കരാര്‍ എല്ലാ ഇ യു രാജ്യങ്ങളും അംഗീകരിക്കണം: യൂ. കമ്മീഷന്‍

Posted on: September 10, 2015 12:01 am | Last updated: September 10, 2015 at 12:01 am

refugeesസ്ട്രാസ്ബര്‍ഗ്: 1,60,000ത്തിലധികം അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്ന കരാര്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാന്‍ ക്ലൗഡ് ജംഗര്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ യൂറോപ്യന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടാം ലോക മഹായുദ്ധം മുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന അഭയാര്‍ഥി പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള പുതിയ നിര്‍ദേശങ്ങളും അദ്ദേഹം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. നിലവില്‍ ജര്‍മനി വന്‍തോതില്‍ അഭയാര്‍ഥികളെ സ്വീകരിച്ചുകഴിഞ്ഞു. ഫ്രാന്‍സും അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ നിര്‍ദേശം മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കാനാണ് സാധ്യത. ഹംഗറി അഭയാര്‍ഥി വിഷയത്തില്‍ നേരത്തെ തന്നെ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീസ്, ഇറ്റലി, ഹംഗറി രാജ്യങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ ക്യാമ്പ് ചെയ്യുന്നതെന്നും ഈ പ്രശ്‌നം ചില രാജ്യങ്ങള്‍ മാത്രം ചേര്‍ന്ന് പരിഹരിക്കാവുന്നതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂനിയന്‍ ഉറച്ച തീരുമാനങ്ങളെടുക്കേണ്ട സമയമാണിത്. സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നും ഉള്‍പ്പെടെ അഞ്ച് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ഈ വര്‍ഷം യൂറോപ്പില്‍ എത്തിക്കഴിഞ്ഞു. 1,20,000 പേരെ കൂടി യൂറോപ് അഭയാര്‍ഥികളായി ഏറ്റെടുക്കണം. ഇത് മനുഷ്യത്വത്തിന്റെയും അന്തസ്സിന്റെയും വിഷയമാണ്. ഇസിലിനെതിരെയാണ് നാം പോരാടിക്കൊണ്ടിരിക്കുന്നത്. അവരില്‍ നിന്ന് അഭയം തേടിയെത്തുന്നവരെ എന്തുകൊണ്ട് നമുക്ക് സ്വീകരിച്ചുകൂടാ? അഭയാര്‍ഥി വിഷയം കൃത്യമായി കൈകാര്യം ചെയ്യേണ്ട സമയം ആയിരിക്കുന്നു. അവര്‍ക്ക് വേണ്ടി നടപടികള്‍ അനിവാര്യമാണെന്നും പാര്‍ലിമെന്റില്‍ അദ്ദേഹം വ്യക്തമാക്കി.
മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളനുസരിച്ച്, അഭയാര്‍ഥികളെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ സാമ്പത്തികമായി വന്‍ പിഴ നല്‍കേണ്ടിവരും. ഈ ആശയത്തെ ജര്‍മനി പിന്തുണച്ചു. മൊത്തം എട്ട് ലക്ഷം അഭയാര്‍ഥികളെങ്കിലും ജര്‍മനിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനും ഈ ആശയത്തോട് പിന്തുണപ്രഖ്യാപിക്കുന്നു. എന്നാല്‍ ഹംഗറി കടുത്ത നിലപാടിലാണ് ഇപ്പോഴും. തങ്ങളുടെ അതിര്‍ത്തികളില്‍ നിന്ന് അഭയാര്‍ഥികളെ അകറ്റാന്‍ വേണ്ടി മതില്‍ നിര്‍മിക്കുന്ന ഹംഗറിയുടെ നടപടി ലോകവ്യാപകമായ വിമര്‍ശം വിളിച്ചുവരുത്തിയിരിക്കുകയാണ്. ചെക് റിപ്പബ്ലിക്, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നീ രാജ്യങ്ങള്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുന്നത് നിര്‍ബന്ധിപ്പിക്കുന്ന രീതിയെ എതിര്‍ത്ത് രംഗത്തുണ്ട്. അഭയാര്‍ഥി വിഷയത്തില്‍ നേരത്തെയുള്ള ഇ യു നിലപാടുകള്‍ മതിയെന്നാണ് ചെക് റിപ്ലബ്ലിക്കിന്റെ നിലപാട്. 32,000 അഭയാര്‍ഥികളെ ഏറ്റെടുക്കുക എന്നതായിരുന്നു ഇ യുവിന്റെ നേരത്തെയുള്ള നിലപാട്.