കത്തോലിക്ക സഭയില്‍ വിവാഹമോചനം എളുപ്പമാകും; വിപ്ലവകരമായ നിര്‍ദേശവുമായി മാര്‍പ്പാപ്പ

Posted on: September 8, 2015 8:07 pm | Last updated: September 9, 2015 at 12:08 am

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വിവാഹമോചനം എളുപ്പമാക്കുന്നതിനുള്ള വിപ്ലവകരമായ നിര്‍ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കാലതാമസം ഒഴിവാക്കി വിവാഹം റദ്ദാക്കുന്നതിനുള്ള അന്തിമ തീരുമാനം അതാത് അതിരൂപതകള്‍ക്ക് കൈക്കൊള്ളാം എന്നാണ് മാര്‍പാപ്പ നല്‍കിയിരിക്കുന്ന നിര്‍ദേശത്തിന്റെ അന്തഃസ്സത്ത. വിവാഹം റദ്ദാക്കാന്‍ രണ്ട് ചര്‍ച്ച് ട്രൈബ്യൂണലുകളുടെ അനുമതിയും സങ്കീര്‍ണമായ നടപടിക്രമങ്ങളും അനിവാര്യമായ നിലവിലെ ചട്ടങ്ങളാണ് പോപ്പിന്റെ ഉത്തരവിലൂടെ അടിമുടി ലഘൂകരിക്കപ്പെടുന്നത്. വിവാഹ മോചന അപേക്ഷകളില്‍ ഇനി ബിഷപ്പിന് തീരുമാനമെടുക്കാം. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വത്തിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്ന പുരുഷനോ സ്ത്രീക്കോ അവസരമുണ്ടായിരിക്കും. ഇത് അത്യപൂര്‍വമായിരിക്കും.
നിലവില്‍ കത്തോലിക്കാ സഭയില്‍ വിവാഹിതരായ ആളുകള്‍ പരസ്പര സമ്മതത്തോടെയാണെങ്കില്‍ പോലും വിവാഹം റദ്ദാക്കുന്നതിന് സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട്. രൂപതയുടെ കീഴിലുള്ള പള്ളിക്കച്ചേരികള്‍ വിവാഹം റദ്ദാക്കാനുള്ള അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ച ശേഷം അത് അതിരൂപതയുടെ കീഴിലുള്ള അതിരൂപതാ കച്ചേരിക്ക് കൈമാറും. ഇവിടെനിന്ന് തീര്‍പ്പ് കല്‍പ്പിച്ചശേഷം അപ്പീലുണ്ടെങ്കില്‍ സഭാകോടതി എന്ന് അറിയപ്പെടുന്ന മൗണ്ട് തോമസിലെ കോടതിക്ക് അയക്കും. പിന്നെയും അപ്പീല്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവിടെനിന്നും വത്തിക്കാനിലെത്തിയശേഷമാണ് ഒരു വിവാഹമോചന അപേക്ഷയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഇവ തന്നെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്തവുമായിരിക്കും. ഇത്രയും സങ്കീര്‍ണവും കാലതാമസവും എടുക്കുന്ന നടപടി ക്രമങ്ങള്‍ ഒഴിവാക്കി അതിരൂപതക്ക് കീഴില്‍ തന്നെ വിവാഹം റദ്ദാക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതാണ് പുതിയ നിര്‍ദേശം. വിവാഹ മോചനം നടത്തുന്നതിന് സാമ്പത്തിക ചെലവ് വരാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. സഭയിലും ദൈവത്തിലും തീക്ഷ്ണമായ വിശ്വാസമില്ലാത്ത ആളുകളായിരിക്കാം വിവാഹമോചനം പോലുള്ളവയിലേക്ക് നീങ്ങുന്നതെന്നും ഇത്തരക്കാരുടെ ബന്ധം ദീര്‍ഘകാലം ഇരുട്ടിലും സംശയത്തിലും കഴിയുന്നത് ഒഴിവാക്കുകയാണ് പുതിയ നിര്‍ദേശത്തിന്റെ ലക്ഷ്യമെന്നും പോപ്പ് പറഞ്ഞു.
കാനോന്‍ നിയമങ്ങളില്‍ ഒരു വര്‍ഷം നീണ്ട വിദഗ്ധ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് പോപ്പ്, ബിഷപ്പുമാര്‍ക്ക് കത്തെഴുതിയിരിക്കുന്നത്. ഈ കാര്യങ്ങള്‍ പഠിക്കാനും കാനോന്‍ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാനും മാര്‍പ്പാപ്പ കഴിഞ്ഞ വര്‍ഷം ഒരു വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. ഇവരുടെ ശിപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. വിവാഹം റദ്ദാക്കല്‍ നടപടികളില്‍ 1758നു ശേഷം ഉണ്ടാകുന്ന ഏറ്റവും വിപ്ലവകരമായ ഭേദഗതിയാണ് ഇതെന്ന് വത്തിക്കാന്‍ ഡീന്‍ പിയോ വിറ്റോ പിന്റോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്നത്തെ ബെനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയാണ് അവസാനമായി ഭേദഗതി വരുത്തിയത്.
നിലവില്‍ അതിരൂപതയുടെ കീഴിലുള്ള കച്ചേരിക്ക് തീരുമാനം എടുക്കാന്‍ സാധിക്കുന്നത് സഭ അസാധു എന്ന് വിധിയെഴുതിയിട്ടുള്ള വിവാഹമോചനങ്ങള്‍ക്ക് മാത്രമാണ്. എന്നാല്‍, വത്തിക്കാന്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ അതിരൂപതയുടെ കീഴിലുള്ള കച്ചേരിക്ക് എല്ലാ വിവാഹം റദ്ദാക്കല്‍ അപേക്ഷകളിലും തീരുമാനം കൈക്കൊള്ളാന്‍ സാധിക്കും.
വിവാഹമോചനവുമായി ബന്ധപ്പെട്ട കാലതാമസവും സാമ്പത്തിക ചെലവുകളും ലോകത്താകെയുള്ള വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. വേദപുസ്തക നിലപാടിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചന നടപടികള്‍ സഭ ഇത്രയും ദുഷ്‌കരമാക്കി നിര്‍ത്തിയിരുന്നത്. പുതിയ ഉത്തരവോടെ ഇത്തരം നിഷ്‌കര്‍ഷകളും നിലപാടുകളും അയയുകയാണ്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവാഹ മോചനത്തെയും പുനര്‍ വിവാഹത്തെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പോപ്പ് കൈകൊണ്ടിരിക്കുന്നതെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.