Connect with us

Kerala

കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു. സഹകരണ വകുപ്പ് രജിസ്ട്രാര്‍ ആണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഭരണസമിതിയുടെ ചുമതല നിര്‍വഹിക്കുന്നതിന് എറണാകുളം ജില്ലാ ജനറല്‍ വിഭാഗം ജോയിന്റ് രജിസ്ട്രാറെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ വിശദമായ അന്വേഷണത്തിന് സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലെ ജോയിന്റ് രജിസ്ട്രാര്‍ ദിലീപ് കുമാറിനെ ചുമതലപ്പെടുത്തി. അഴിമതിയന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അന്വേഷണത്തിനുപരി ആഭ്യന്തര മന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സി ബി ഐ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് നടപടി.
കണ്‍സ്യൂമര്‍ഫെഡ് എം ഡിയായിരുന്ന ടോമിന്‍ തച്ചങ്കരി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി കണ്‍സ്യൂമര്‍ ഫെഡില്‍ അമ്പത് കോടി രൂപയുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ ക്രമക്കേടുകള്‍ പൂര്‍ണമായും ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം സതീശന്‍ പാച്ചേനി അധ്യക്ഷനായ ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് പല അഴിമതികളും നടത്തിയതെന്ന് മുന്‍ എം ഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കശുവണ്ടി കോര്‍പറേഷനിലെ അഴിമതി സി ബി ഐ അന്വേഷിക്കാന്‍ ഉത്തരവ് വന്നതുപോലെ കണ്‍സ്യൂമര്‍ ഫെഡിലും ഈ അവസ്ഥ വരുന്നത് ഒഴിവാക്കാനാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രിയും മന്ത്രിമാരായ രമേശ് ചെന്നിത്തലയും സി എന്‍ ബാലകൃഷ്ണനും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയ ശേഷമാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്.

Latest