കെട്ടിട നിര്‍മാണ നിയന്ത്രണം: വിപുലമായി യോഗം ചേരും

Posted on: September 16, 2015 9:54 am | Last updated: September 16, 2015 at 9:54 am

കല്‍പ്പറ്റ: ബഹുനില കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും വിപുലമായ യോഗം ചേരാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. വയനാട് ജില്ലയില്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കലക്ടര്‍ 2015 ജൂണ്‍ 30 ന് ഉത്തരവിറക്കിയിരുന്നു. ഈ വര്‍ഷം മെയ് 27 നും ജൂണ്‍ 17 നും ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോരിറ്റി യോഗങ്ങളിലുയര്‍ന്നു വന്ന നിര്‍ദ്ദേശ പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005ലെ സെക്ഷന്‍ 30(2)(111), 30(2)(്) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവിറക്കിയിട്ടുള്ളത്.
ഉത്തരവ് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്തിടവക വില്ലേജ് പൂര്‍ണമായും ഉള്‍ക്കൊളളുന്ന ലക്കിടി പ്രദേശത്ത് പരമാവധി രണ്ട് നില കെട്ടിടങ്ങളെ പണിയാന്‍ പാടുള്ളു. ഉയരം എട്ട് മീറ്ററില്‍ കവിയാന്‍ പാടില്ല. നഗരസഭാ പ്രദേശത്ത് പരമാവധി 15 മീറ്റര്‍ ഉയരത്തില്‍ അഞ്ച് നില കെട്ടിടങ്ങള്‍ വരെ പണിയാം. ഈ രണ്ടിലും ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ കവിയാതെ മൂന്ന് നില കെട്ടിടം വരെ പണിയാം.
നിരപ്പുള്ള ഭൂമിക്കും ചെറിയ ചെരിവുള്ള ഭൂമിക്കും ഒരുപോലെ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാണ്. കുത്തനെ ചെരിവുള്ള ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ ഉയരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്.
മേല്‍പ്പറഞ്ഞ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായ വിവിധ അനുമതികള്‍ നല്‍കുന്ന ഗ്രാമപഞ്ചായത്ത് – മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീയര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
ജില്ലയില്‍ ബഹുനില കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആശങ്കകള്‍ അകറ്റുകയും പ്രകൃതി ദുരന്ത സാധ്യതകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് ചില ഭേദഗതികള്‍ ആവശ്യമാണ്.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഉന്നത തല യോഗത്തില്‍ ജില്ലാ കലക്ടര്‍ പങ്കെടുക്കും. യോഗത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. പഞ്ചായത്ത്-നഗരസഭാ തലത്തിലുള്ള നിയന്ത്രണത്തിന് പകരം ഓരോ സ്ഥലത്തെയും ദുരന്ത സാധ്യതകള്‍ മുന്‍കൂട്ടി കണ്ടും ഭൂമിശാസ്ത്ര പ്രത്യേകതകള്‍ പരിഗണിച്ചും കെട്ടിടങ്ങളുടെ ഉയര പരിധി നിശ്ചയിക്കണമെന്ന പൊതു നിര്‍ദ്ദേശം പരിഗണിക്കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ അഭിപ്രായ രൂപീകരണം നടത്തും. ജില്ലയില്‍ പ്രകൃതി ദുരന്ത സാധ്യതകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും. എ ഡി എം പി വി. ഗംഗാധരന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. വിജയന്‍, ഡിസിസി പ്രസിഡന്റ് കെ.എല്‍ പൗലോസ്, സിപിഎം പി. ഗഗാറിന്‍, മുസ്ലീം ലീഗ് പ്രതിനിധി കെ.കെ. അഹമ്മദ് ഹാജി, ജനതാദള്‍ യു പ്രതിനിധി കെ.കെ. ഹംസ,സിപിഐ പ്രതിനിധി വിജയന്‍ ചെറുകര, ആര്‍.എസ്.പി. പ്രതിനിധി ഏച്ചോം ഗോപി, കേരള കോണ്‍ഗ്രസ് എം പ്രതിനിധി കെ.ജെ. ദേവസ്യ, എം.ഐ ഷാനവാസ് എം.പിയുടെ പ്രതിനിധി വി.എ മജീദ്, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.