Connect with us

Editorial

പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്നവര്‍

Published

|

Last Updated

സംസ്ഥാനത്തിന്റെ സമ്പദ്‌രംഗം അനുദിനം മോശമായിക്കൊണ്ടിരിക്കുമ്പോഴും ഭരണതലത്തില്‍ സാമ്പത്തിക അച്ചടക്ക രാഹിത്യവും കെടുകാര്യസ്ഥതയും തുടരുകയാണ്. ദൈനംദിന ഭരണച്ചെലവുകള്‍ക്കും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനും അടിക്കടി കടം വാങ്ങിക്കൊണ്ടിരിക്കവെ, ഭരണതലത്തില്‍ ധൂര്‍ത്തും അത്യാഡംബരവും തുടരുന്നുവെന്ന് മാത്രമല്ല, കുത്തകകളുടെയുയും വാണിജ്യ പ്രമുഖരുടെയും അതിസമ്പന്നരുടെയും നികുതികള്‍ എഴുതിത്തള്ളുന്ന അമ്പരിപ്പിക്കുന്ന വിവരങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. വന്‍കിട സ്വര്‍ണ വ്യാപാരികളുടെയും ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കെന്ന പേരില്‍ ആഡംബര ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും മറ്റും നികുതികളില്‍ ഗണ്യമായ ഇളവുകളാണ് സര്‍ക്കാര്‍ അടുത്തിടെ നല്‍കിയത്. പൊതുഖജനാവിലേക്ക് വരേണ്ട ശതകോടികളാണ് ഇതുമൂലം നഷ്ടമായത്. വാണിജ്യ നികുതി വരുമാനത്തില്‍ നടപ്പുവര്‍ഷത്തെ ലക്ഷ്യമായ 35,480 കോടിയില്‍ 19.28 ശതമാനം മാത്രമാണ് ഖജനാവിലെത്തിയത്.
സമ്പന്നന്റെ ആവശ്യങ്ങളോട് താത്പര്യപൂര്‍വം അനുകൂലമായി പ്രതികരിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ ദുസ്സഹമാകുന്ന ജീവിതഭാരത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്നു. ഡീസല്‍ വില വര്‍ധനവിന്റെ പേരില്‍ വന്‍തോതില്‍ കൂട്ടിയ ബസ്ചാര്‍ജും ഓട്ടോ ചാര്‍ജും ഇന്ധന വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ കുറക്കണമെന്നാവശ്യത്തോട് സര്‍ക്കാറിന് നിഷേധാത്മക നിലപാടാണ്. റേഷന്‍ ഷാപ്പുകള്‍, സപ്ലൈക്കോ മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുവിതരണ മേഖലകള്‍ കാര്യക്ഷമമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളും ഉണ്ടാകുന്നില്ല. സാധാരണക്കാരന് നികുതിയിളവുകളോ പുതിയ ആനുകുല്യങ്ങളോ ഇല്ല. മാത്രമല്ല, നികുതിയടവ് അല്‍പം വൈകിപ്പോകുന്ന പാവപ്പെട്ടവന് കടുത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടി വരികയും ചെയ്യുന്നു. മോഹന വാഗ്ദാനങ്ങള്‍ വഴി സാധാരണക്കാരന് പ്രതീക്ഷകളേകി അധികാത്തിലേറിയവര്‍ ഇപ്പോള്‍ സമ്പന്നര്‍ക്ക് വേണ്ടിയാണ് ഭരണ ചക്രം തിരിച്ചുകൊണ്ടിരിക്കുന്നത്.
പൊതുഖജനാവ് കാലിയായത് കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ മിക്കതും അവതാളത്തിലാണ്. കുണ്ടും കുഴികളും നിറഞ്ഞു കാല്‍നടയാത്ര പോലും ദുഷ്‌കരമായ അവസ്ഥയിലെത്തിയിട്ടുണ്ട് സംസ്ഥാനത്തെ മിക്ക നിരത്തുകളും. അറബിക് സര്‍വകലാശാല, ലൈറ്റ് മെട്രോ തുടങ്ങി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല സംരഭങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ധന വകുപ്പ് ഉടക്ക് വെക്കുന്നു. അതിനിടയിലാണ് അതിസമ്പന്നര്‍ക്ക് യഥേഷ്ടം നികുതിയിളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വന്‍അഴിമതികളുടെ പിന്നാമ്പുറ കഥകള്‍ പറയാനുണ്ടാകും സര്‍ക്കാറിന്റെ ഈ സമ്പന്ന വര്‍ഗ സേവക്ക്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗം നികുതിപ്പണമാണ്. കൃത്യമായി നികുതി പിരിച്ചെടുത്താല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് വലിയോരളവോളം കരകയറാനാകും. സര്‍ക്കാറോ ഉദ്യോഗസ്ഥരോ ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന് മാത്രമല്ല, അതിസമ്പന്നര്‍ക്ക് അടിക്കടി നികുതിയിളവ് നല്‍കുക കൂടി ചെയ്യുമ്പോള്‍ സ്ഥിതി പിന്നെയും വഷളാകുകയാണ്. തുടരെത്തുടരെ കടപ്പത്രമിറക്കേണ്ടി വരികയും ദൈനം ദിന ഭരണ കാര്യങ്ങള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയും ചെയ്യേണ്ടി വരുന്നതിന്റെ സാഹചര്യമിതാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തിന്റെ കടബാധ്യത ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. 2010 മാര്‍ച്ചില്‍ 70,969. 42 രൂപയായിരുന്ന കടം 2014-15 സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍ 1,35,458. 41 കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന്റെ മൊത്തം ബജറ്റു തുകയുടെ എട്ടിലൊന്ന് വരുമിത്. ആളോഹരി കടം 39,841 രൂപയാണ്. വായ്പകളുടെ പലിശ തിരിച്ചടവിനു വേണ്ടിവരുന്ന തുകയും ഇരട്ടിയായി. 2010-11 വര്‍ഷത്തില്‍ 56,89. 66 കോടി രൂപയായിരുന്നു പലിശ അടവെങ്കില്‍ 2014-15 ല്‍ 10,398.88 കോടി വേണ്ടിവന്നു. 2015 മാര്‍ച്ച് വരെയുള്ള കണക്കുകളാണിത്. ഓണത്തോടനുന്ധിച്ച് കഴിഞ്ഞ മാസംസര്‍ക്കാര്‍ വീണ്ടും വന്‍തുക കടമെടുത്തതിനാല്‍ കടബാധ്യത ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിട്ടുണ്ട്.
ഭരണച്ചെലവുകളില്‍ കടുത്ത നിയന്തണം പാലിച്ചില്ലെങ്കില്‍ മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും ധൂര്‍ത്തിന് യാതൊരു മാറ്റവുമില്ല. ഈ സര്‍ക്കാറിന്റെ നാല് വര്‍ഷ കാലയളവിനിടയില്‍, മന്ത്രിമാരുടെ ഡല്‍ഹി യാത്ര, അവരുടെ സുരക്ഷ, ഔദ്യോഗിക ഭവനങ്ങളുടെ മോടികൂട്ടല്‍, പേഴ്‌സനല്‍ സ്റ്റാഫിന്റെ ചെലവ് തുടങ്ങിയ ഇനങ്ങളിലായി മാത്രം ചെലവിട്ടത് 275. 51 കോടി രൂപയാണ്. മൂന്ന് തവണയായി നടത്തിയ ജനസമ്പര്‍ക്കത്തിന്റെ പേരില്‍ ചെലവിട്ട തക 14.82 കോടി വരും. അതിനിടയില്‍ മന്ത്രിമാര്‍ക്കും മറ്റുമായി പുതിയ ആഡംബരക്കാറുകളും വാങ്ങിക്കൂട്ടുന്നു. വി വിഐ പികളുടെയും സംസ്ഥാനത്തിന്റെ അതിഥികളുടെയും സുരക്ഷിത സഞ്ചാരത്തിനെന്ന പേരില്‍ 20 ആഡംബര കാറുകളാണ് കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് വാങ്ങിയത്.
നാടിന്റെ നിലനില്‍പ്പും പുരോഗതിയും അതിന്റെ സമ്പദ്ഘടനയുടെ മികവിനെ ആശ്രയിച്ചാണരിക്കുന്നത്. നാടിന്റെ സമ്പത്ത് ജനങ്ങളുടേതാണ.് അത് കൈകാര്യം ചെയ്യുന്നിടത്ത് കടുത്ത അച്ചടക്കവും സുതാര്യതയും വേണം. ഭരണത്തിലിരിക്കുന്നവരും ഉദ്യോഗസ്ഥ മേധാവികളും പൊതു സമ്പത്ത് ഇഷ്ടാനുസരണം ചെല വഴിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്യുന്ന അവസ്ഥക്ക് കണിഞ്ഞാണിടാത്ത കാലത്തോളം ഇന്നത്തെ പരിതാപാവസ്ഥയില്‍ നിന്ന് സംസ്ഥാനം കരകയറുകയില്ല.

---- facebook comment plugin here -----

Latest