ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കോടെ റയല്‍ തുടങ്ങി

Posted on: September 16, 2015 10:30 am | Last updated: September 17, 2015 at 12:19 am

cr7മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ഉജ്ജ്വല വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവില്‍ മറുപടിയില്ലാത്ത നാല് ഗോളിനാണ് ഷാക്തര്‍ ഡൊണസ്‌കിനെ റയല്‍ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.

30ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെയായിരുന്നു റയല്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഷാക്തര്‍ ഗോളിയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. 55ാം മിനിറ്റിലും, 66ാം മിനിറ്റിലും പെനാല്‍റ്റികള്‍ ലഭിച്ച ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടു. 81 മിനിറ്റിലായിരുന്നു സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാട്രിക് തികച്ചത്. ഹെഡറിലൂടെയായിരുന്നു ഈ ഗോള്‍. ചാമ്പ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ മൂന്നാം ഹാട്രിക്കാണിത്.
മാഞ്ചസ്റ്റര്‍ ടീമുകള്‍ തോറ്റതാണ് ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പിഎസ്‌വിയാണ് അട്ടിമറിച്ചത്.2_ 1നായിരുന്നു മാഞ്ചസ്റ്ററിന്റെ തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റിയെ യുവന്റസും ഇതേ സ്‌കോറില്‍ തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളില്‍ പിഎസ്ജി മാല്‍മോയെ എതിരില്ലാത്ത രണ്ട് ഗോളിനും സെവിയ്യ ബൊറൂസിയ എംഗ്ലാഡ്ബാച്ചിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു. അത്‌ലറ്റികോ മാഡ്രിഡ്, വോള്‍ഫ്‌സ് ബെര്‍ഗ്, ബെന്‍ഫിക്ക ടീമുകളും വിജയിച്ചു.