Connect with us

Education

കേന്ദ്ര ജോലിക്ക് ഓപണ്‍- വിദൂര വിദ്യാഭ്യാസം അംഗീകരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഓപണ്‍- വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ സര്‍വകലാശാലകള്‍ നല്‍കുന്ന ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിക്കുള്ള യോഗ്യതയായി അംഗീകരിക്കും. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു ജി സി) അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമാണ് പരിഗണന ലഭിക്കുക. ഇക്കാര്യം വ്യക്തമാക്കി മാനവ വിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
സാങ്കേതിക വിദ്യാഭ്യാസ ബിരുദം ഉള്‍പ്പെടെ ഓപണ്‍, വിദൂര വിദ്യാഭ്യാസം വഴി ലഭിക്കുന്ന എല്ലാ ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കുള്ള യോഗ്യതയായി അംഗീകരിക്കും. പാര്‍ലിമെന്റ്, നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സര്‍വകലാശാലകളോ യു ജി സിയുടെ അംഗീകാരമുള്ള കല്‍പ്പിത സര്‍വകലാശാലകളോ നടത്തുന്ന കോഴ്‌സുകളായിരിക്കണം. വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കൗണ്‍സില്‍, ഇഗ്‌നോ എന്നിവയുടെ അംഗീകാരം വേണം. സാങ്കേതിക കോഴ്‌സുകളുടെ കാര്യത്തില്‍ ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെയും അംഗീകാരം ആവശ്യമായി വരും. വിദൂര വിദ്യാഭ്യാസം വഴി സര്‍വകലാശാലകള്‍ നല്‍കുന്ന എന്‍ജിനീയറിംഗ് ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കുമോയെന്നത് വിജ്ഞാപനത്തില്‍ വ്യക്തമല്ല.
എന്‍ജിനീയറിംഗ്, ടെക്‌നോളജി എന്നിവയില്‍ വിദൂര വിദ്യാഭ്യാസം വഴി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്നതില്‍ നിന്ന് സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആറ് മാസം മുമ്പ് യു ജി സി വിലക്കിയിരുന്നു. ഇക്കാര്യം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല.

Latest