Connect with us

Kerala

ആളില്ലാ ആകാശ യാനങ്ങളുമായി വ്യോമ സേനയുടെ പുതിയ വിഭാഗം

Published

|

Last Updated

ബംഗളൂരു: പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനും യുദ്ധ മുറയില്‍ ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടും ഇന്ത്യന്‍ വ്യോമ സേന പ്രത്യേക സേനാ വിഭാഗം രൂപവത്കരിക്കാനൊരുങ്ങുന്നു.
ആളില്ലാ ആകാശ യാനങ്ങളുടെ (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) പ്രത്യേക കേഡര്‍ രൂപവത്കരിക്കാനാണ് വ്യോമ സേന തയ്യാറെടുക്കുന്നത്. ഈ പ്രത്യേക കേഡറിലേക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ആര്‍ജിച്ച യുവാക്കളെ റിക്രൂട്ട് ചെയ്യും. യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പൈലറ്റുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ അതേ നടപടിക്രമങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഇതിനാവശ്യമായ ഉപകരണങ്ങളും ആക്രമണ വിമാനങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കും. സാങ്കേതിക വൈദഗ്ധ്യം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ അവസരമാണ് പുതിയ സേനാ വിഭാഗം തുറന്നിടുന്നത്.
2000 മുതല്‍ സായുധ സേന വാങ്ങിയ 200 ലധികം യു എ വികളും റിമോട്ട്‌ലി പൈലറ്റഡ് വെഹിക്കിളുകളും (ആര്‍ പി വികള്‍) ഈ പുതിയ കേഡറിന്റെ ഭാഗമായിരിക്കും. ബംഗളൂരുവിലെ ഐ എ എഫ് ട്രെയിനിംഗ് കമാന്‍ഡാകും ഈ ഉപകരണങ്ങള്‍ ഏകോപിപ്പിക്കുക. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിദഗ്ധരെ പരിശീലിപ്പിക്കുന്നതും ഇവിടെയായിരിക്കും.
യു എ വി വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ 2012 ല്‍ തന്നെ തുടങ്ങിയിരുന്നു. യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിനായി പൈലറ്റുമാര്‍ക്ക് വന്‍ തുക ചെലവിട്ടും സമയം ചെലവിട്ടുമാണ് പരിശീലനം നല്‍കുന്നത്. എന്നാല്‍ ഒരു പ്രായം പിന്നിടുമ്പോള്‍ ഇവര്‍ ഈ ജോലിക്ക് വൈദ്യശാസ്ത്രപരമായി യോഗ്യരല്ലാതെ വരുന്നു. ഇത്തരക്കാരെ ഫലപ്രദമായി ഉപയോഗിക്കുകയെന്നതും പുതിയ കേഡറിന്റെ ലക്ഷ്യമാണെന്ന് ഐ എ എഫ് ട്രെയിംനിംഗ് കമാന്‍ഡ് മുന്‍ മേധാവി എയര്‍ മാര്‍ഷല്‍ (റിട്ട.) ധീരജ് കുക്രേജ പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്തായിരുന്നു ആദ്യമായി യു എ വികള്‍ കൊണ്ടുവന്നത്.
അതേസമയം, യുദ്ധോപകരണങ്ങളില്‍ അമേരിക്കയെയും ഇസ്‌റാഈലിനെയും അനുകരിക്കുന്ന നയമാണ് യു എ വി കള്‍ വഴി പ്രാവര്‍ത്തികമാകുന്നതെന്ന വിമര്‍ശം ശക്തമാണ്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അമേരിക്കന്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ആയുധ കിടമത്സരത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും വിമര്‍ശമുണ്ട്.