Connect with us

Articles

ഇസ്‌ലാമിന്റെ മാനിഫെസ്റ്റോ ലോകത്തിന് സമര്‍പ്പിച്ച അത്യപൂര്‍വ സംഗമം

Published

|

Last Updated

തലേദിവസം മിനയില്‍ രാപ്പാര്‍ത്ത് പ്രാര്‍ഥനയില്‍ മുഴുകി സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി പ്രവിശാലമായ അറഫ മൈതാനിയില്‍ സമ്മേളിക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരേ മനസ്സുമായി ഒരേ മന്ത്രം ഉരുവിട്ട് ഒരേ വസ്ത്രമണിഞ്ഞ് നടന്നുനീങ്ങുന്ന കാഴ്ച കണ്‍കുളിര്‍മയുള്ളതാണ്. ഇബ്‌റാഹിം നബി(അ)മിന്റെ വിളികേട്ടെത്തിയ അല്ലാഹുവിന്റെ അതിഥികള്‍ തല്‍ബിയത്തിന്റെ മന്ത്രം ചൊല്ലി, വെണ്‍മയുള്ള പാരാവാരം കണക്കെ ഒഴുകുന്നത് നാഥന്റെ മുന്നിലേക്കാണ്.
ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് വര്‍ഷാവര്‍ഷം അറഫയില്‍ നടക്കുന്നത്. ഹജ്ജിന്റെ മര്‍മപ്രധാമായ അറഫ സംഗമം ചരിത്രത്തില്‍ അതുല്യമായ ഏടാണ്. തിരുനബി (സ) വിടവാങ്ങിറപ പ്രസംഗം നടത്തിയ, ഇസ്‌ലാമിന്റെ മാനിഫെസ്റ്റോ ലോകത്തിന് സമര്‍പ്പിച്ച അത്യപൂര്‍വ സംഗമം. മാനവികതക്ക് മഹിത മൂല്യങ്ങള്‍ സമ്മാനിച്ച ഉജ്ജ്വല സമാഗമം. ആ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമുസ്‌ലിംകള്‍ ദുല്‍ഹിജ്ജ ഒമ്പതിന് നോമ്പും പത്തിന് പെരുന്നാളും ആഘോഷിക്കുന്നു. ത്യാഗ സമര്‍പ്പണത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും സ്മരണകളാണ് ഹജ്ജ് പെരുന്നാള്‍. സ്രഷ്ടാവായ അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്ക് മുന്നില്‍ സൃഷ്ടിയായ ഒരു പ്രവാചകന്‍ നന്ദിയോടെ കീഴടങ്ങുന്ന ഏറ്റവും നല്ല അനുസരണ ബോധത്തിന്റെ സ്ഫുരിക്കുന്ന ഓര്‍മകളാണ് ബലിപെരുന്നാള്‍ മാനവരാശിക്ക് സമ്മാനിക്കുന്നത്. പരീക്ഷണങ്ങളും പ്രതിസന്ധികളും എത്ര കഠിനവും ശക്തവുമായാല്‍ തന്നെയും അചഞ്ചലമായ വിശ്വാസത്തോടെയും ദൃഢമായ മനക്കരുത്തോടെയും അതിനെ നേരിടാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിജയി എന്ന യാഥാര്‍ഥ്യം മാലോകരെ ഇബ്‌റാഹിം നബിയുടെ സ്മരണകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വെള്ളമോ പച്ചപ്പോ ഇല്ലാതെ തരിശായിക്കിടന്ന മക്ക മണലാരണ്യത്തില്‍ നടന്ന ഇബ്‌റാഹിം നബി(അ)ന്റെയും പ്രിയതമ ഹാജറബീവി, പ്രിയ പുത്രന്‍ ഇസ്മാഈല്‍ നബി (അ)ന്റെയും ത്യാഗ ചരിതങ്ങള്‍ വെറുതെ വായിച്ച് തള്ളാനുള്ളതല്ല. നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനും മാതൃകയാക്കാനുമുള്ള ധാരാളം അനുഭവങ്ങളും പാഠങ്ങളും അതിലുള്‍ക്കൊള്ളുന്നുണ്ട്. ഒരുപാട് നാളത്തെ പ്രതീക്ഷയുടെയും പ്രാര്‍ഥനയുടെയും ഫലമായാണ് ഇബ്‌റാഹിം നബി (അ)ന് അല്ലാഹു ഓമനത്തമുള്ള ഒരു കുഞ്ഞിനെ സമ്മാനിക്കുന്നത്. എന്തിനും ധൃതിപ്പെടുന്ന മനുഷ്യന് ക്ഷമയും അവധാനവും ശീലിപ്പിക്കുകയാണ് നാഥന്‍. നാം പല ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്രഷ്ടാവിനോട് നിരന്തരം ചോദിക്കുന്നവരാണ്. എന്നാല്‍ ചിലപ്പോഴത് കിട്ടിയില്ലെന്ന് വരും. എന്നുവെച്ച് ഒരിക്കലും നിരാശ പാടില്ല. നിരാശാബോധം പുതുസമൂഹത്തിനിടയില്‍ വര്‍ധിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഇന്ന് യുവാക്കളില്‍ കാണുന്ന അരക്ഷിതത്വത്തിന് കാരണം നൈരാശ്യമാണ്. നിരാശയാണ് അവരെ ആത്മഹത്യ പോലുള്ള കടുംചെയ്തികള്‍ക്ക് പ്രേരിപ്പിക്കുന്നത്. സൃഷ്ടിയുടെ എല്ലാ കാര്യങ്ങളും സ്രഷ്ടാവിന് അറിയാവുന്നത് പോലെ, തന്നോട് ചോദിച്ച ആവശ്യപ്പെട്ട കാര്യം എപ്പോഴാണ് നല്‍കേണ്ടത് എന്നും സൃഷ്ടാവിന് കൃത്യമായി അറിയാം. അങ്ങനെ കണക്കാക്കിയ സമയത്ത് മസ്വ ്‌ലഹത്ത് (നന്മ) അനുസരിച്ച് മാത്രമേ അല്ലാഹു തആല നല്‍കുകയുള്ളൂ. ഇത് മനസ്സിലാക്കാനുള്ള വിവേകം നമുക്കുണ്ടാകണം.

