Connect with us

Malappuram

ആശങ്കകള്‍ക്ക് വിരാമം; അങ്ങാടിപ്പുറത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തി തുടങ്ങി

Published

|

Last Updated

പെരിന്തല്‍മണ്ണ: ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് അങ്ങാടിപ്പുറം എഫ് സി ഐ ഗൗഡൗണിലേക്ക് വാഗണ്‍വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തി. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 21 വാഗണുകളടങ്ങിയ ഗുഡ്‌സാണ് നാല് പ്രാവശ്യങ്ങളായി ഭക്ഷ്യധാന്യം അങ്ങാടിപ്പുറത്ത് എത്തിക്കഴിഞ്ഞു.
ഇന്നലെ 29 വാഗണുകളടങ്ങിയ പഞ്ചാബില്‍ നിന്നും ഗോതമ്പ് കയറ്റിയ ഗുഡ്‌സ് വാഗണ്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ആന്ധ്ര, ഹരിയാന എന്നിവിടങ്ങളില്‍ നിന്നും പച്ചരി കയറ്റിയ വാഗണ്‍ എത്താനുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.
അങ്ങാടിപ്പുറത്തേക്ക് ഭക്ഷ്യധാന്യ വാഗണ്‍ അയക്കുവാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു റെയില്‍വേ. ഇതോടെ അങ്ങാടിപ്പുറം എഫ് സി ഐ ഗോഡൗണിന്റെ ഭാവി വീണ്ടും ആശങ്കയിലായിരുന്നു. തുടര്‍ന്ന് പാലക്കാട് നിന്നും തൃശൂരില്‍ നിന്നും ലോറി മാര്‍ഗം അരിയെത്തിച്ചാണ് ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കുകളിലെ റേഷന്‍ കടകളിലേക്കുള്ള അരി വിതരണം നടത്തിയിരുന്നത്. ഇത് എഫ് സി ഐക്ക് ഏറെ ചിലവുണ്ടാക്കിയിരുന്നു.
അങ്ങാടിപ്പുറം എഫ് സി ഐ ഗോഡൗണ്‍ ഹാഫ് റേക്ക് പോയന്റായി റയില്‍വേ നേരത്തെ അംഗീകരിച്ചിരുന്നു. ഇതനുസരിച്ചായിരിക്കും 21 വാഗണുകള്‍ അങ്ങാടിപ്പുറത്ത് നേരിട്ട് എത്തിക്കൊണ്ടിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന 42 വാഗണുകളില്‍ 21 എണ്ണം പാലക്കാടും ബാക്കി 21 എണ്ണം അങ്ങാടിപ്പുറത്തുമായാണ് ഇപ്പോള്‍ ഭക്ഷ്യധാന്യം റെയില്‍വേ എത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ 10,000 ടണ്‍ ഭക്ഷ്യധാന്യം സംഭരിക്കാനുള്ള ഗോഡൗണ്‍ സൗകര്യമാണ് ഇവിടെയുള്ളത്. 5000 ടണ്‍ കൂടി സംഭരിക്കാന്‍ സൗകര്യമൊരുക്കുന്നതിന് പുതിയ ഗോഡൗണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
നിലവിലുള്ള സംഭരണ ശേഷി പ്രകാരം താലൂക്കുകളിലേക്കായി രണ്ട് മാസത്തേക്കുള്ള ഏകദേശ സ്റ്റോക്ക് മാത്രമെ ആകുന്നുള്ളൂ. വാഗണ്‍ വഴിയുള്ള അരി വരവ് നിലച്ചിട്ട് മാസങ്ങളോളമായിരുന്നു. അങ്ങാടിപ്പുറം എഫ് സി ഐ ഗോഡൗണ്‍ ഹാഫ് റേക്ക് പോയന്റായി റയില്‍വേ അംഗീകാരം ലഭിച്ചതിന്റെ സൂചനയാകാം വാഗണ്‍ വഴിയുള്ള ഭക്ഷ്യധാന്യം എത്തിയിട്ടുള്ളത്. ഏതായാലും എഫ് സി ഐക്ക് ഏറെ വികസന സാധ്യതകള്‍ നല്‍കുന്നതാണ് ഈ പുതിയ തീരുമാനം. ഇനി ഗോഡൗണിലേക്ക് ഹാഫ് റേക്ക് വാഗണ്‍ നേരിട്ട് ബുക്ക് ചെയ്ത് ഭക്ഷ്യധാന്യം എത്തിക്കാനാകും.
ഭക്ഷ്യധാന്യം ട്രെയിന്‍ ലോഡായി റെയില്‍വേ പരിഗണിക്കുമെന്നതിനാല്‍ ചെലവും കുറയും. അങ്ങാടിപ്പുറം ഗോഡൗണില്‍ ഗുഡ്‌സ് വാഗണ്‍ എത്തിക്കാനുണ്ടായിരുന്ന പരിമിതമായ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് റെയില്‍വേ ഒരു റേക്കിന്റെ പകുതിയായ 21 വാഗണ്‍ നിര്‍ത്തുന്നതിന് നേരത്തെ സൗകര്യം ഒരുക്കിയിരുന്നു.

---- facebook comment plugin here -----

Latest