ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിന് നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധമില്ലെന്ന് ഫേസ്ബുക്ക്

Posted on: September 29, 2015 5:59 pm | Last updated: September 29, 2015 at 5:59 pm

Zuckerberg.jpg.image.784.410
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക് ആരംഭിച്ച പ്രൊഫൈല്‍ ചിത്ര ക്യാമ്പയിന് നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധമില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കോഡിംഗ് സമയത്ത് ഒരു എന്‍ജിനീയര്‍ക്ക് പറ്റിയ പിഴവാണ് ഈ ക്യാമ്പയിന്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കിയതെന്നും സുക്കര്‍ബര്‍ഗ് വിശദീകരിച്ചു.

പ്രധാനമന്ത്രി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഫേസ്ബുക്ക് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലാക്കുകയായിരുന്നു. ഇതിനു പിന്നാലെ മറ്റുള്ളവര്‍ക്കും പ്രൊഫൈല്‍ ചിത്രം മാറ്റാന്‍ ഫേസ്ബുക്ക് സൗകര്യമൊരുക്കുകയും ചെയ്തു. ഇതോടെ ഭൂരിഭാഗം പേരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റി പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടക്കാണ് ഫേസ്ബുക്കിന്റെ നടപടി നെറ്റ് ന്യൂട്രാലിറ്റിക്ക് പിന്തുണ തേടുന്നതിനുള്ള ചതിവലയാണെന്ന് പ്രചാരണം ഉയര്‍ന്നത്. ഇതിന് തെളിവായി പ്രൊഫൈല്‍ ചിത്രത്തിന്റെ കോഡിംഗില്‍ നെറ്റ് ന്യൂട്രാലിറ്റിയുടെ ഭാഗമായ ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന് കണ്ടെത്തിയത് ആശങ്കക്ക് വകനല്‍കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് സുക്കര്‍ബര്‍ഗ് വിശദീകരണവുമായി എത്തിയത്. പ്രൊഫൈല്‍ ചിത്രം മാറ്റലും ഇന്റര്‍നെറ്റ്.ഓര്‍ഗിനെ പിന്തുണയ്ക്കലും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. കോഡിംഗില്‍ നിന്ന് ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പ്രയോഗം മാറ്റിയതായും അദ്ദേഹം പറഞ്ഞു.