ഇസില്‍ ബന്ധം: സംസ്ഥാനത്ത് ആദ്യ കേസ്

Posted on: September 16, 2015 8:29 pm | Last updated: September 17, 2015 at 12:29 am

മലപ്പുറം: ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് സ്വദേശി റിയാസുര്‍റഹ്മാനെതിരെയാണ് കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇസിലിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനാണ് കേസ്. മലപ്പുറം പോലീസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബഹ്‌റക്കാണ് അന്വേഷണ ചുമതല. മാസങ്ങള്‍ക്ക് മുമ്പ് യു എ ഇയിലെ റാസല്‍ ഖൈമയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ റിയാസുര്‍റഹ്മാനെ കുറിച്ച് യു എ ഇ പോലീസാണ് സംസ്ഥാന പോലീസിന് വിവരം നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ സിറിയയിലുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. 2009ലാണ് അവസാനമായി നാട്ടിലെത്തിയതെങ്കി ലും ഇടക്ക് വീട്ടിലേക്ക് വിളിക്കാറുണ്ട്. റിയാസുര്‍റഹ്മാനുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിലൊരാള്‍ റിയാസിന്റെ സഹോദരനാണ്. ഇയാള്‍ക്ക് ഇസിലുമായി ബന്ധമില്ലെങ്കിലും ഇയാളില്‍ നിന്ന് നിര്‍ണായക വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.