Connect with us

Gulf

ജീവിതങ്ങളുടെ പിന്നാലെ ഒരു ജീവിതം

Published

|

Last Updated

എം ഫിറോസ്ഖാന്‍ ബ്യൂറോ ചീഫ്,  ഗള്‍ഫ് മാധ്യമം, ദുബൈ

എം ഫിറോസ്ഖാന്‍
ബ്യൂറോ ചീഫ്,
ഗള്‍ഫ് മാധ്യമം, ദുബൈ

രണ്ടു പതിറ്റാണ്ട് മുമ്പാണ്. കൊച്ചി കാക്കനാട്ടെ കേരള പ്രസ് അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്പോമ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ അന്ന് കോഴ്‌സ് ഡയറക്ടറായിരുന്ന മാതൃഭൂമി മുന്‍ എഡിറ്റര്‍ വി പി രാമചന്ദ്രന്‍ സാര്‍ നല്‍കിയ ഉപദേശം ഇതായിരുന്നു “വലിയ പത്രത്തില്‍ ജോലികിട്ടുന്നതും കാത്തുനില്‍ക്കരുത്. തുടക്കത്തില്‍ ചെറിയ പത്രങ്ങളാണ് നല്ലത്. അതുകൊണ്ട് നാട്ടില്‍ ചെന്നാല്‍ എല്ലാ പത്രമോഫീസിലും കയറി ബയോഡാറ്റ നല്‍കുക. എവിടെ നിന്നു വിളിച്ചാലും പോവുക. പിന്നെ നിങ്ങളുടെ കഴിവുപോലെ മുന്നോട്ടുപോവുക”.
കോഴിക്കോട്ടത്തെിയ ഉടന്‍ അദ്ദേഹം പറഞ്ഞപോലെ തന്നെ ചെയ്തു. അന്നത്തെ സ്വന്തം ചക്രപേടകമായ റാലി സൈക്കിളില്‍ നഗരം ചുറ്റി. ജനയുഗം, കാലിക്കറ്റ് ടൈംസ്, പ്രദീപം തുടങ്ങിയ പത്രങ്ങളുടെ ഓഫീസിലത്തെി ബയോഡാറ്റ നല്‍കി. വലിയ പത്രങ്ങളില്‍ അങ്ങനെ കയറിച്ചെന്ന് കൊടുക്കാനാകില്ല. അവര്‍ അപേക്ഷ ക്ഷണിക്കുമ്പോഴേ നല്‍കാനാവൂ. അപേക്ഷിച്ച ചില പത്രങ്ങള്‍ അപ്പഴേ മറുപടി നല്‍കി. തട്ടിയും മുട്ടിയുമാണ് പോകുന്നത്. ഒരാളെ കൂടി നിയമിക്കാന്‍ പാങ്ങില്ലെന്ന്.
മാധ്യമത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഫീച്ചര്‍ സ്വന്തം പേരില്‍ അച്ചടിച്ചു വന്നിരുന്നു. സിറാജിനും നല്‍കിയിരുന്നു ഫീച്ചറുകള്‍. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സിറാജില്‍ നിന്ന് ജോലിയില്‍ ചേരാന്‍ വിളി വന്നു. കോഴിക്കോട് കിഴക്കെ നടക്കാവ് ഓഫീസിലെ ന്യുസ് ഡെസ്‌കില്‍ വാര്‍ത്താ ഏജന്‍സികളുടെ കോപ്പി വിവര്‍ത്തനമായിരുന്നു പ്രധാന പണി. പ്രഫ. കുഞ്ഞബ്ദുല്ല കടമേരിയായിരുന്നു അന്ന് എഡിറ്റര്‍. ന്യൂസ് എഡിറ്റര്‍ ആര്‍. സി എന്ന പേരില്‍ അറിയപ്പെടുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊടാപ്പള്ളി. സുഖകരമായ അന്തരീക്ഷം. ടെറസില്‍ നിന്നുള്ള ചൂട് മാത്രമായിരുന്നു പ്രയാസമുണ്ടാക്കിയത്. സിറാജില്‍ ഒരു മാസം മാത്രമാണ് ജോലി ചെയ്തത്. അതിനിടയില്‍ മാധ്യമത്തില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടന്നു. അവിടെ ചേരുകയും ചെയ്തു.
പത്ര പ്രവര്‍ത്തന മേഖലയില്‍ രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ തട്ടകം ഗള്‍ഫിലേക്ക് മാറിയത് യാദൃച്ഛികമാണെന്ന് പറയാനാവില്ല. 2011ല്‍ ഡച്ച് സര്‍ക്കാരിന്റെ ഫെലോഷിപ്പോടെ ലോക പ്രശസ്ത മാധ്യമ പഠന കേന്ദ്രമായ റേഡിയോ നെതര്‍ലാന്റ്‌സ് ട്രെയിനിങ് സെന്ററില്‍ ഹ്രസ്വകാല കോഴ്‌സ് ചെയ്യാന്‍ ലഭിച്ച ഭാഗ്യമാണ് ആത്യന്തികമായി എന്നെ ദുബൈയിലത്തെിച്ചതെന്ന് പറയാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ഡസന്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പമുള്ള ആംസ്റ്റര്‍ഡാമിലെ രണ്ടു മാസത്തെ ജീവിതം എന്റെ ലോക വീക്ഷണത്തെ തന്നെ മാറ്റി മറിച്ചു. കേരളമെന്ന പൊട്ടക്കിണറ്റില്‍ കഴിച്ചുകൂട്ടാനുള്ളതല്ല അവശേഷിക്കുന്ന ജീവിതമെന്നും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കരുതെന്നും അന്ന് തീരുമാനിച്ചുറപ്പിച്ചതാണ്.