മക്കളുടെ സാമീപ്യം പിതാക്കള്‍ നന്നായി ആഗ്രഹിക്കുന്നവരാണ്. പ്രത്യേകിച്ചും പിഞ്ചു മക്കളുടെ സാമീപ്യം. എത്ര സമയവും നാം കളിച്ചും കളിപ്പിച്ചും അവരോടൊപ്പം ചെലവഴിക്കാന്‍ തയ്യാറാകുന്നു. കുഞ്ഞുമക്കളുടെ കളിതമാശകള്‍ ഹൃദ്യവും കണ്‍കുളിര്‍മയുമാണ്. ഇബ്‌റാഹിം നബി (അ) പൊന്നുമകന്റെ കുസൃതി ആസ്വദിക്കുന്നതിനിടയിലാണ് പ്രബോധനവുമായി മുന്നേറാനുള്ള സ്രഷ്ടാവിന്റെ വിളിയാളം വരുന്നത്. ഒട്ടും അമാന്തിച്ചില്ല. തന്റെ ഭാര്യയെയും പുത്രനെയും മക്കാ താഴ്‌വരയില്‍ നിര്‍ത്തി അല്‍പം വെള്ളവും ഈത്തപ്പഴവും നല്‍കി ഇബ്‌റാഹിം നബി (അ) പ്രബോധനം ലക്ഷ്യമാക്കി നടന്നുനീങ്ങി. ഭാര്യക്കും കുട്ടിക്കും എന്തു സംഭവിക്കും എന്ന ചിന്ത ഇബ്‌റാഹിം നബി (അ)നെ അലട്ടിയില്ല. തന്റെ കുടുംബത്തെ നാഥന്‍ നോക്കിക്കൊള്ളും എന്ന് ഇബ്‌റാഹിം നബി (അ) ഉറച്ച് വിശ്വസിച്ചിരുന്നു. തവക്കുലിന്റെ (അര്‍പ്പണബോധം) മഹിതമായ മാതൃകയാണ് ഇവിടെ കാണുന്നത്. ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്, അതിനാല്‍ അവന്‍ എന്നെ നോക്കിക്കൊള്ളും എന്ന ചിന്ത തവക്കുലിന്റെ കാതലായ ഭാഗമാണ്. അല്ലാഹുവേ നീയാണെന്റെ ലക്ഷ്യം. നിന്റെ പൊരുത്തമാണെന്റെ തേട്ടം.

