Connect with us

Kozhikode

ക്ഷേമപെന്‍ഷന്‍ മുടങ്ങി; വികലാംഗര്‍ക്ക് ദുരിതം

Published

|

Last Updated

കോഴിക്കോട്: വികലാംഗര്‍ക്ക് ഏറെ സഹായകരമായ ക്ഷേമപെന്‍ഷന്‍ ഈ വര്‍ഷം വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ വരെയാണ് ജില്ലയില്‍ ചില പഞ്ചായത്തുകളില്‍ പെന്‍ഷന്‍ വിതരണം ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ മിക്ക പഞ്ചായത്തുകളിലും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. ജില്ലയിലെ ചില പഞ്ചായത്തുകളില്‍ നാലുമാസത്തിനുമുകളിലും പെന്‍ഷന്‍ വിതരണം ചെയ്യാനുണ്ട്. മാസം തോറും 800 രൂപയാണ് വികലാംഗര്‍ക്ക് ക്ഷേമപെന്‍ഷനായി ലഭിക്കുന്നത്. ഈ തുകയാണ് ഈ വര്‍ഷം പലര്‍ക്കും ലഭിക്കാതെ പോയത്. ഓണം, റമസാന്‍ എന്നിവയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കടന്നുപോയിട്ടും പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥയാണ്.
പഞ്ചായത്തില്‍ അന്വേഷിക്കുമ്പോള്‍ പോസ്റ്റ് ഓഫീസില്‍ അന്വേഷിക്കാനും, അവിടെ അന്വേഷിച്ചാല്‍ പഞ്ചായത്തിലും അന്വേഷിക്കാനാണ് അധികൃതര്‍ പറയുന്നതെന്നാണ് വികലാംഗര്‍ പറയുന്നത്. എന്നാല്‍ സാങ്കേതികപരമായ കാരണങ്ങള്‍ കൊണ്ടാണ് പെന്‍ഷന്‍ മുടങ്ങുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
വൈകല്യങ്ങളെ അതിജീവിച്ച് ജീവിക്കുമ്പോഴും പലപ്പോഴും ഇവര്‍ക്ക് തുണയാകുന്നത് ക്ഷേമ പെന്‍ഷനാണ്. ഈ തുകയാണ് മാസങ്ങളോളമായി മുടങ്ങിക്കിടക്കുന്നത്. മാസംതോറും ലഭിക്കുന്ന 800 രൂപയാണ് പലപ്പോഴും ഇവര്‍ക്ക് ജീവിക്കാനുള്ള വകയായി മാറുന്നത്. പെന്‍ഷന്‍ മുടങ്ങുന്നതിന് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞൊഴിയുമ്പോഴും ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ക്കാവുന്നില്ല.

Latest