‘തട്ടി മറിഞ്ഞ് വീഴുന്നത് കണ്ടു, പിന്നെ മേല്‍ക്കു മേല്‍ വീണു’

Posted on: September 26, 2015 12:50 pm | Last updated: September 26, 2015 at 2:07 pm

mina tragedyമക്ക: എഴുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ തിക്കും തിരക്കും എങ്ങനെയുണ്ടായി എന്നതില്‍ ഔദ്യോഗിക വൃത്തങ്ങളും വിവിധ ദൃക്‌സാക്ഷികളും വ്യത്യസ്തമായ കാരണങ്ങളാണ് മുന്നോട്ട് വെക്കുന്നത്. എല്ലാം സാധാരണ പോലെ മുന്നേറുകയായിരുന്നുവെന്നും കല്ലേറ് നടത്തി ഒഴിഞ്ഞു പോകുന്നതിനായി അധികൃതര്‍ നല്‍കിയ നിര്‍ദേശം ചില തീര്‍ഥാടകര്‍ പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നും സഊദി അറേബ്യ ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാളിഹ് പറഞ്ഞു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറയുന്നത്. കാല്‍ നൂറ്റാണ്ടിനിടെ ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. ഇതു സംബന്ധിച്ച് എത്രയും വേഗം സമഗ്രമായ അന്വേഷണം പൂര്‍ത്തിയാക്കും. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഉടന്‍ കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. മക്കയിലെ ആശുപത്രികളിലാണ് പരുക്ക് പറ്റിയവരില്‍ ഏറെയുമുള്ളത്. ആവശ്യമെങ്കില്‍ മറ്റിടങ്ങളിലേക്ക് മാറ്റും.
അതേസമയം, കല്ലേറ് പൂര്‍ത്തിയാക്കി മടങ്ങിയ സംഘവും കല്ലേറിനായി പോകുന്ന സംഘവും സൂഖ് അല്‍ അറബ് സ്ട്രീറ്റിലെ താരതമ്യേന ഇടുങ്ങിയ ഭാഗത്ത് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നത്. താരതമ്യേന ശക്തരായ തീര്‍ഥാടകര്‍ വേഗത്തില്‍ വന്ന് ദുര്‍ബലരായ ഹാജിമാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടം വരുത്തി വെച്ചതെന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു തീര്‍ഥാടകന്‍ അറബ് ന്യൂസിനോട് പറഞ്ഞു. ‘വീല്‍ ചെയറില്‍ പോകുകയായിരുന്ന ഒരു ഹാജിക്ക് മുകളിലേക്ക് നിരവധി പേര്‍ തട്ടി മറിഞ്ഞ് വീഴുന്നതാണ് കണ്ടത്. പിന്നെ കൂട്ടപ്പൊരിച്ചിലായിരുന്നു. പലരും ശ്വാസം കിട്ടാനായി ആളുകളുടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു’വെന്ന് ഈജിപ്ഷ്യന്‍ തീര്‍ഥാടകനായ അബ്ദുല്ല ലുത്ഫി പറഞ്ഞു.
ഹജ്ജ് ക്രമീകരണങ്ങള്‍ പൂര്‍ണമായി പുനരവലോകനം ചെയ്യാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവ് ഉത്തരവിട്ടിട്ടുണ്ട്. ഇരു സംഘം തീര്‍ഥാടകര്‍ മറ്റൊരു സംഘത്തെ കൂട്ടിയിടിച്ചതാണ് അപകടകാരണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക നിഗമനം. ഉയര്‍ന്ന ചൂടും അതുവഴിയുണ്ടാകുന്ന ക്ഷീണവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയിരിക്കാമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
മരിച്ചവരില്‍ 131 ഇറാനിയന്‍ തീര്‍ഥാടകര്‍ ഉണ്ടെന്ന് ഇറാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ 18 പൗരന്‍മാരെ കാണാതായിട്ടുണ്ടെന്ന് തുര്‍ക്കി വൃത്തങ്ങള്‍ പറയുന്നു. മരിച്ചവരില്‍ 87 മൊറോക്കന്‍ പൗരന്‍മാരുണ്ടെന്ന് മൊറോക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.