റെയില്‍വേ മന്ത്രിക്ക് വി എസിന്റെ കത്ത്

Posted on: September 21, 2015 9:32 am | Last updated: September 23, 2015 at 11:13 pm

vs 2തിരുവനന്തപുരം: സ്ലീപ്പര്‍, എ സി ക്ലാസ് ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകള്‍ വഴി നല്‍കുന്നത് നിര്‍ത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു. ഈ രണ്ട് വിഭാഗം ടിക്കറ്റുകളും പഴയതു പോലെ സാധാരണ കൗണ്ടര്‍ വഴി നല്‍കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
റെയില്‍വേയുടെ പുതിയ തീരുമാനം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. കൃത്യമായി ടിക്കറ്റെടുത്ത് മാത്രം യാത്ര ചെയ്യുന്ന കേരളത്തിലെ ട്രെയിന്‍ യാത്രക്കാരോടുള്ള വെല്ലുവിളിയാണിത്.
ഒന്നോ, രണ്ടോ മിനുട്ട് മാത്രം സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന ട്രെയിനുകളില്‍ മുന്‍കൂട്ടി തന്നെ ടി ടി ഇ മാരെ കണ്ടുപിടിച്ച് എങ്ങനെ ഇത്തരം ടിക്കറ്റ് മാറ്റി വാങ്ങുമെന്ന കാര്യം റെയില്‍വേ അധികൃതര്‍ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ അനുവദിച്ചിട്ടുള്ള സൗജന്യ നിരക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കുമെന്നും വി എസ് കുറ്റപ്പെടുത്തി.