Connect with us

Gulf

സോളാര്‍ പാര്‍ക്കിന്റെ മൂന്നാം ഘട്ടം ദിവ ടെണ്ടറിന് ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ദിവ ടെണ്ടറിന് ഒരുങ്ങുന്നു. 800 മെഗാവാട്ട് വൈദ്യുതിയാണ് മൂന്നാം ഘട്ട വികസനത്തിലൂടെ ദിവ ലക്ഷ്യമിടുന്നത്. വര്‍ഷത്തിന്റെ നാലാം പാദത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഈ മാസം അവസാനമാവും ടെണ്ടര്‍ നടക്കുക. ഒന്നാം ഘട്ടത്തില്‍ 13 മെഗാവാട്ടായിരുന്നു ലക്ഷ്യമിട്ടത്. രണ്ടാം ഘട്ടത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയാവും ഉല്‍പാദിപ്പിക്കുക. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് പദ്ധതിയിലൂടെ മൊത്തം ലക്ഷ്യമിടുന്നത് 3,000 മെഗാവാട്ട് വൈദ്യുതിയാണെന്ന് ദിവ ചീഫ് എക്‌സിക്യൂട്ടീവ് സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. രണ്ടാംഘട്ട നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ നിരക്കുള്ള ക്വട്ടേഷന്‍ നല്‍കിയത് സഊദി അറേബ്യയിലെ എ സി ഡബ്ലിയു എ പവറും സ്‌പെയിനിലെ ടി എസ് കെയുമായിരുന്നു.
13 മെഗാവാട്ടിന്റെ ഒന്നാം ഘട്ടം 2013 ഒക്ടോബര്‍ മുതല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 200 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുക. ഇതിന്റെ നിര്‍മാണം നടന്നുവരികയാണ്. യു എ ഇ വിഷന്‍ 2021ന്റെ ഭാഗമായ പരിസ്ഥിതി സൗഹൃദ ഊര്‍ജ പദ്ധതികളുടെ ഭാഗമാണ് സൗരോര്‍ജ പദ്ധതി. 2020 ആവുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ ഏഴ് ശതമാനം പുനരുപയുക്ത ഊര്‍ജമേഖലയില്‍ നിന്നാവണമെന്നാണ് ലക്ഷ്യമിടുന്നത്. 2030 ആവുമ്പോഴേക്കും മൊത്തം വൈദ്യുതിയുടെ 15 ശതമാനമായി ഇത് ഉയര്‍ത്തും. 2030 ആവുമ്പോള്‍ വൈദ്യുതി ഉല്‍പാദനത്തിന്റെ 71 ശതമാനം ദ്രവീകൃത ഇന്ധനത്തില്‍ നിന്നും 15 ശതമാനം സൗരോര്‍ജത്തില്‍ നിന്നും ഏഴു ശതമാനം കല്‍ക്കരിയില്‍ നിന്നുമായിരിക്കും. ഏഴു ശതമാനം ആണവോര്‍ജത്തില്‍ നിന്നും ഉല്‍പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.