Connect with us

Kerala

തിരഞ്ഞെടുപ്പ്: പ്രാദേശിക വിഷയങ്ങളില്‍ പാര്‍ട്ടികളുമായി സഹകരിക്കാന്‍ സി പി എം

Published

|

Last Updated

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒഴികെയുള്ള കക്ഷികളുമായി പ്രാദേശിക വിഷയങ്ങളിലൂന്നി സഹകരിക്കാമെന്ന നിലപാട് കൈക്കൊള്ളാന്‍ സി പി എം. സംസ്ഥാന സമിതി യോഗത്തില്‍ ധാരണ. കോണ്‍ഗ്രസുമായി തെറ്റിനില്‍ക്കുന്ന ആര്‍ ബാലകൃഷ്ണപിള്ള അടക്കമുള്ള നേതാക്കളുമായി അതത് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ യോജിപ്പുണ്ടാക്കണം. മൂന്നുതവണയില്‍ക്കൂടുതല്‍ മല്‍സരിച്ചവര്‍ ഇത്തവണ മല്‍സരരംഗത്തുണ്ടാവരുതെന്നും സംസ്ഥാന സമിതി നിര്‍ദേശിച്ചു. യുവാക്കളെയും പൊതുസമ്മതരെയും കൂടുതല്‍ ഉള്‍പ്പെടുത്തി നേരിടാനാണ് യോഗത്തിന്റെ തീരുമാനം. സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് അടുത്തയാഴ്ച നടക്കുമെന്നിരിക്കെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു പ്രാഥമികചര്‍ച്ചകള്‍ നടത്താന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു സംസ്ഥാനസമിതി നിര്‍ദേശം നല്‍കി. പാര്‍ട്ടി അംഗങ്ങളുടെ കൂടി അഭിപ്രായം കേട്ടശേഷമാവും സ്ഥാനാര്‍ഥികളെ തീരുമാനിക്കുക.
നിലവില്‍ എല്‍ ഡി എഫുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായി പ്രാദേശിക സഖ്യമാവാം. എന്നാല്‍, ഇവരുമായി ഒരുതരത്തിലുമുള്ള സീറ്റ് ധാരണയുമുണ്ടാവില്ല. എല്‍ ഡി എഫ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സീറ്റ് വിഭജന ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകളിലേക്ക് കടന്നാല്‍ മതിയെന്ന് യോഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനും യോഗത്തില്‍ തീരുമാനമായി. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രീയറിപോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശതിരഞ്ഞെടുപ്പിലെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ച ചെയ്ത കേരളത്തിലേതടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ സി പി എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള റിപോര്‍ട്ട് ചെയ്തു. സംസ്ഥാന സമിതി ഇന്നും തുടരും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തിലാണ് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്.

Latest