അതെന്റെ രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയായിരുന്നു. ആദ്യ പറക്കല്‍ ഭൂരിഭാഗം മലയാളികളെയും പോലെ ഗള്‍ഫിലേക്കായിരുന്നു. 2006ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് മാധ്യമത്തിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാനാണ് മരുഭൂമിയില്‍ ആദ്യം കാലുകുത്തിയത്. ലോകത്തിന്റെ പരപ്പും പുളപ്പും വിവിധ സംസ്‌കാരങ്ങളും ഭാഷകളുമെല്ലാം ദോഹയും ആംസ്റ്റര്‍ഡാമും മനസ്സിലാക്കിത്തന്നു. ഏതു രാജ്യക്കാരായാലും വര്‍ണമതവംശ വ്യത്യാസമില്ലാതെ ലോകമെങ്ങും മാനുഷിക വികാരങ്ങളും മാനസിക അവസ്ഥകളും ഒന്നാണെന്ന് ബോധ്യമായി. അവര്‍ക്കിടയില്‍ കഴിയുന്നത് പുതിയ പുതിയ പാഠങ്ങളും അനുഭവങ്ങളും ജീവിതത്തിന് പുതിയ ഉള്‍ക്കാഴ്ചകളും പകര്‍ന്നു തരുമെന്ന് നേരിലറിഞ്ഞു. ഏഷ്യാനെറ്റ് ടി. വിയിലെ “സഞ്ചാരം” ആ മോഹത്തെ ഒന്നുകൂടി വളര്‍ത്തി. സഞ്ചാരം സൈറ്റില്‍ കയറി പല രാജ്യങ്ങളിലും സന്തോഷ് ജോര്‍ജ് കുളങ്ങരക്കൊപ്പം യാത്രചെയ്തു.
നാട്ടിലെ ജോലിയിലെ മടുപ്പും സ്വന്തം വീടെന്ന മോഹവും ഗള്‍ഫ് മാധ്യമം തുറന്നിട്ട അവസരവും ഒരുമിച്ചപ്പോള്‍ ദുബൈയില്‍ ചുരുങ്ങിയത് മുന്നുവര്‍ഷം കഴിയാനുള്ള നിയോഗമായി. ദോഹയില്‍ കൊടുംതണുപ്പിലേക്കാണ് പറന്നിറങ്ങിയതെങ്കില്‍ 2003 ജുലൈയിലെ കൊടും ചൂടിലാണ് ദുബൈയില്‍ കാലുകുത്തിയത്. ലോക നഗരമായ ദുബൈയുടെ വര്‍ണ, വൈവിധ്യ പൊലിമ പകര്‍ന്ന ആവേശത്തേക്കാളൂം പ്രതീക്ഷകളേക്കാളും പ്രവാസ ലോകത്തെ മലയാളി ജീവിതങ്ങളെ അടുത്തറിയാനുള്ള അവസരമാണിതെന്ന് ആദ്യമേ മനസ്സിലുറപ്പിച്ചു. പത്രപ്രവര്‍ത്തകനെന്ന ലേബല്‍ തീര്‍ച്ചയായും ആ ലക്ഷ്യത്തിലേക്ക് വഴി എളുപ്പമാക്കി. ലേബര്‍ ക്യാമ്പുകളും പഞ്ച നക്ഷത്ര ഹോട്ടലുകളും മാറി മാറി മുന്നില്‍ പുതിയ കാന്‍വാസുകളൊരുക്കി. സെലിബ്രിറ്റികളോട് കുശലം പറഞ്ഞും സെല്‍ഫിയെടുത്തും ഓഫീസിലത്തെുമ്പോള്‍ കാത്തിരിക്കുന്നത് തൊഴില്‍ തട്ടിപ്പിനിരയായ, ക്രെഡിറ്റ് കാര്‍ഡ് കെണിയില്‍ കുടുങ്ങിയ പാവം മലയാളിയുടെ തേങ്ങല്‍.
പത്രപ്രവര്‍ത്തകന്റെ ജോലിയുടെ പ്രത്യേകത തന്നെ ഇതാണ്. വൈവിധ്യവും പുതുമയും തേടി സഞ്ചരിച്ചാല്‍ ഒരിക്കലും ബോറടിക്കാതെ മുന്നോട്ടുനീങ്ങാം. ഓരോ മണിക്കൂറിലും മാറിമാറി വരുന്ന സംഭവങ്ങളുടെ പിന്നാലെയുള്ള യാത്ര. ഒരേ സമയം വാര്‍ത്താ ദൂതനും സാമുഹിക പ്രവര്‍ത്തകനും ജനപ്രതിനിധിയും സത്യത്തിന്റെയും നീതിയുടെയും കാവലാളും ജീവകാരുണ്യ പ്രവര്‍ത്തകനും ചോദ്യകര്‍ത്താവുമെല്ലാമാകുന്ന അസാധാരണ ജോലി. യു. എ. ഇയിലെ പത്രപ്രവര്‍ത്തനത്തില്‍ ഈ വിശാല റോളുകള്‍ക്ക് പരിമിതിയുണ്ടെങ്കിലും ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി ആദ്യം ഉറ്റുനോക്കുന്നത് മാധ്യമ സമൂഹത്തെയാണ് എന്നത് അംഗീകാരത്തിനപ്പുറും ഉത്തരവാദിത്തത്തെയാണ് ഓര്‍മിപ്പിക്കുന്നത്. ദുബൈയിലെ സമ്പുഷ്്ടമായ മലയാള മാധ്യമ സാന്നിധ്യം പ്രവാസി ജീവിതത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഘടകം തന്നെയാണിന്ന്.

Latest