കൂനത്തറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവതി ആഘോഷത്തിന് 29ന് തുടക്കമാകും

Posted on: September 26, 2015 10:41 pm | Last updated: September 26, 2015 at 10:41 pm

ഒറ്റപ്പാലം: കൂനത്തറ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നവതി ആഘോഷങ്ങള്‍ക്ക് 29 ന് തുടക്കമാകും.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.—
1925ല്‍ ദേശം അധികാരിയായിരുന്ന അയിരുതൊടി ഗോവിന്ദപ്പണിക്കരുടെ സഹായത്തോടെ പുത്തരിപ്പാടത്ത് ശങ്കുണ്ണിയുടെ കറ്റക്കളത്തിലാണ് എല്‍ പി സ്‌കൂള്‍ രൂപത്തില്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. സ്‌കൂള്‍ ഇന്ന് നില്‍ക്കുന്ന സ്ഥലം വാഴയില്‍ കൃഷ്ണനും, കൂനത്തറയിലെ ചെട്ടിയാര്‍ സമുദായത്തിലെ ഒരംഗവും നല്‍കിയതാണ്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സമയത്ത് യുപി സ്‌കൂളായിരുന്നത് 1982 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു.—1990 ല്‍ സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.
2004 ല്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തുകളുടെ ഇടപെടലിലൂടെയും,എം എല്‍ എ,എം പി തുടങ്ങി ജനപ്രതിനിധികളുടെയും, സര്‍ക്കാറിന്റെയും സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി. തുടര്‍ച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന വി എച്ച് എസ് ഇ വിഭാഗം സംസ്ഥാനത്ത് തന്നെ മികച്ച സ്‌കൂളുകളിലൊന്നാണ്.—
നവതി ആഘോഷത്തോടനുബന്ധിച്ച് പുതിയ സ്‌കൂള്‍ കെട്ടിടം, ഗ്രൗണ്ട് നവീകരണം, ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവക്ക് പദ്ധതിയുണ്ട്. പരിപാടികളുടെ ഭാഗമായി ഗുരു വന്ദനം, ചരിത്ര സെമിനാര്‍, വിദ്യാഭ്യാസ സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കലാകായിക താരങ്ങളെ ആദരിക്കല്‍, മാതൃസംഗമം, ചിത്രരചന,കവിയരങ്ങ് ,കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, ജൈവകര്‍ഷകരെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, തോല്‍പ്പാവക്കൂത്ത്, വാര്‍ഷികാഘോഷം എന്നിവ നടക്കും.
പത്ര സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ സി.—ജിനേഷ് കുമാര്‍, ഹെഡ്മിസ്ട്രസ്സ് പി.—ശാന്തകുമാരി, പി ടി എ പ്രസിഡണ്ട് വി ടി.—വേലായുധന്‍, വൈസ് പ്രസിഡണ്ട് കെ പി ബാലന്‍ പങ്കെടുത്തു.—