സമരം ഒത്തുതീര്‍ന്നത് മാരത്തോണ്‍ ചര്‍ച്ചയില്‍

Posted on: September 14, 2015 12:33 am | Last updated: September 14, 2015 at 12:33 am

കൊച്ചി: കേരളത്തിലെ തൊഴിലാളി സമരചരിത്രത്തില്‍ പുത്തന്‍ പാതകള്‍ തുറന്നുകൊണ്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി നടത്തിവന്നിരുന്ന സമരത്തിന് പരിഹാരം കാണുന്നതിന് നടന്നത് ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍. രാവിലെ 11 മണിക്കു ശേഷമാണ് ചര്‍ച്ചകള്‍ ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചത്. ചര്‍ച്ചകള്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ചര്‍ച്ചകള്‍ പല ഘട്ടങ്ങളിലായാണ് നടക്കുകയെന്നും ഒരോ ഘട്ടങ്ങള്‍ തീര്‍ന്ന് ആളുകള്‍ പുറത്തുവരുമ്പോള്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടന്ന നിലയില്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും തൊഴില്‍മന്ത്രി ഷിബു ബോബിജോണ്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചതിലൂടെ തന്നെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട പിരിമുറക്കം വ്യക്തമായിരുന്നു.
മൂന്നാറിലെ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ ഗസ്റ്റ് ഹൗസിനു മുന്നില്‍ എത്താന്‍ തുടങ്ങിയതോടെ അന്തരീക്ഷത്തിന് കൂടുതല്‍ പിരിമുറക്കമായി. അതിനിടെ മൂന്നാറിലേക്ക് പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ അവിടെ എത്തുകയും തൊഴിലാളികളെ അഭിവാദ്യം ചെയ്തശേഷം പ്രശ്‌നം പരിഹൃതമാകുന്നതുവരെ താന്‍ തൊഴിലാളികളോടൊപ്പം അവിടെ ഇരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വാര്‍ത്ത വന്നതോടെ ഗസ്റ്റ് ഹൗസിനു മുന്നിലെ ഐക്യദാര്‍ഢ്യ സമരങ്ങള്‍ കൂടുതല്‍ ശക്തമായി.
കമ്പനി മാനേജുമെന്റുമായും അംഗീകൃത തൊഴിലാളി സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തിയ മന്ത്രിതല സമിതി പിന്നിട് മൂന്നാറില്‍ സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസമുണ്ടോ? പ്രശ്‌ന പരിഹാരമുണ്ടാകുമോ എന്നുതുടങ്ങിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശ്വാസല്ലേ എല്ലാം എന്നായിരുന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്റെ മറുപടി. ഉച്ചക്കു വീണ്ടും നടന്ന കൂടിയാലോചനകള്‍ക്കു ശേഷമാണ് വൈകീട്ട് നാലരക്ക് മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരുന്നതിന് ധാരണയായത്.
വൈകീട്ട് നാലരയോടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആറ് മണിയോടെയാണ് എത്തിയത്. വൈകീട്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഗസ്റ്റ് ഹൗസിനുമുന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിവന്ന പ്രതിഷേധം കൂടുതല്‍ ശക്തമായി. അതോടൊപ്പം ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഗസ്റ്റ് ഹൗസിനു മുന്നില്‍ പ്രകടനമായെത്തിയതോടെ പോലീസ് ഗസ്റ്റ് ഹൗസിന് മുന്നില്‍ കനത്ത വലയം തീര്‍ത്തു. രാവിലെ നടന്ന ചര്‍ച്ചകള്‍ക്ക് സമാനമായ രീതിയില്‍ ഒരോ വിഭാഗങ്ങളുമായാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്.