Connect with us

Kozhikode

കരിപ്പൂര്‍: ലീഗ് നേതാക്കളുടെ അവകാശവാദം പച്ചക്കള്ളം- ഐ എന്‍ എല്‍

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള നിര്‍മാണത്തിന് 200 കോടി രൂപ പിരിച്ചുനല്‍കിയെന്ന മുസ്‌ലീം ലീഗ് നേതാക്കളുടെ അവകാശവാദം ദുരുദ്ദേശ്യപരമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലും ജന. സെക്രട്ടറി എ പി അബ്ദുല്‍വഹാബും ചൂണ്ടിക്കാട്ടി. മലബാറിലെ മുഴുവന്‍ ആളുകളുടെയും അഭിലാഷമായിരുന്ന വിമാനത്താവളത്തിന് സ്വദേശത്തും വിദേശത്തും പൊതുസമൂഹമാണ് സഹായം നല്‍കിയത്. സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ജനപ്രതിനിധികളും അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടറുമൊക്കെയാണ് ഫണ്ട് സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങിയത്. അതിനെ പാര്‍ട്ടി പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം വിലകുറഞ്ഞതാണ്. വിമാനത്താവള വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് വേണ്ടിവന്നാല്‍ ലീഗ് നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനവും വെറും വിടുവായത്തമാണ്. അവധാനതയില്ലാത്ത ഇത്തരം വീമ്പുപറച്ചിലുകള്‍ വിമാനത്താവള വികസനത്തിന് വാസ്തവത്തില്‍ വിലങ്ങുതടിയായി മാറുമെന്ന കാര്യം നേതാക്കള്‍ ഓര്‍ക്കണം. കരിപ്പൂര്‍ വിമാനത്താവളം ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഔദാര്യമല്ല, അതിന്റെ വികസനത്തിന് സര്‍ക്കാറാണ് മുന്നിട്ടിറങ്ങേണ്ടത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിമാനത്താവളം കൊട്ടിയടച്ചപ്പോള്‍ അനങ്ങാപ്പാറ നയം കൈക്കൊണ്ടിലെ ജാള്യത മറക്കാനും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുമാണ് ലീഗ് നേതാക്കള്‍ പ്രസ്താവന നടത്തുന്നതെങ്കിലും അത് വിമാനത്താവളത്തിന് വേണ്ടി മുന്നോട്ട് വന്നവരെ അലോസരപ്പെടുത്തുന്നതിനേ ഉപകരിക്കുകയുള്ളുവെന്നും ഐ എന്‍ എല്‍ ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു.