ആ രണ്ട് ചിത്രങ്ങള്‍

Posted on: September 30, 2015 9:46 am | Last updated: September 30, 2015 at 9:46 am

SYRIAN CHILDREN-FAMOUS FOTOSസിറിയയുടെ ഭാവിയില്‍ തെളിയുന്നത് പ്രത്യാശയുടെ ഇളവെയിലല്ല. മുന്നറിയിപ്പിന്റെ, ഭയത്തിന്റെ ഇരുണ്ട വഴികളാണ്. ആട്ടിയോടിക്കപ്പെട്ടവന്റെയും കുടിയിറക്കപ്പെട്ടവന്റെയും ജീവിതം കടലിലും അതിര്‍ത്തികളിലും അവസാനിക്കുന്നു. ആഭ്യന്തരയുദ്ധം കടുത്ത മനുഷ്യാവകാശലംഘനത്തിലേക്കാണ് നയിക്കുന്നത്. ആധുനിക കാലത്തെ വലിയ മനുഷ്യാവകാശ പ്രശ്‌നമായി അത് വളര്‍ന്നിരിക്കുന്നു.
2011 മാര്‍ച്ചില്‍ അറബ് വസന്തത്തെത്തുടര്‍ന്നാണ് സിറിയയിലും സര്‍ക്കാറിനെതിരെ പ്രതിഷേധം കത്തിപ്പടര്‍ന്നത്. നാല് വര്‍ഷം പിന്നിടുമ്പോള്‍ ദുരിതപൂര്‍ണമായ ആഭ്യന്തരയുദ്ധത്തില്‍ സിറിയ എന്ന രാജ്യം ചരിത്രത്തിലെ അതിന്റെ ഏറ്റവും ദുരിതപൂര്‍ണമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതില്‍ പകുധിയിലധികം സാധാരണക്കാരാണ്. ബോംബ് വീണ് നഗരങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഭക്ഷണവും മരുന്നും കിട്ടാക്കനിയായി. ഹംഗേറിയന്‍ അതിര്‍ത്തികളില്‍ അതിക്രൂരമായ പീഡനങ്ങളാണ് നടക്കുന്നത്.
അലന്‍ കുര്‍ദി എന്ന മൂന്ന് വയസുകാരന്‍ മുപ്പത്തിയൊന്നുകാരിയായ നിലൂഫര്‍ ഡെമിര്‍ എന്ന ഫോട്ടോഗ്രഫറുടെ ക്യാമറയില്‍ പതിഞ്ഞപ്പോള്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ പ്രതീകമായി കരളലിയിപ്പിക്കുന്ന ആ ചിത്രം മാറി. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നം അന്താരാഷ്ട്ര പ്രശ്‌നമാക്കാന്‍ അവന്റെ ചലനമറ്റ ശരീരത്തിനായി. കാനഡയില്‍ അഭയം തേടാനായിരുന്നു കുടുംബത്തിന്റെ ശ്രമം. എന്നാല്‍ കാനഡ അഭയാര്‍ഥികളോട് മുഖം തിരിച്ച് നിന്നതും അത് അലന്‍ കുര്‍ദിയിലൂടെ അവിടുത്തെ ഫെഡറല്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് വരെയെത്തി കാര്യങ്ങള്‍.
അലന്‍ കുര്‍ദിയുടെ പിതാവ് അബ്ദുല്ല കുര്‍ദി കുടുംബവുമായി തുര്‍ക്കിയിലെ ബോഡ്‌റം എന്ന സ്ഥലത്തെ ബീച്ചില്‍ നിന്ന് ചെറിയ പ്ലാസ്റ്റിക് ബോട്ടില്‍ ഗ്രീക്ക് ദ്വീപായ കോസിലേക്ക് പുറപ്പെടുന്നു. എട്ടു പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ പതിനാറ് പേരുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ബോട്ട് പൂര്‍ണമായും തകര്‍ന്ന് കൊടും തിരമാല ഉയരുന്ന ഇരുട്ടില്‍ അലനും സഹോദരനായ അഞ്ച് വയസുകാരനായ ഗാലിയും ഉമ്മ രെഹാനുമടക്കമുള്ളവര്‍ മരണത്തെ മുഖാമുഖം കണ്ടു. സമയം 6.30 ഓടെ അലന്‍ കുര്‍ദിയുടെയും മറ്റ് രണ്ട് കുട്ടികളുടെയും ചലനമറ്റ ശരീരം തീരത്ത് വന്നടിഞ്ഞിരുന്നു. അലന്‍ കുര്‍ദി നീല ട്രൗസറും ചുവന്ന ടീ ഷേര്‍ട്ടും അണിഞ്ഞ് തീരത്തെ ചുംബിച്ച് കമിഴ്ന്ന് കിടക്കുകയായിരുന്നു. തിരമാല പതിയെ വന്ന് അവനെ ചുംബിച്ചു കൊണ്ടിരുന്നു. ആ പുലര്‍കാലത്ത് നിലൂഫര്‍ ഡെമറിനാല്‍ ആ ചിത്രം ലോകം കണ്ടു. സെപ്തംബര്‍ മൂന്നിന് തന്നെ അലന്റെയും സഹോദരന്‍ ഗാലിബിന്റെയും ഉമ്മ രെഹാന്റെയും മയ്യിത്തുകള്‍ കൊബാനിയിലേക്ക് കൊണ്ട് പോയി. ജീവിതം തേടിപ്പോയിട്ട് മരണവുമായി കൊബാനിയിലേക്ക് തന്നെ അവര്‍ തിരിച്ചു വന്നു.
