ഗള്‍ഫിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉടന്‍ അടച്ചു പൂട്ടും

Posted on: September 16, 2015 6:29 pm | Last updated: September 16, 2015 at 6:29 pm

അബുദാബി: അധികാര പരിധിക്ക് പുറത്തുള്ള കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുവാന്‍ സര്‍വകലാശാലകള്‍ക്ക് യു ജി സി നിര്‍ദേശം. 15 ദിവസത്തിനുള്ളില്‍ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി വിവരമറിയിക്കണമെന്നാണ് കോഴിക്കോട് സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. ഇതനുസരിച്ച് 44 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചു. ഗള്‍ഫ് മേഖലകളില്‍ 16 കേന്ദ്രങ്ങളാണ് പൂട്ടുക. കാലിക്കറ്റ് സര്‍വകലാശാലക്ക് ആറു കേന്ദ്രങ്ങളാണ് യു എ ഇയിലുള്ളത്. ഖത്തറില്‍ മൂന്ന്, സഊദിയില്‍ ഒന്ന്, കുവൈത്തില്‍ രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതാണ് അടച്ച് പൂട്ടാന്‍ കാരണമെന്ന് യു ജി സി അധികൃതര്‍ പറയുന്നു. സര്‍വകലാശാലകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനു യു ജി സി സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമാണ് നടപടിയെന്ന് കാലിക്കറ്റ് സര്‍വകലാശാല വി സി ഖാദര്‍ മാങ്ങാട് ചൂണ്ടിക്കാട്ടി.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെയാണ് രാജ്യത്തെ സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുന്നതെന്ന് യു ജി സി അധികൃതര്‍. മുമ്പും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഗൗരവപൂര്‍വ നടപടിയെടുക്കാന്‍ സര്‍വകലാശാലകള്‍ മുതിരാതിരുന്നതോടെയാണ് കര്‍ശന നടപടിയുണ്ടായത്.
മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ കോഴ്‌സു പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. ഈ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പഠനം തുടരാനാവില്ല. ഗള്‍ഫിലെ 16 കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുന്നതോടെ പ്രവാസി കുട്ടികള്‍ക്ക് ഇവിടെ നിന്നുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് നിഷേധിക്കപ്പെടുക.
കേരള, എം ജി, കൊച്ചിന്‍ സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവയുടെ കേന്ദ്രങ്ങളിലാണ് ഏറെ കുട്ടികളും പഠിക്കുന്നത്. ഗള്‍ഫില്‍ ഇന്ത്യയിലെ എല്ലാ പ്രമുഖ സര്‍വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന ഫീസായത് കൊണ്ട് പല രക്ഷിതാക്കളും മക്കളെ ഇവിടെ തന്നെയാണ് പഠിപ്പിക്കുന്നത്. എന്നാല്‍ എല്ലാ കേന്ദ്രങ്ങളും അടച്ച് പൂട്ടുന്നതോടെ എനി എന്ത് എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. വിദേശ രാജ്യങ്ങളുടെ കോളജുകളിലും കേന്ദ്രങ്ങളിലും പഠിക്കണമെങ്കില്‍ ഭീമമായ ഫീസ് നല്‍കണം.