Connect with us

Kasargod

ജയശ്രീക്ക് തുണയായി നാട്ടുകാരുടെ സഹായസമിതി

Published

|

Last Updated

കാസര്‍കോട്: അമ്മ സരസ്വതി വാഹനാപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ബി ടെക് പഠനം മുടങ്ങിയ മകള്‍ ജയശ്രീയെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. ജയശ്രീയെ കാസര്‍കോട് എല്‍ ബി എസ് എന്‍ജിനിയറിങ് കോളജില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ ബദിയടുക്കയില്‍വച്ച് കര്‍ണാടക ആര്‍ടിസി ബസ്സില്‍നിന്ന് വീണാണ് കുമ്പഡാജെ ഏത്തടുക്ക സ്വദേശിനിയും ബീഡിത്തൊഴിലാളിയുമായ സരസ്വതിക്ക് ഗുരുതരമായി പരുക്കേറ്റത്. സരസ്വതിയും മകളും മാത്രമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഒരു മാസത്തോളമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സരസ്വതിയുടെ ചികിത്സാചെലവ് നാല് ലക്ഷത്തോളം വരും.
സരസ്വതിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പണമടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാനായില്ല. അമ്മയ്‌ക്കൊപ്പം നില്‍ക്കേണ്ടി വന്നതിനാല്‍ ജയശ്രീക്ക് കോളജില്‍ പോകാനും സാധിക്കുന്നില്ല.
കുമ്പഡാജെയില്‍ ഇവര്‍ക്ക് സ്വന്തമായുള്ള അഞ്ചുസെന്റ് സ്ഥലത്ത് ഉദാരമതികളുടെ സഹായത്തോടെ വീട് നിര്‍മിച്ച് നല്‍കാനും സരസ്വതിയുടെ ചികിത്സാചെലവ് ഏറ്റെടുക്കാനും ബദിയടുക്ക പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചെയര്‍മാനും മാഹിന്‍ കേളോട്ട് കണ്‍വീനറുമായി സരസ്വതി ചികിത്സാസഹായ സമിതിയും രൂപീകരിച്ചു. സഹായങ്ങള്‍ കാനറ ബേങ്ക് ബദിയടുക്ക ശാഖയിലെ 4489101002901, ഐഎഫ്‌സി കോഡ് സിഎന്‍ആര്‍ബി 0004489 അക്കൗണ്ടില്‍ അയക്കണം.

Latest