ആ മൂന്ന് വയസ്സുകാരന്‍ അറബ് രാജ്യത്ത് നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പ്രതീകമാണിന്ന്. ചെറു കപ്പലുകളിലും ബോട്ടുകളിലുമായി മനുഷ്യര്‍ ചവിട്ടി നില്‍ക്കാന്‍ ഒരു പിടി മണ്ണിന് വേണ്ടി കടലില്‍ അലയുന്ന ദാരുണമായ അവസ്ഥ. ഓരോ രാജ്യങ്ങളും കരയ്ക്കടുക്കാന്‍ വിടാത്ത അവസ്ഥ. മനുഷ്യര്‍ ഉറുമ്പുകള്‍ പോലെ നിറഞ്ഞ കപ്പലുകളും ബോട്ടുകളും കടലില്‍ അലയുന്ന അതി ദാരുണമയ അവസ്ഥ. സിറിയയിലെ പകുതി ജനങ്ങളും അഭയാര്‍ഥികളായിരിക്കുന്നു. അതോടൊപ്പം ഇസ്‌ലാമിക വിരുദ്ധവും മാനവിക വിരുദ്ധവുമായ ഐ എസിന്റെ കടന്ന് കയറ്റവും സിറിയയെ പൂര്‍ണമായും നരകമാക്കിയിരിക്കുന്നു.
സിറിയ എന്ന രാജ്യത്തെ ജനങ്ങളില്‍ പകുതിയിലേറെ കൊല്ലപ്പെടുകയോ അഭയാര്‍ഥികളാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. 6.5 മില്യന്‍ ജനങ്ങള്‍ സിറിയക്കകത്ത് തന്നെ അഭയാര്‍ഥികളായി. 4. 1 മില്യന്‍ വിദേശത്ത് അഭയാര്‍ഥികളായി. മൂന്ന് ലക്ഷത്തിന് മുകളില്‍ കൊല്ലപ്പെട്ടു. 10.6 മില്യന്‍ ഭയത്തോടെ സ്വന്തം വീടുകളില്‍ നരകിക്കുന്നു. അഭയാര്‍ഥികളില്‍ നാലില്‍ മൂന്ന് പേരും തുര്‍ക്കി, ലബനോന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെക്കാണ് പലായനം ചെയ്യുന്നത്.
യു എന്‍ കണക്കനുസരിച്ച് 4.1 മില്യന്‍ അഭയാര്‍ഥികളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. തുര്‍ക്കി (1,938,999), ലബനോന്‍ (1, 113,941), ജോര്‍ദാന്‍ (629, 266), ഇറാഖ് (249,463 ), ഈജിപ്ത് (132,375) എന്നിങ്ങനെ പോകുന്നു ഇതുവരെ രേഖപ്പെടുത്തിയ കണക്കുകള്‍. യൂറോപ്പിലെ കണക്കുകള്‍ വേറെയും. ഇത് ദിനംപ്രതി കൂടുകയുമാണ്. ഏറ്റവും സുരക്ഷിതമായ ഇടം എന്ന നിലയില്‍ ചിലര്‍ യൂറോപ്പ് തിരഞ്ഞെടുക്കുന്നു. തുര്‍ക്കിയില്‍ നിന്നും നേരെ എളുപ്പത്തില്‍ യൂറോപ്പ് ലക്ഷ്യം വെക്കുകയാണ് പലരും. അഞ്ചില്‍ മൂന്ന് പേര്‍ ജര്‍മനിയെ തിരഞ്ഞെടുക്കുന്നു. കണക്കുകള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നു. പിന്നെ സ്വീഡന്‍, സെര്‍ബിയ, ഹംഗറി, ഓസ്ട്രിയ, ബള്‍ഗേറിയ, നെതര്‍ലാന്റ്, ഡെന്‍മാര്‍ക് എന്നിങ്ങനെ പോകുന്നു തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങള്‍. ചവിട്ടി നില്‍ക്കാന്‍ ഒരു പിടി മണ്ണ് തേടി കടലില്‍ അലയുന്ന മനുഷ്യര്‍. മഹാസമുദ്രത്തിലെ തിരമാലകള്‍ക്കിടയില്‍ ഇരുളിലും മഴയിലും ഭക്ഷണവും വെള്ളവുമില്ലാതെ തിങ്ങി നിന്ന് കരയിലെത്താന്‍ പെടാപാട് പെടുന്നവര്‍. എന്ത് തെറ്റാണ് അവര്‍ ചെയ്തത്?
