സുധീരനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിലേക്ക്

Posted on: September 14, 2015 7:22 am | Last updated: September 14, 2015 at 9:21 am

vm sudheeranതിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് വി എം സുധീരനുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന് ഐ ഗ്രൂപ്പ്. സുധീരന്റെ നിലപാടുകള്‍ ചോദ്യം ചെയ്ത് ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. സുധീരന്റെ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്ക് വഴിവെക്കുമെന്നും ഗ്രൂപ്പ് നേതാക്കള്‍ പരാതിപ്പെടും. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതാണ് കടുത്ത നിലപാടിലേക്ക് ഐ ഗ്രൂപ്പിനെ എത്തിച്ചത്. ജോയ് തോമസിനെ നീക്കാന്‍ അനുവദിക്കില്ല. സുധീരന്‍ നല്‍കിയ കത്തില്‍ തീരുമാനം എടുക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ മുന്‍കൈയെടുത്ത് ഒരു തീരുമാനവും എടുക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയെന്നാണ് വിവരം. പുനഃസംഘടനയെ ചൊല്ലി ഇരു ഗ്രൂപ്പുകളും സുധീരനുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെ കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട് സുധീരന്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഐ ഗ്രൂപ്പ് നോമിനിയായ ജോയ് തോമസിനെ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സുധീരന്‍ കത്ത് നല്‍കിയത്. സുധീരന്റെ ഏകപക്ഷീയ നിലപാട് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. സുധീരന്‍ കത്ത് നല്‍കിയപ്പോള്‍ തന്നെ ഇത് പറ്റില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. സുധീരന്റെ കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ആശയവിനിമയം നടത്തി കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് ചെയര്‍മാനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബോര്‍ഡില്‍ ഭൂരിപക്ഷമുള്ള ചെയര്‍മാനെ നീക്കണമെന്ന് ആവശ്യപ്പെടാന്‍ കെ പി സി സി പ്രസിഡന്റിന് അധികാരമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. നേരത്തെ നിരവധി ആരോപണങ്ങള്‍ നേരിട്ട ടോമിന്‍ ജെ തച്ചങ്കരി പറയുന്നത് കേട്ട് തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനെ മാറ്റണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് ഐ ഗ്രൂപ്പിന്റെ ചോദ്യം. ജോയ് തോമസിനെതിരായ നീക്കങ്ങളെ ഗ്രൂപ്പ് ശക്തമായി പ്രതിരോധിക്കും.
തൃശൂരിലെ പ്രശ്‌നങ്ങളില്‍ വി എം സുധീരന്‍ സ്വീകരിച്ച നിലപാടുകളില്‍ ഐ ഗ്രൂപ്പിന് ശക്തമായ അതൃപ്തിയുണ്ട്. കെ പി സി സി പ്രസിഡന്റ് നിഷ്പക്ഷ നിലപാടെടുത്തില്ലെന്ന് അവിടെ നിന്നുള്ള നേതാക്കള്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. കണ്‍സ്യൂമര്‍ഫെഡ് വിഷയത്തില്‍ എ ഗ്രൂപ്പിന്റെ പിന്തുണയോടെ കരുക്കള്‍ നീക്കാനാണ് തീരുമാനം.
പുനഃസംഘടനാ വിഷയത്തിലുള്‍പ്പെടെ സുധീരനോട് എ ഗ്രൂപ്പിനും കടുത്ത എതിര്‍പ്പുള്ളതിനാല്‍ ഒരുമിച്ച് നില്‍ക്കാന്‍ തന്നെയാകും അവരും തീരുമാനിക്കുക.
പാര്‍ട്ടി പുനഃസംഘടനക്ക് പ്രബല ഗ്രൂപ്പുകള്‍ തുരങ്കംവെച്ചതോടെയാണ് കണ്‍സ്യൂമര്‍ഫെഡ് പ്രശ്‌നത്തില്‍ കെ പി സിസി പ്രസിഡന്റ് നേരിട്ടിടപെട്ടത്. ഫെഡറേഷനിലെ സാമ്പത്തിക ക്രമക്കേടുകളില്‍ ചെയര്‍മാന്‍ ജോയ് തോമസിന് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കണമെന്നാണ് സുധീരന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.