ജൈവ പച്ചക്കറിയില്‍ വിജയ ഗാഥയുമായി ഹരിദാസ്

Posted on: September 9, 2015 9:50 am | Last updated: September 9, 2015 at 9:50 am

കാളികാവ്: നെല്‍കൃഷിക്ക് പുറമെ ജൈവ പച്ചക്കറി കൃഷിയിലും ഹരിദാസന്റെ വിജയഗാഥ തുടരുകയാണ്. പൂങ്ങോട് കാവുങ്ങലിലെ കോതപ്പുറത്ത് ഹരിദാസന്‍ തന്റെ കൈവശമുള്ള ഒരിഞ്ച് ഭൂമി പോലും വെറുതെയിടുന്നില്ല. എട്ട് ഏക്കറിലാണ് ഇപ്പോള്‍ ഹരിദാസന്‍ കൃഷി നടത്തുന്നത്. മെക്കാനിക്കായിരുന്ന ഹരിദാസന്‍ അഞ്ച് വര്‍ഷമായി വിവിധ കൃഷികള്‍ നടത്തി വരികയാണ്.
കൃഷി വന്‍ ലാഭമുള്ള പണിയാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ആധുനിക കൃഷി രീതികള്‍ ഉപയോഗിച്ച് ജൈവ പച്ചക്കറി കൃഷി നടത്തി ഓണം ഇപ്രാവശ്യം കെങ്കേമമായി തന്നെ നടത്തിയതിന്റെ സന്തോഷത്തിലാണ് ഈ യുവ കര്‍ഷകന്‍. കൈപ്പ മുതല്‍ ഇഞ്ചിവരേയുള്ള എല്ലാ തരം പച്ചക്കറികളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.
വീടിന്റെ ടെറസില്‍ ലഭ്യമായ എല്ലാ സ്ഥലത്തും തക്കാളിയും കൃഷി നടത്തുന്നു. ഡ്രിപ്പ് ഇറിഗേഷനും കൂടാതെ ജൈവ വളവും മാത്രമാണ് കൃഷിയുടെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നത്. വീടിനോട് ചേര്‍ന്ന് പോളി ഹൗസും നിര്‍മിച്ചിട്ടുണ്ട്. കൃഷിയിടത്തെ കാട്ടുപന്നിയുടെ അക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ സോളാര്‍ വേലിയും സ്ഥാപിച്ചിട്ടുണ്ട്. ഫിറമോണ്‍ കെണി ഉപയോഗിക്കുന്നതിനാല്‍ കീടങ്ങളുടെ അക്രമണവും കുറവാണെന്ന് ഹരിദാസന്‍ പറയുന്നു.
കാളികാവ് കൃഷി ഓഫീസര്‍ മുരളീധരന്‍ ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശങ്ങളും സഹായങ്ങളും ഈ കര്‍ഷകന് ലഭിക്കുന്നുണ്ട്. കാളികാവ് പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ഇദ്ദേഹത്തെ പൊന്നാടയണിഞ്ഞ് ആദരിക്കുകയും കാശ് അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ പി അനില്‍കുമാറാണ് അവാര്‍ഡ് നല്‍കിയത്.
സമീപത്തെ വിദ്യാലയങ്ങളിലേക്കും അങ്ങാടികളിലെ മൊത്തക്കച്ചവടക്കാര്‍ക്കുമാണ് ഹരിദാസന്‍ പച്ചക്കറി വില്‍പനക്ക് നല്‍കുന്നത്. സമീപവാസികളും പച്ചക്കറി ഇദ്ദേഹത്തില്‍ നിന്നാണ് വാങ്ങുന്നത്. ഭാര്യയും മൂന്ന് പെണ്‍മക്കളും ഹരിദാസന്റെ കൃഷിപ്പണിക്ക് കൂടെ സഹായത്തിനായി എത്താറുണ്ട്. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന കൃഷിപ്പണിയിലെ അധ്വാനം തന്നെയാണ് ഹരിദാസന്റെ വിജയ രഹസ്യം.
പാട്ടത്തിന് സ്ഥലമെടുത്താണ് ഹരിദാസന്‍ നെല്‍കൃഷി നടത്തുന്നത്. കൃഷി നടത്തി സ്വന്തമായി ലക്ഷങ്ങള്‍ ചിലവിട്ട് വലിയൊരു വീടും ഹരിദാസന്‍ നിര്‍മിച്ചിട്ടുണ്ട്.