“ആരെങ്കിലും അല്ലാഹുവിനെ ഭരമേല്‍പ്പിച്ചാല്‍ അവന്‍ മതി” എന്ന ഖുര്‍ആന്‍ അധ്യാപനം ഇവിടെ പ്രസക്തമാകുകയാണ്. പുതുതലമുറക്കിടയില്‍ തവക്കുലിന്റെ അഭാവം നിഴലിച്ച് കാണുന്നുണ്ട്. ത്യാഗ സന്നദ്ധത ജനങ്ങള്‍ക്കിടയില്‍ കുറഞ്ഞുവരുന്നു. നമുക്ക് ചുറ്റും കാണുന്ന മുന്നേറ്റങ്ങളും വളര്‍ച്ചയും കഠിനമായ ത്യാഗത്തിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുത്തതാണ്. നമ്മുടെ മുന്‍ഗാമികള്‍ പകര്‍ന്ന് തന്ന ത്യാഗ സന്നദ്ധത പിന്‍ഗാമികള്‍ ഏറ്റെടുക്കുകയായിരുന്നു. പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും തീച്ചൂളകള്‍ ക്ഷമയോടെ, കരുത്തോടെ നേരിട്ടതിന്റെ ഫലമാണ് അഭിമാനകരമായി ഉയര്‍ന്നുനില്‍ക്കുന്ന ധാരാളം ധാര്‍മിക ബോധമുണര്‍ത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും. ഇതിന്റെ നിലനില്‍പ്പ് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാകണം. ഒപ്പം അല്ലാഹു ഉണ്ട് എന്ന ചിന്തയായിരിക്കണം നമ്മെ നയിക്കേണ്ടത്. കാട്ടിക്കൂട്ടലുകള്‍ക്ക് വേണ്ടി സമയം പാഴാക്കരുത്. ഇബ്‌റാഹിമിയ്യ ഏടുകളില്‍ നിന്നും ഇത്തരം നല്ല പാഠങ്ങള്‍ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്.

പ്രബോധനമധ്യേ വീണ്ടും കുടുംബവുമായി സമയം ചെലവഴിക്കാന്‍ അവസരം കൈവന്നപ്പോഴാണ് അടുത്ത പരീക്ഷണം ഇബ്‌റാഹിം നബി(അ)മിനെ തേടിയെത്തിയത്. മകന്‍ ഇസ്മാഈലിനെ ബലിയറുക്കണമെന്ന് സ്വപ്‌നത്തിലൂടെ നാഥന്‍ നിര്‍ദേശിച്ചിരിക്കുന്നു. ത്യാഗസന്നദ്ധനായ ഇബ്‌റാഹിം നബി (അ) യാതൊരു വൈമനസ്യവും കാണിക്കാതെ തെല്ലിട സംശയിക്കാതെ അറുക്കാനായി മകന്റെ പിഞ്ചുകരങ്ങള്‍ പിടിച്ച് മിനയിലേക്ക് നടന്നുനീങ്ങി. പോകുന്നതിനിടയില്‍ പിശാച് ഇവരെ പിന്തിരിപ്പിക്കാന്‍ കെണിവലകള്‍ തീര്‍ത്തെങ്കിലും അതിലൊന്നും കുടുങ്ങാതെ ഇബ്‌റാഹിം നബി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങി. പ്രവാചകന്റെ മനോധൈര്യത്തിന് മുന്നില്‍ പിശാചിന്റെ എല്ലാ കരുത്തും ചോര്‍ന്നുപോകുകയായിരുന്നു. പിശാചിന്റെ ശക്തിയെ തകര്‍ക്കാനുള്ള വിശ്വാസം (ഈമാന്‍) നാം കൈമുതലാക്കണമെന്നാണ് ഇത് ഓര്‍മപ്പെടുത്തുന്നത്.

ഹൃദയചാപല്യം നമ്മുടെ മനസ്സിനകത്ത് ഇബ്‌ലീസിന് പെട്ടെന്ന് കുടിയിരിക്കാന്‍ അവസരമൊരുക്കും. നാം ബലഹീനരായാല്‍ പിശാച് നമ്മെ പെട്ടെന്ന് കീഴ്‌പ്പെടുത്തും. അതിനാല്‍ ശാരീരിക ഇച്ഛകള്‍ക്കെതിരെയും പൈശാചിക ചിന്തകള്‍ക്കെതിരെയുമായിരിക്കണം പോരാടേണ്ടത്. അതാണ് ജീവിതത്തിലെ യഥാര്‍ഥ സമരമെന്നാണ് പ്രവാചകാധ്യാപനങ്ങള്‍. അത് നമ്മുടെ മനതലങ്ങളിലെപ്പോഴുമുണ്ടാകണം. ഇബ്‌റാഹീം നബിയുടെ സരണി തിരുനബി (സ)യുടെ ജീവിതത്തില്‍ സമ്പൂര്‍ണമായി ദര്‍ശിക്കാവുന്നതാണ്. കാരണം പ്രവാചകന്മാരെല്ലാം ഒരേ പാതയിലാണ്. അവരാണ് നമ്മുടെ മാതൃകകള്‍. അവരുടെ ചര്യയാണ് പിന്തുടരേണ്ടത്. അവരുടെ അധ്യാപനങ്ങളാണ് നാം പഠിക്കേണ്ടത്. അവരുടെ ജീവിതമാണ് നാം പകര്‍ത്തേണ്ടത്. അതാണ് വിശുദ്ധ ഹജ്ജിന്റെ പരിമളം. ആ മണമാണ് ലോകത്ത് മന്ദമാരുതനായി വീശുന്നത്.
വലില്ലാഹില്‍ ഹംദ്….