഏറ്റെടുത്തു. സിപ്രാസ് അധികാരത്തിലേറി. പ്രതികാര നടപടികള്‍ തുടങ്ങിയ ഇ യു നേതൃത്വത്തിന് മുന്നില്‍ ഹിതപരിശോധനയിലൂടെ ശക്തി തെളിയിക്കാന്‍ സിപ്രാസിന് സാധിച്ചെങ്കിലും ഒടുവില്‍ സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് കീഴടങ്ങേണ്ടിവന്നു. ഹിതപരിശോധന തള്ളിയ പലതിനെയും അംഗീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഇതോടെ അധികാരം വിട്ടിറങ്ങിയ അദ്ദേഹത്തെ ജനം വീണ്ടും അധികാരത്തിലേറ്റിയെങ്കില്‍ അതിനര്‍ഥം ലളിതമാണ്. ഗ്രീക്ക് ജനത അവരുടെ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം തിരിച്ചറിഞ്ഞിരിക്കുന്നു. സംയുക്ത കറന്‍സിയുടെ(യൂറോ) ആത്മവിശ്വാസത്തില്‍ നിലവിട്ട നയങ്ങള്‍ ആവിഷ്‌കരിച്ചവര്‍ തന്നെയാണ് കുറ്റവാളികള്‍. നിയോലിബറലിസത്തിന്റെ കുമിളക്കൊട്ടാരത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിന്റെ വെയിലിലേക്ക് ഇറങ്ങാന്‍ സിപ്രാസ് ക്ഷണിച്ചപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെന്നു, ഒരിക്കല്‍ കൂടി.
സ്‌പെയിനില്‍ ഇഗ്‌ലേഷ്യസിന്റെ മുന്നേറ്റവും സമാനമാണ്. നിലവിലുള്ള എല്ലാ ഇടത് പാര്‍ട്ടികളും ഇടര്‍ച്ചകളില്‍ അകപ്പെടുകയും കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലും രക്ഷാപാക്കേജുകളിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു ഇ യുവിലെ മറ്റൊരു രോഗഗ്രസ്ത രാജ്യമായ സ്‌പെയിനില്‍. മുതലാളിത്തത്തിന്റെ രക്ഷക്കായി കെയിന്‍സ് ആവിഷ്‌കരിച്ച പരിമിത ഇടപെടല്‍ നയത്തിന് പോലും അവര്‍ ശബ്ദമുയര്‍ത്തിയില്ല. ഇവിടെയാണ് പെഡമോസ് ചെലവ് ചുരുക്കല്‍ നയത്തെ വെല്ലുവിളിച്ചത്. പാര്‍ട്ടിയുടെ പേരിന്റെ അര്‍ഥം തന്നെ ‘നമുക്ക് സാധിക്കും’ എന്നാണ്. കനേഡിയന്‍ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയാകുമെന്ന് പ്രവചിക്കപ്പെടുന്ന ടോം മള്‍കെയറും വിപണിയെ അദ്ദേഹത്തിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയും കയറൂരിവിടുന്നതിന് എതിരാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ‘ഇടതു വ്യതിയാന’ക്കാരെ ഒന്നുകില്‍ അവഗണിക്കാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ ആക്രമിക്കുന്നുവെന്നതാണ് മറ്റൊരു സമാനത. സാന്‍ഡേഴ്‌സിനെ തഴഞ്ഞ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ ഇക്കാര്യം പരിശോധിക്കാന്‍ പത്ര മാനേജ്‌മെന്റ് തയ്യാറായിരിക്കുകയാണ്. ജെറമി കോര്‍ബിന്‍ ലേബര്‍ തലപ്പത്ത് വരാതിരിക്കാന്‍ അവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ വല്ലാതെ മഷിയും സമയവും ധൂര്‍ത്തടിച്ചിരുന്നു. ബ്ലെയര്‍ക്ക് ഓശാന പാടുന്ന തിരക്കിലായിരുന്നു മാധ്യമങ്ങള്‍. ഈ നേതാക്കളെയെല്ലാം ശക്തമായി പിന്തുണക്കുന്നത് യുവാക്കളാണെന്നതാണ് മറ്റൊരു സ്വാഭാവിക സമാനത.
