ടാങ്കര്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു

Posted on: September 21, 2015 10:16 am | Last updated: September 21, 2015 at 10:16 am

കോഴിക്കോട്: ദുരന്തങ്ങളില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളുന്നില്ലെന്നാണ് ആവര്‍ത്തിക്കപ്പെടുന്ന ടാങ്കര്‍ അപകടങ്ങള്‍ വ്യക്തമാക്കുന്നത്. ടാങ്കര്‍ സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും പരസ്യമായി ലംഘിക്കപ്പെടുകയാണ്. നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കാന്‍ വഴിവിട്ട മാര്‍ഗങ്ങളും പാചകവാതക വിതരണ കമ്പനികള്‍ സ്വീകരിക്കുന്നു.
ഇരുപത് പേരുടെ മരണത്തിനിടയാക്കിയ കണ്ണൂര്‍ ചാല ടാങ്കര്‍ ദുരന്തത്തിന് ശേഷം പല നടപടികളും സ്വീകരിച്ചിരുന്നുവെങ്കിലും അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ശനിയാഴ്ച അര്‍ധരാത്രി വടകരയില്‍ നടന്ന ടാങ്കര്‍ അപകടം ഒടുവിലത്തെ ഉദാഹരണമാണ്. ചാല ദുരന്തത്തിനുശേഷം പാചകവാതക വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചിട്ടും ഒന്നും ഉണ്ടായില്ല. ഗ്യാസ് ടാങ്കറുകള്‍ ഇപ്പോഴും തിരക്കുള്ള പാതകളിലൂടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ചീറിപ്പായുകയാണ്. സമാന ദുരന്തമുണ്ടായ മംഗലാപുരം ഉപ്പിലങ്ങാടിയില്‍ തമിഴ്‌നാട്ടുകാരനായ ടാങ്കര്‍ ഡ്രൈവറടക്കം ഏഴ്‌പേരെയാണ് അഗ്നി വിഴുങ്ങിയത്.
വടകരയില്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞെങ്കിലും ഗ്യാസ് ചോരാത്തതിനാല്‍ ദുരന്തമൊഴിവാകുകയായിരുന്നു. ചുടലയില്‍ ഗ്യാസ് ചോര്‍ന്നെങ്കിലും ഭാഗ്യംകൊണ്ടു മാത്രം ദുരന്തമായി മാറിയില്ല. എന്നാല്‍ വലിയൊരു പ്രദേശത്തെ ജനങ്ങള്‍ക്കാകെ മണിക്കൂറുകളോളം മുള്‍മുനയില്‍ നില്‍ക്കേണ്ടിവന്നു. ടണ്‍കണക്കിനു പാചകവാതകവുമായി പോകുന്ന ടാങ്കറില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഇപ്പോഴും ഉള്ളത്. ഡ്രൈവറെ കൂടാതെ ഒരു സഹായിയും ലോറിയിലുണ്ടായിരിക്കണമെന്ന നിര്‍ദേശം പൂര്‍ണമായും ലംഘിക്കപ്പെട്ടു കൊണ്ടിരുക്കുകയാണ്.
ഐ ഒ സിയുടെ എഴുപതോളം ഗ്യാസ് ടാങ്കറുകള്‍ മംഗലാപുരത്തുനിന്നു പ്രതിദിനം മലപ്പുറം ചേളാരിയിലെ ഫില്ലിംഗ് യൂനിറ്റിലേക്കു വരുന്നുണ്ട്. ഇത്രയും ടാങ്കറുകള്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളിലേക്കും മംഗലാപുരത്തുനിന്നു പോകുന്നു. എച്ച് പി സിയുടെ നാല്‍പ്പതോളം ടാങ്കറുകളാണ് കേരളത്തിലേക്കു വരുന്നത്. ഗ്യാസ് വിതരണ ചുമതല കമ്പനികള്‍ക്കാണെങ്കിലും ടാങ്കറുകള്‍ സ്വകാര്യ ഏജന്‍സികളുടേതാണ്. ഡ്രൈവര്‍മാരെ ഏര്‍പ്പാടാക്കുന്നതും ഈ ഏജന്‍സികള്‍ തന്നെ. ടാങ്കര്‍ മറിഞ്ഞാലും ഗ്യാസ് ചോരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ടാങ്കറില്‍ വേണമെന്ന നിബന്ധനകളും അധികൃതര്‍ കണക്കിലെടുക്കുന്നില്ല.
അപകടത്തില്‍പ്പെടുന്ന ടാങ്കറില്‍ നിന്നു പാചകവാതകം മാറ്റുന്നതിനുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സബിള്‍ വെഹിക്കിള്‍ പല ജില്ലകളിലുമില്ല. എച്ച് പി സിക്കു മംഗലാപുരത്തും ഐ ഒ സിക്ക് കൊച്ചിയിലും മാത്രമാണ് ഈ സംവിധാനമുള്ളത്.