Connect with us

Malappuram

ജില്ലാ വിഭജന പഠനത്തിന് കമ്മീഷനെ നിയോഗിക്കണം: വികസന സമിതി

Published

|

Last Updated

മലപ്പുറം: ജനസംഖ്യാ നിരക്കില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ള ജില്ലയുടെ വിഭജനവുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തണമെന്നും ഇതിനായി കമ്മീഷനെ നിയോഗിക്കണമെന്നും ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം അബ്ദുല്ലകുട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. ക്വാറി സമരത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെ ഭവന നിര്‍മാണ പദ്ധതികളും ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത മറ്റ് പൊതുമരാമത്ത് പ്രവൃത്തികളും തടസപ്പെട്ടിരിക്കുകയാണ്. അതിനാല്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ക്വാറി സമരം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി പിന്നാക്ക ക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാറിന്റെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദ് അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു.
വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിച്ച് അപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പലയിടത്തും പ്രവര്‍ത്തനരഹിതമായിട്ടുണ്ടെന്നും ഇവ പുന:സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഇ ടി മുഹമ്മദ് ബശീര്‍ എം പിയുടെ പ്രതിനിധി അശ്‌റഫ് കോക്കൂര്‍ അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു. നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ഭാഗമായി ഡാറ്റാബേങ്ക് ഗസറ്റ് വിജ്ഞാപനം നടത്താത്ത ഗ്രാമപഞ്ചായത്തുകള്‍ അടിയന്തരമായി വിജ്ഞാപനം നടത്തണമെന്നാവശ്യപ്പെട്ട് കെ സി കുഞ്ഞിമുഹമ്മദ് അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു.
പൊന്മുണ്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ജില്ലയിലെ മറ്റ് സ്‌കൂളുകളിലും നിലവിലുള്ള അധ്യാപക ഒഴിവുകള്‍ മൂലം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ താത്ക്കാലിക സംവിധാനമുണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ സംയുക്തമായി സ്‌കൂള്‍ സന്ദര്‍ശിച്ച് യോഗ്യരായ ഹൈസ്‌കൂള്‍ അധ്യാപകരെ തത്കാലം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് നിയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ അധ്യാപക സര്‍വീസ് സംഘടനകളുമായി സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

Latest