Connect with us

Kerala

സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി

Published

|

Last Updated

കൊച്ചി: ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ആത്മഹത്യനിരക്കുയര്‍ന്ന ലോകത്തെ പത്ത് പ്രദേശങ്ങളിലൊന്നാണ് കേരളം. ആത്മഹത്യാനിരക്ക് കുറക്കുന്നതിനുള്ള ബോധവല്‍ക്കരണത്തിനായി ലോകം മുഴുവന്‍ ഇന്ന് ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുമ്പോഴും ഓരോ മണിക്കൂറിലും ഒരാള്‍ വീതം സ്വയം ജീവനൊടുക്കിക്കൊണ്ടിരിക്കുകയാണിവിടെ. പ്രതിദിനം 23-24 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ വിപത്തായി ആത്മഹത്യ പെരുകുമ്പോഴും ഇതിനെതിരെ ബോധവല്‍ക്കരണത്തിനു പോലും തയ്യാറല്ല ഇന്നും നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെന്നുള്ളതാണ് വസ്തുത.
ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണിപ്പോള്‍ സംസ്ഥാനത്തെ ആത്മഹത്യാനിരക്ക്. ഒരുലക്ഷം ജനസംഖ്യയില്‍ 10.6 പേര്‍ അത്മഹത്യ ചെയ്യുന്നതായാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ 23.9 ആണ് ശരാശരി ആത്മഹത്യാ നിരക്ക്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 ല്‍ 1.31 ലക്ഷം ആളുകളാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ 8446 ആത്മഹത്യകളും കേരളത്തിലാണ്.പുതുച്ചേരിയാണ് ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം. 40.4 ആണ് ഇവിടുത്തെ ശരാശരി ആത്മഹത്യാ നിരക്ക്. സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്,തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നില്‍ നില്‍ക്കുന്നത്.
പുരുഷന്‍മാരാണ് ആത്മഹത്യയില്‍ മുന്നില്‍. 89129 പുരുഷന്‍മാരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജീവനൊടുക്കിയത്. 42521 സ്ത്രീകളും. മൂന്നാം ലിംഗക്കാരായ 16പേരും. പാപ്പരത്വം, രോഗം, സ്ത്രീധനം, വിവാഹജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കാനുള്ള കാരണങ്ങള്‍. കടബാധ്യത മൂലം കഴിഞ്ഞ വര്‍ഷം കര്‍ഷകരുള്‍പ്പെടെ 2098 പുരുഷന്‍മാരും 210 സ്ത്രീകളും ആത്മഹത്യചെയ്തു. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം 2362 പുരുഷന്‍മാരും 4411 സ്ത്രീകളും ആത്മഹത്യ ചെയ്തു. സ്ത്രീധനപ്രശ്‌നങ്ങള്‍ മൂലം 2222 സ്ത്രീകളും 39 പുരുഷന്‍മാരും ആത്മഹത്യ ചെയ്തു. വിവാഹേതര ബന്ധങ്ങളുടെ പേരില്‍ 606 സ്ത്രീകളും 490 പുരുഷന്‍മാരും രാജ്യത്ത് കഴിഞ്ഞ വര്‍ഷം ആത്മഹത്യചെയ്തപ്പോള്‍ പരീക്ഷയില്‍ തോറ്റതിന് 2403 വിദ്യാര്‍ഥികളും ജീവന്‍ വെടിഞ്ഞു.
പനിയും മറ്റ് പകര്‍ച്ചാവ്യാധികളും പിടിപെട്ട് സംസ്ഥാനത്ത് ഒരു ദിവസം മൂന്നില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് മരിച്ചാല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാറുള്ള ഭരണകൂടവും ഉദ്യോഗസ്ഥരുമെല്ലാം പ്രതിദിനം 14 പേര്‍ ആത്മഹത്യചെയ്യുന്നുണ്ടെന്നുള്ളത് വിസ്മരിക്കുകയാണ്. ക്രൈം സ്റ്റോപ്പര്‍ മാതൃകയില്‍ മറ്റു പലരാജ്യങ്ങളിലും ആത്മഹത്യ ചെയ്യുന്നത് തടയാനും ആത്മഹത്യാ പ്രേരണ ഇല്ലാതാക്കാനും മറ്റു പല രാജ്യങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും രാജ്യത്ത് ഇത്തരമൊരു നയം ഇനിയും രൂപപ്പെട്ടിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആത്മഹത്യാ പ്രതിരോധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലുള്ള ഏതാനും സന്നദ്ദസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. സംസ്ഥാനത്ത് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി, എറണാംകുളം ജില്ലയില്‍ തന്നെ പറവൂരിലുള്ള പ്രതീക്ഷ,തിരുവനന്തപുരത്തുള്ള സഞ്ജീവനി,കോഴിക്കോടുള്ള തണല്‍ തുടങ്ങിയ സംഘടനകളാണ് ഇപ്പോള്‍ ആത്മഹത്യാപ്രവണത തടയാന്‍ പ്രവര്‍ത്തിക്കുന്നത്. മാനസിക പ്രശ്‌നങ്ങള്‍ എന്നതിലുപരി പെട്ടെന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളാണ് ആത്മഹത്യയിലേക്കെത്തിക്കുന്നതെന്നതിനാല്‍ ഇവരുടെ വിഷമങ്ങള്‍ ചോദിച്ചറിയുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും മരണം പ്രതിവിധിയല്ലെന്ന് ബോധവല്‍ക്കരിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
ക്രൈം സ്റ്റോപ്പര്‍ മാതൃകയില്‍ 24 മണിക്കൂറും സേവനം ലഭിക്കുന്ന ടോള്‍ ഫ്രീ നമ്പറുകള്‍ ഏര്‍പ്പെടുത്തി ഇത്തരം സ്ഥാപനങ്ങളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഒരു സ്ഥിരം സംവിധാനവും പ്രചാരണവും ബോധവല്‍ക്കരണവും കൊണ്ട് വന്നാല്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Latest