Connect with us

Kerala

സ്വരം കടുപ്പിച്ച് ഗ്രൂപ്പുകള്‍: പുനഃസംഘടന ഉടന്‍ നടക്കില്ല

Published

|

Last Updated

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായി മാത്രം ചര്‍ച്ച ചെയ്ത് പുനഃസംഘടനാ വിഷയത്തില്‍ തീരുമാനമെടുത്ത ഹൈക്കമാന്‍ഡ് നിലപാടില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത പ്രതിഷേധം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന വേണ്ടെന്ന നിലപാട് മാറ്റേണ്ടതില്ലെന്നും ഇരു ഗ്രൂപ്പുകള്‍ക്കുമിടയില്‍ ധാരണയായി. ഏകപക്ഷീയമായി ഇക്കാര്യം തീരുമാനിച്ചതില്‍ ഒരുമിച്ച് ഹൈക്കമാന്‍ഡിനെ പ്രതിഷേധം അറിയിക്കാനും ഇരു ഗ്രൂപ്പ് നേതാക്കളും തീരുമാനിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചാണ് സുധീരന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. അതേസമയം, സോണിയയോ രാഹുലോ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായോ രമേശ് ചെന്നിത്തലയുമായോ ആശയവിനിമയം പോലും നടത്താതെ തീരുമാനമെടുത്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കണമെന്നാണ് ഗ്രൂപ്പുകള്‍ക്കിടയിലെ വികാരം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പുനഃസംഘടനാ പ്രക്രിയയുമായി മുന്നോട്ടുപോകാന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയത്. സുധീരന്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. കേരളത്തിലെ പ്രബല ഗ്രൂപ്പുകളും പ്രമുഖനേതാക്കളും വിരുദ്ധ നിലപാട് സ്വീകരിച്ച ഇങ്ങനെയൊരു തീരുമാനം വന്നത് ഇരു ഗ്രൂപ്പ് നേതാക്കളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. നേതാക്കളുടെ പരസ്യപ്രതികരണത്തില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് നേതാവുമായ മന്ത്രി കെ സി ജോസഫ് തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്താനുള്ള നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. ഐ ഗ്രൂപ്പിന് വേണ്ടി കെ മുരളീധരനാണ് പുനഃസംഘടനയെ എതിര്‍ത്ത് രംഗത്തെത്തിയത്. അതേസമയം, പിന്നോട്ടില്ലെന്ന തന്റെ നിലപാട് ടി എന്‍ പ്രതാപനിലൂടെ സുധീരന്‍ ഇന്നലെയും ആവര്‍ത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്തുന്നത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കുമെന്നും കെ പി സി സി നിര്‍വാഹക സമിതിയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് സുധീരന്‍ ചെയ്യുന്നതെന്നുമായിരുന്നു പ്രതാപന്റെ പ്രതികരണം.

cartoon-1
ഹൈക്കമാന്‍ഡ് എന്ത് നിലപാട് സ്വീകരിച്ചാലും തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന വേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇരു ഗ്രൂപ്പുകളും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ പുനഃസംഘടന നടത്തുന്നത് തിരിച്ചടിയാകും. സുധീരന്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഒരു നിലയിലും സഹകരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജന്‍ഡയില്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ട്ടിയെ ചലിപ്പിക്കാന്‍ കഴിയൂ.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡി സി സി കണ്‍വെന്‍ഷനുകളും ജില്ലാ പ്രസിഡന്റുമാരുടെ ജാഥകളും ഉടന്‍ നടത്തേണ്ടതുണ്ട്. ഓരോ ജില്ലയിലും തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്കരിക്കുക, ഘടകകകക്ഷികളുമായി സീറ്റ് വിഭജനം നടത്തുക, സ്ഥാനാര്‍ഥികളെ കണ്ടെത്തുക തുടങ്ങി സുപ്രധാന ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ സമയം മാത്രമാണുള്ളത്. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലുമുള്‍പ്പെടെ വരാനിടയുള്ള തര്‍ക്കങ്ങള്‍ അതാത് സമയം ഇടപെട്ട് പരിഹരിക്കേണ്ടതുണ്ട്.
ഇക്കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ ഡി സി സി പുനഃസംഘടന നടത്താന്‍ പോയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ രണ്ടാഴ്ചപോലും ബാക്കിയില്ല. പുനഃസംഘടനയെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ താഴേത്തട്ട് വരെയുള്ള ജയസാധ്യതയെ ബാധിക്കും. അനാവശ്യമായ ഗ്രൂപ്പ് പോര് സൃഷ്ടിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ബാധിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Latest