ഒരു സിറിയന്‍ ബാലിക ഇരു കൈകളും ഉയര്‍ത്തി കീഴടങ്ങിയതായി വിതുമ്പി നില്‍ക്കുന്ന ചിത്രം കണ്ടവരെയൊക്കെ അസ്വസ്ഥപ്പെടുത്തുകയുണ്ടായി. യഥാര്‍ഥത്തില്‍ ആ പെണ്‍കുട്ടി കീഴടങ്ങി നിന്നത് തോക്കിന് മുന്നിലായിരുന്നില്ല. പകരം കാമറക്ക് മുന്നിലായിരുന്നു. പെണ്‍കുട്ടിക്ക് നേരെ തുര്‍ക്കി ഫോട്ടോഗ്രാഫറായ ഉസ്മാന്‍ സാഗിര്‍ലി ക്യാമറയുയര്‍ത്തിയപ്പോള്‍ തോക്കാണെന്ന് കരുതി ഇരു കൈകളും ഉയര്‍ത്തി കീഴടങ്ങി നില്‍ക്കുകയായിരുന്നു. ആ കാഴ്ച ലോകം കാണട്ടെയെന്ന് ഉസ്മാന്‍ സാഗിര്‍ലി ആഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞ കഥയിങ്ങനെ:
‘അവള്‍ നാല് വയസ്സുകാരിയായ ഹുദിയ എന്ന പെണ്‍കുട്ടിയാണ്. സിറിയയിലെ അത്‌മെഹ് അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. 2014 ഡിസംബറിലായിരുന്നു അത്. ആ പെണ്‍കുട്ടി തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും തന്റെ മാതാവിനും രണ്ട് ബന്ധുക്കള്‍ക്കുമൊപ്പം ക്യാമ്പിലേക്ക് വരികയായിരുന്നു. ഞാന്‍ ക്യാമറയില്‍ ടെലി ഫോട്ടോ ലെന്‍സാണ് ഉപയോഗിച്ചിരുന്നത്. നീളത്തിലുളള ആ ലെന്‍സ് കണ്ട പെണ്‍കുട്ടി ആയുധമാണെന്ന് തെറ്റിദ്ധരിച്ചു. ഞാന്‍ ക്യാമറയില്‍ അവളെ പകര്‍ത്താന്‍ തീരുമാനിച്ചു. അവളുടെ കണ്ണുകളില്‍ ഭയം നിറഞ്ഞു. ചുണ്ടു കടിച്ചു പിടിച്ചു. മുഖം ചുവന്ന് തുടുത്തു. പിന്നെ ഇരു കൈകളും ഉയര്‍ത്തി ദയനീയമായി കീഴടങ്ങി നിന്നു.’
ഈ വര്‍ഷമാദ്യം തുര്‍ക്കിയിലെ പത്രത്തിലായിരുന്നു ചിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഉസ്മാന്‍ സാഗിര്‍ലി കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി അവിടെ ജോലി ചെയ്ത് വരികയാണ്. രാജ്യത്തിന് പുറത്തുളള യുദ്ധവും പ്രകൃതിക്ഷോഭങ്ങളും കവര്‍ ചെയ്യുകയാണ് പതിവ്. തുര്‍ക്കിയില്‍ ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും മാസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷ് ലോകത്തെത്തുന്നത്. ഒരു ചിത്രത്തിന് എത്ര വേഗം മനസ്സുകളില്‍ ചലനമുണ്ടാക്കാന്‍ കഴിയും എന്നത് ഇതും കാണിച്ച് തരുന്നു. ഉസ്മാന്‍ സാഗിര്‍ലിയുടെ ഈ ചിത്രത്തിലൂടെ ഹുദിയ എന്ന നാല് വയസ്സുകാരിയുടെ കണ്ണിലൂടെ ഒരു രാജ്യം അനുഭവിക്കുന്ന മുഴുവന്‍ ഭീതിയും ലോകം കണ്ടു. ഇത് ലോകം കണ്ട രണ്ട് ചിത്രങ്ങളുടെ പിന്നിലെ ജീവിതം. എന്നാല്‍ കാണാതെ പോകുന്ന പതിനായിരക്കണക്കിന് അലന്‍ കുര്‍ദിയുടെയും ഹുദിയയുടെയും ജീവിതമുണ്ട്. ഭൂമിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ വെളിച്ചം നാം കെടുത്തിക്കളയരുത്. നമ്മള്‍ ആയുധമെടുക്കുമ്പോള്‍ അതിന്റെ അരിക് തട്ടി എത്രയോ നിലാച്ചിരികള്‍ മാഞ്ഞു പോകുന്നു.