Connect with us

Malappuram

അമിത വേഗത്തില്‍ സ്റ്റാന്‍ഡിലേക്ക് ബസ് ഓടിച്ച് കയറ്റിയ ഡ്രൈവര്‍ക്കെതിരെ നടപടി

Published

|

Last Updated

കോട്ടക്കല്‍: അമിത വേഗത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് ഓടിച്ച് കയറ്റിയ ഡ്രൈവര്‍ക്കെതിരെ നടപടി. തിരൂര്‍ റൂട്ടിലോടുന്ന അമാന ബസ് ഡ്രൈവര്‍ക്കെതിരെയാണ് നടപടി.
ഇന്നലെ തിരൂര്‍ എം വി ഐ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ബസ് സ്റ്റാന്‍ഡിലേക്ക് അമിത വേഗത്തില്‍ ബസ് ഓടിച്ച് കയറ്റിയത്. പരിശോധനയില്‍ വേഗപ്പൂട്ട് പ്രവര്‍ത്തന രഹിതമാക്കിയതായി കണ്ടെത്തി. ഡൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് എം വി ഐ പറഞ്ഞു. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന ബസുകള്‍ അമിത വേഗത്തില്‍ കടക്കുന്നത് സംബന്ധിച്ച് നേരത്തെ സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യാത്രക്കാരെ കുറിച്ച് യാതോരു ബോധവുമില്ലാതെയാണ് കോട്ടക്കല്‍ സ്റ്റാന്‍ഡിലേക്ക് മിക്ക ബസുകളും കയറാറുള്ളത്. ഓടി മാറിയില്ലെങ്കില്‍ ജീവന്‍ ലഭിക്കില്ലെന്ന അവസ്ഥയാണ് ഇവിടെ. പോലീസ് ഇല്ലാത്തതിനാല്‍ നടപടികള്‍ ഉണ്ടാകാറില്ല. ബസുകള്‍ സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്ന വഴിയിലൂടെ വരെ ബസുകള്‍ ഇവിടെ കയറാറുണ്ട്. ഇത്തരത്തിലൊന്നാണ് ഇന്നലെ ശ്രദ്ധയില്‍ പെട്ടത്. ജില്ലയിലെ ബസുകളില്‍ വന്‍കിട കമ്പനികളുടെ പരസ്യം പതിച്ച് സര്‍ക്കാറില്‍ നികുതി നല്‍കാതിരിക്കുന്ന നടപടി പരിശോധിക്കുന്നതിനിടയിലാണ് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിലെ ബസുകളുടെ മരണപ്പാച്ചില്‍ അധികൃതര്‍ നേരിട്ട് കണ്ടത്.