വിഷയങ്ങള്‍ ചിതറിപ്പോകാതിരിക്കാന്‍ ഈ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ജനകീയ വിഷയങ്ങളില്‍ നിന്ന് വലിച്ചു കൊണ്ടുപോയി വൈകാരിക പ്രശ്‌നങ്ങളില്‍ കുരിക്കിയിടാന്‍ മാധ്യമങ്ങളും വലിയ പാര്‍ട്ടികളും കിണഞ്ഞു ശ്രമിക്കുമ്പോള്‍ ഇവര്‍ കുതറിമാറുന്നു. കാനഡയില്‍ ടോം മള്‍കെയര്‍ ഇത്തരമൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചത് അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. അവിടെ മുസ്‌ലിം വനിതകള്‍ നിഖാബ് (മുഖാവരണം) ധരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗൂഢമായി കരുക്കള്‍ നീക്കുകയും തിരഞ്ഞെടുപ്പ് ഡിബേറ്റില്‍ വലിയ ചോദ്യമായി അത് മാറുകയും ചെയ്തു. മള്‍കെയര്‍ ഇതിന് മറുപടി നല്‍കിയത് പൗരസ്വാതന്ത്ര്യത്തിന്റെ ഉത്തമമാതൃകയുടെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്. സ്ത്രീകള്‍ എന്ത് ധരിക്കണം, ധരിക്കരുത് എന്ന് പുറത്ത് നിന്ന് നിശ്ചയിക്കേണ്ട ഒന്നല്ല. അത് അവരുടെ തിരഞ്ഞെടുപ്പിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. നിഖാബ് ധരിക്കണമെന്ന് ശഠിക്കേണ്ടതില്ല. ധരിക്കരുതെന്നും. ഈ മറുപടിയോടെ ആ വിവാദത്തിന്റെ കാറ്റ് പോയി.
ഈ ഇടത് തരംഗം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഇടത് പാര്‍ട്ടികള്‍ വല്ലാതെ കൊണ്ടാടുന്നുണ്ട്. എന്നാല്‍ ഈ ആഘോഷക്കമ്പനിക്കാര്‍ രണ്ട് കാര്യങ്ങളെങ്കിലും മനസ്സിരുത്തി പഠിക്കണം. ഒന്ന് യൂറോപ്പിലും അമേരിക്കയിലും കാണുന്ന ഇടത് മുന്നേറ്റങ്ങള്‍ കൃത്യമായ നിലപാടെടുത്തത് കൊണ്ട് സാധ്യമായതാണ്. അല്ലാതെ തിരഞ്ഞെടുപ്പ് കാലത്ത് തട്ടിക്കൂട്ടുന്ന അടവ് നയങ്ങളില്‍ നിന്നല്ല. ജാതി സംഘടനകളെയും മതവിഭാഗങ്ങളെയും വരുതിയിലാക്കാനുള്ള തട്ടിപ്പ് കൗശലങ്ങള്‍ കൊണ്ട് യഥാര്‍ഥ ജനമുന്നേറ്റം സാധ്യമാകില്ല. രണ്ടാമത്തെ കാര്യം ഇടത് ബദലിനായുള്ള ശ്രമം പരമ്പരാഗത ഇടത് പാര്‍ട്ടികള്‍ സ്വന്തം നിലക്ക് ഉത്തരവാദിത്വപൂര്‍വം നിര്‍വഹിച്ചില്ലെങ്കില്‍ ബദല്‍ ഇടതുപക്ഷം ഉയര്‍ന്നുവരുമെന്നതാണ്. അതിന് മുന്നോടിയായി വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ പോലുള്ള സമരങ്ങള്‍ അരങ്ങേറുകയും ചെയ്യും. സോകോള്‍ഡ് കമ്യൂണിസ്റ്റുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത മാറ്റമായിരിക്കാം അത്. ഇത് തിരിച്ചറിഞ്ഞാണ് ഡോ. തോമസ് ഐസക് സെക്രട്ടറിയേറ്റ് വളയല്‍ സമരം ആവിഷ്‌കരിച്ചത്. ഒരു സമവായത്തിനും പഴുതില്ലാത്ത തികച്ചും ജനകീയമായ ഒരു വിഷയത്തിന്റെ പേരിലായിരുന്നു ആ സമരമെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ.