Connect with us

National

വോട്ടിന് കോഴകേസിലെ ഒരു കോടി ദുരിതാശ്വാസ ഫണ്ടിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: 2008ലെ വോട്ടിന് കോഴ സംഭവത്തില്‍ പിടിച്ചെടുത്ത ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നീക്കും. കേസില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്, മൂന്ന് മുന്‍ ബി ജെ പി എം പിമാര്‍ മറ്റ് മൂന്ന് പേര്‍ എന്നിവരെ കുറ്റവിമുക്തമാക്കിയ ജില്ലാ കോടതിയാണ് ഇക്കാര്യത്തില്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഈ കാശിന് അവകാശ വാദമുന്നയിച്ച് ആരും വന്നിട്ടില്ലാത്തതിനാല്‍ അത് സര്‍ക്കാര്‍ ഖജനാവിലേക്ക് നീക്കാമെന്ന് കോടതി വ്യക്തമാക്കി.
അന്ന് ബി ജെ പി എം പിയായിരുന്ന അശോക് അര്‍ഗലിന്റെ വസതിയില്‍ അമര്‍ സിംഗിന്റെ മുന്‍ സഹായി സഞ്ജീവ് സക്‌സേന ഈ തുക എത്തിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഇന്തോ- യു എസ് ആണവ കരാറിന് പിറകേ ഒന്നാം യു പി എക്കെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ എം പിമാരെ വിലക്കെടുക്കാന്‍ നല്‍കിയതായിരുന്നു പണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇടതു പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഒന്നാം യു പി എ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്ന തുകയുമായി ബി ജെ പി അംഗങ്ങള്‍ സഭയിലെത്തുകയായിരുന്നു.
എന്നാല്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് എല്ലാവരെയും കോടതി വെറുതെ വിടുകയായിരുന്നു. സക്‌സേനയെ വെറുതെ വിട്ട ഡല്‍ഹി ഹൈക്കോടതിയും പിടിച്ചെടുത്ത പണം എന്ത് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നില്ല. “ഈ സാഹചര്യത്തില്‍ അവകാശികള്‍ ഇല്ലെന്ന് വ്യക്തമായ ഈ തുക സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ച് രസീതി കോടതിയില്‍ ഹാജരാക്കാനും” പ്രത്യേക ജഡ്ജ് നരോത്തം കുശാല്‍ ഉത്തരവിട്ടു. അശോക് അര്‍ഗലോ എം പിമാരോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഒരിക്കല്‍ പോലും ഈ പണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

---- facebook comment plugin here -----

Latest