ഒരു നിര്‍ദേശവും മുന്നോട്ടുവെക്കാതെ സര്‍ക്കാര്‍: മൂന്നാര്‍ ചര്‍ച്ച പരാജയം

Posted on: September 30, 2015 12:18 am | Last updated: September 30, 2015 at 12:57 pm

tea-gardenതിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ വേതനവര്‍ധന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പരിഞ്ഞു. തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ട്രേഡ് യൂനിയനുകളും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടന്ന നിര്‍ണായക ചര്‍ച്ചയില്‍ ഉടമകളും തൊഴിലാളികളും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞത്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 500 രൂപ ദിവസക്കൂലി വേണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യത്തില്‍ തൊഴിലാളി യൂനിയനുകളും ഇക്കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് പ്രതിനിധികളും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ചര്‍ച്ച വിജയിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് യോഗത്തിനു ശേഷം മന്ത്രി ഷിബു ബേബിജോണ്‍ പ്രതികരിച്ചു. ചര്‍ച്ച പരാജയപ്പെട്ടതോടെ തൊഴിലാളികളുടെ സമരം തുടരുമെന്ന് ട്രേഡ് യൂനിയനുകള്‍ വ്യക്തമാക്കി.
പ്ലാന്റേഷന്‍ ലേബര്‍ കമ്മീഷന്‍ യോഗത്തിനു മുമ്പ് മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാനങ്ങള്‍ വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല. ഉപസമിതി യോഗതീരുമാനങ്ങളും പി എല്‍ സി യോഗത്തിലുണ്ടായ വിഷയങ്ങളും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത പി എല്‍ സി യോഗം സംബന്ധിച്ചും മന്ത്രിസഭാ യോഗം തീരുമാനമാനമെടുക്കും. അതേസമയം, തോട്ടം മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളും തൊഴിലാളികളുടെ ക്ഷേമനിധി, ആരോഗ്യ ഇന്‍ഷ്വറന്‍സ്, നിയമവശങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഫിനാന്‍ഷ്യല്‍ സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായ ആറംഗ സമിതിയെ ചുമതലപ്പെടുത്തി. റവന്യൂ സെക്രട്ടറി, ലേബര്‍ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍, നിയമ സെക്രട്ടറി, വ്യവസായ സെക്രട്ടറി എന്നിവരാണ് സമിതിയംഗങ്ങള്‍. വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
കൂലി സംബന്ധമായ ഒരു നിര്‍ദേശവും മുന്നോട്ടുവെക്കാതെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്കെത്തിയത്. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഒരു ദിവസംകൊണ്ട് പരിഹരിക്കാവുന്നതല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 2011ല്‍ നടന്ന പി എല്‍ സി യോഗത്തില്‍ സര്‍ക്കാറിന് മുന്നില്‍വെച്ച വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാണ് ഇപ്പോഴും തൊഴിലാളികളുടെ ആവശ്യം. വിഷയം മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന് വിട്ടുകൊടുക്കുക മാത്രമാണ് സര്‍ക്കാറിനുള്ള അധികാരമെന്നും അതിനാല്‍ സര്‍ക്കാര്‍ സമവായ ശ്രമവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ, തൊഴിലാളികള്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ട്രേഡ് യൂനിയനുകള്‍ അറിയിച്ചു. എന്നാല്‍, കൂടിയാലോചിച്ചതിനു ശേഷം മാത്രമേ സമരം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് സ്ത്രീ തൊഴിലാളികള്‍ അറിയിച്ചു.
അതേസമയം, കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങളില്‍ ഭൂരിപക്ഷം തൊഴിലാളികളും ഇന്നലെ പണിമുടക്കി. കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ ജോലിക്കിറങ്ങുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചിരുന്നെങ്കിലും മുന്നൂറോളം സ്ത്രീകള്‍ മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്. ആവശ്യപ്പെട്ട വര്‍ധനവ് നടപ്പാക്കുകയില്ലെങ്കിലും എത്ര വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പോലും മാനേജ്‌മെന്റ് പ്രതികരിച്ചില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.