അഭയാര്‍ഥികള്‍ ഇനി ക്രൊയേഷ്യ വഴി യൂറോപ്പിലേക്ക്‌

Posted on: September 17, 2015 5:39 am | Last updated: September 17, 2015 at 12:41 am

2C56DAD000000578-3236418-image-a-16_1442387926140ബുഡാപെസ്റ്റ്: ഹംഗറി യൂറോപ്പിലേക്കുള്ള അതിര്‍ത്തി അടച്ചതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്ന അഭയാര്‍ഥികള്‍ ക്രൊയേഷ്യ-സെര്‍ബിയന്‍ അതിര്‍ത്തിയിലൂടെ പുതിയ വഴി കണ്ടെത്തുകയും ഒരു സംഘം അഭയാര്‍ഥികള്‍ അതിര്‍ത്തി കടക്കുകയും ചെയ്തു. സെര്‍ബിയയില്‍ നിന്ന് വരുന്ന അഭയാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും അവര്‍ക്ക് ക്രൊയേഷ്യന്‍ തലസ്ഥാന നഗരമായ സഗ്‌രിബിനടുത്ത് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ക്രൊയേഷ്യന്‍ പോലീസ് അറിയിച്ചു. കിഴക്കന്‍ ക്രൊയേഷ്യന്‍ അതിര്‍ത്തി പ്രദേശമായ വുകോവര്‍സ്‌ക്കോയിലൂടെ കടന്ന് വന്ന അഭയാര്‍ഥികളുടെ എണ്ണം കൃത്യമായി അറിയില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. ഹംഗറി അതിര്‍ത്തി അടച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതിനാല്‍ ഈ വഴിയിലൂടെ വരികയായിരുന്നുവെന്ന് അഭയാര്‍ഥികളിലൊരാള്‍ പറഞ്ഞു. മുറിച്ച് കടക്കാന്‍ നദികളില്ലെന്നും പത്ത് കിലോമീറ്റര്‍ മാത്രമേ അതിര്‍ത്തിയിലേക്കുള്ളുവെന്ന് അറിഞ്ഞപ്പോള്‍ വടക്കന്‍ യൂറോപ്പിലേക്ക് കടക്കാന്‍ ആദ്യത്തെ ശ്രമം നടത്തുകയായിരുന്നുവെന്നും അഭയാര്‍ഥികള്‍ പറഞ്ഞു. സെര്‍ബിയയും ഹംഗറിയും അതിര്‍ത്തി അടച്ചതോടെ നിരാശയോടെ അവിടെ കഴിഞ്ഞിരുന്ന അഭയാര്‍ഥികള്‍ക്ക് ഇത് പുതു ജീവന്‍ നല്‍കുന്ന വാര്‍ത്തയാണ്. 10,000ത്തിനടുത്ത് അഭയാര്‍ഥികളാണ് സെര്‍ബിയയിലേക്ക് കടന്നിട്ടുള്ളത്. സെര്‍ബിയയില്‍ നിന്ന്് ഹംഗറിയിലേക്ക് കടക്കാനുള്ള അഭയാര്‍ഥികളുടെ അപേക്ഷ തള്ളിക്കളഞ്ഞ പ്രസിഡന്റ് വിക്ടര്‍ ഒര്‍ബാന്‍, ഹംഗറി സുരക്ഷിത രാജ്യമാണെന്നും പ്രശ്‌നങ്ങളെ ഏറ്റെടുക്കാന്‍ കഴിയില്ലെന്നും തീര്‍ത്തു പറഞ്ഞിരുന്നു. സമാധാനമുള്ള എവിടെയെങ്കിലും എത്തിച്ചേര്‍ന്നാല്‍ മതിയെന്ന് ആഫ്രിക്കന്‍ അഭയാര്‍ഥിയായ അമദോവു പറഞ്ഞു.