സംസ്ഥാന ലോട്ടറിയെ കടത്തിവെട്ടി മൂന്നക്ക ലോട്ടറി

Posted on: September 10, 2015 9:52 am | Last updated: September 10, 2015 at 9:52 am

മഞ്ചേരി: അന്യ സംസ്ഥാന ലോട്ടറി നിരോധിച്ചതോടെ സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ മറവില്‍ മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം വര്‍ധിക്കുന്നു.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ചൂതാട്ടം. സംസ്ഥാന ലോട്ടറി ടിക്കറ്റ് നമ്പറും നറുക്കെടുപ്പ് ഫലവും ഉപയോഗിച്ചുള്ള വ്യാജ ലോട്ടറി കച്ചവടത്തിന് പിന്നില്‍ ലോട്ടറി ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് പ്രമുഖ ലോട്ടറി ഏജന്റിന്റെ വെളിപ്പെടുത്തല്‍. മഞ്ചേരിയിലെ പഴയ ബസ് സ്റ്റാന്‍ഡ് കേന്ദ്രമായി ചൂതാട്ടം കൊഴുക്കുകയാണ്. മാത്രമല്ല ജില്ലയിലെ ഒട്ടുമിക്ക ലോട്ടറി കടകളിലും ഇത്തരത്തില്‍ മൂന്നക്ക് ലോട്ടറി സജീവമാണ്. എഴുത്ത് ലോട്ടറി എന്ന പേരിലാണ് ചിലയിടങ്ങളില്‍ ഇത് അറിയപ്പെടുന്നത്.
വന്‍ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട പണമാണ് ഏജന്റുമാരെ ഉപയോഗിച്ച് ഇത്തരം റാക്കറ്റുകാര്‍ പോക്കറ്റിലാക്കുന്നത്. ആറക്ക ലോട്ടറി നമ്പറിലെ അവസാന മൂന്ന് അക്കങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചൂതാട്ടം. തിരഞ്ഞെടുക്കുന്ന മൂന്നക്ക നമ്പറിന് 100 രൂപ നല്‍കി കച്ചവടക്കാരുമായി ഉറപ്പിക്കുന്നു. ലോട്ടറി ഫല പ്രഖ്യാപനത്തില്‍ ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന്റെ അവസാന മൂന്നക്കം ഒത്താല്‍ 50,000 രൂപ ലഭിക്കും. മാത്രമല്ല 10 രൂപക്ക് ഒന്നാം സമ്മാന ടിക്കറ്റ് ഒത്തുവന്നാല്‍ 5000 രൂപ ലഭിക്കും.
രണ്ടക്കത്തിനും ഒറ്റ അക്കത്തിനും ഇത്തരത്തില്‍ സമ്മാനം തടയുന്നതാണ് ചൂതാട്ടം. അതാത് ദിവസങ്ങളില്‍ നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറി ടിക്കറ്റാണ് ഇതിന് മാനദണ്ഡമായി സ്വീകരിക്കുന്നത്. ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന ശാലകളിലും ഏജന്റുമാര്‍ വഴിയും നല്‍കിയ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിച്ചും പണം നല്‍കിവരുന്നു. മഞ്ചേരിയിലെ ചില ലോട്ടറി ഏജന്റുമാര്‍ക്ക് ഇത്തരം ലോട്ടറി ചൂതാട്ടക്കാരുമായി അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. സ്ഥിര ഇടപാടുകാരുമായി ഇവര്‍ മൊബൈല്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിക്കുകയാണ്. സംസ്ഥാന ലോട്ടറി ടിക്കറ്റില്‍ സമ്മാനങ്ങള്‍ കുറവായതും ചൂതാട്ടം വഴി സമ്മാനങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ലഭിക്കുമെന്നതും ചൂതാട്ടക്കാരെ ഇത്തരം അനധികൃത ഇടപാടുകളിലേക്ക് ആകര്‍ഷിക്കുന്നു. പെട്ടെന്ന് പണം സമ്പാദിക്കാനായി പലതരം ചൂതാട്ടങ്ങളിലും ഏര്‍പ്പെടുന്നവരെ മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡില്‍ കാണാം. ഇത്തരക്കാരെ പോലീസോ മറ്റു വകുപ്പുദ്യോഗസ്ഥരോ പിടികൂടാറുമില്ല. ഒരു കൂട്ടം ബിസിനസുകാര്‍ ചേര്‍ന്നാണ് ജില്ലയില്‍ മൂന്നക്ക ലോട്ടറിയെ നിയന്ത്രിക്കുന്നതെന്നും പറയപ്പെടുന്നു. ഇതുകാരണം ലക്ഷ കണക്കിന് രൂപയാണ് ദിവസേന സര്‍ക്കാറിന് നഷ്ടമാകുന്നത്.